മാനാഞ്ചിറ സ്‌ക്വയർ യാഥാർഥ്യമായിട്ട് കാൽനൂറ്റാണ്ട്


കോഴിക്കോട്:നഗരത്തിന്റെ നടുമുറ്റമായ മാനാഞ്ചിറ സ്ക്വയർ യാഥാർഥ്യമായിട്ട് കാൽനൂറ്റാണ്ട് തികയുന്നു. 1994 നവംബർ ഒമ്പതിന് അന്നത്തെ മുഖ്യമന്ത്രി കെ. കരുണാകരനാണ് ഉത്സവാന്തരീക്ഷത്തിൽ മാനാഞ്ചിറ മൈതാനം ജനങ്ങൾക്കായി തുറന്നുകൊടുത്തത്.കളക്ടറായിരുന്ന അമിതാഭ് കാന്തിന്റെ ദൃഢനിശ്ചയമാണ് മാനാഞ്ചിറ സ്ക്വയർ യാഥാർഥ്യമാക്കിയത്. കളക്ടർ അമിതാഭ് കാന്ത് രൂപവത്കരിച്ച മാനാഞ്ചിറ സ്ക്വയർ ടാസ്ക്ഫോഴ്സ് പ്രവർത്തനം തുടങ്ങിയതോടെ നഗരത്തിന്റെ മുഖച്ഛായ മാറ്റുന്നതിനുള്ള വലിയ മുന്നേറ്റത്തിന് വേഗംകൂടി.

1994 നവംബർ ഒമ്പതിന് അന്നത്തെ മുഖ്യമന്ത്രി കെ കരുണാകരൻ മാനാഞ്ചിറ സ്ക്വയർ ഉദ്ഘാടനം ചെയ്യുന്നു


ധനമന്ത്രിയായിരുന്ന ഉമ്മൻചാണ്ടി ബജറ്റിൽ അരക്കോടിരൂപ ഉൾക്കൊള്ളിച്ചതോടെ സർക്കാരിന്റെ അംഗീകാരവും പദ്ധതിക്ക് ഉറപ്പായി. കളക്ടർക്ക് നഗരഭരണച്ചുമതലകൂടി ലഭിച്ചതോടെ പദ്ധതി അതിവേഗം യാഥാർഥ്യമായി.ശക്തമായ എതിർപ്പുകളെ അതിജീവിച്ചാണ് മാനാഞ്ചിറ സ്ക്വയർ എന്ന സ്വപ്നം നിലവിൽവന്നത്. അന്നുതൊട്ടിന്നോളം കോഴിക്കോടിന്റെ അടയാളമായി മാനാഞ്ചിറ വിളങ്ങുന്നു. അവിടെ സായാഹ്നങ്ങൾ ചെലവഴിക്കാനെത്തുന്നവർക്ക് സ്വച്ഛമായ അന്തരീക്ഷവും ആനന്ദവും നൽകുന്നു. പിന്നീടുള്ള വികസനവഴികളിൽ പലപല മാറ്റങ്ങളുണ്ടായെങ്കിലും കാൽനൂറ്റാണ്ടിനുമുമ്പ് ജനഹിതംമാത്രം മാനിച്ച് മുന്നോട്ടുപോയ ശില്പികൾ ഇട്ട അടിസ്ഥാനംതന്നെ മാനാഞ്ചിറ സ്ക്വയറിന്റെ തലയെടുപ്പിന് പ്രധാനകാരണം.

Post a Comment

0 Comments