ഐലീഗിൻ നാളെ തുടക്കം; ഗോകുലത്തിന്റെ ആദ്യമത്സരം നാളെ കോർപ്പറേഷൻ സ്റ്റേഡിയത്തിൽ നെരോക്ക എഫ്.സിയുമായി


കോഴിക്കോട്: ഐലീഗ് ഫുട്ബോളിൽ കിരീടം ചൂടുന്ന ആദ്യ കേരളാ ടീമെന്ന നേട്ടത്തിനായി കളത്തിലിറങ്ങുകയാണ് ഗോകുലം കേരള എഫ്.സി. മൂന്നാം സീസണിൽ ടീം അടിമുടി മാറിക്കഴിഞ്ഞു. സ്വന്തം തട്ടകമായ കോഴിക്കോട് കോർപ്പറേഷൻ സ്റ്റേഡിയത്തിൽ ശനിയാഴ്ച നടക്കുന്ന ആദ്യ മത്സരത്തിൽ മണിപ്പൂർ ടീം നെരോക്ക എഫ്.സി.യെയാണ് ഗോകുലം നേരിടുന്നത്.

ലോകത്തെ ഏറ്റവും പഴക്കംചെന്ന ടൂർണമെന്റുകളിൽ ഒന്നായ ഡ്യൂറന്റ് കപ്പ് ഇത്തവണ സ്വന്തമാക്കിയാണ് 'മലബാറിയൻസി'ന്റെ പടപ്പുറപ്പാട്. കൊൽക്കത്താ വമ്പൻമാരായ ഈസ്റ്റ് ബംഗാളിനെയും മോഹൻബഗാനെയും കീഴടക്കിയായിരുന്നു ഗോകുലത്തിന്റെ കിരീടധാരണം.



തുടർന്ന് ബംഗ്ലാദേശിൽ നടന്ന ഷെയ്ഖ് കമാൽ ഇന്റർനാഷണൽ ക്ലബ്ബ് കപ്പിലും പ്രമുഖ ടീമുകളെ ഞെട്ടിച്ച് മുന്നേറിയ മലബാറിയൻസ് സെമിയിൽ കടന്നു. നിർഭാഗ്യംകൊണ്ടാണ് സെമിയിൽ ആതിഥേയരായ ചിറ്റഗോങ് അബഹാനിയോട് എക്സ്ട്രാ ടൈമിൽ തോറ്റ് പുറത്തായത്. കോച്ച് ഫെർണാണ്ടോ സാന്റിയാഗൊ വലേരയുടെ തന്ത്രങ്ങളിൽ 'ജയന്റ് കില്ലേഴ്സ്' വിജയിക്കാൻ പഠിച്ചുകഴിഞ്ഞു.

മികച്ച സ്ട്രൈക്കർമാരുടെ സാന്നിധ്യമാണ് ഇത്തവണ ഗോകുലത്തിന് സാധ്യത നൽകുന്നത്. ഗോളടിവീരനായ ട്രിനിഡാഡ് ആൻഡ് ടുബാഗോ ദേശീയതാരം മാർക്കസ് ജോസഫ് ഏത് പ്രതിരോധനിരയെയും ഭേദിക്കാൻ കഴിവുള്ള താരമാണ്. ഡ്യൂറന്റ് കപ്പിൽ രണ്ട് ഹാട്രിക്കുകളടക്കം 11 ഗോളുകളാണ് മാർക്കസ് അടിച്ചുകൂട്ടിയത്. ഉഗാണ്ടയിൽനിന്നുള്ള ഹെൻട്രി കിസെക്ക ടീമിൽ തിരിച്ചെത്തിയതും ടീമിന്റെ പ്രഹരശേഷി വർധിപ്പിച്ചിട്ടുണ്ട്.

ഇന്ത്യയുടെ ഒന്നാം നമ്പർ ലീഗായി ഐ.എസ്.എല്ലിനെ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഐ ലീഗിന്റെ പ്രാധാന്യം നിലനിൽക്കുന്നുണ്ട്. ഐ ലീഗ് ചാമ്പ്യൻമാർക്ക് ഏഷ്യൻ ക്ലബ്ബ് ചാമ്പ്യൻഷിപ്പ് എ.എഫ്.സി.കപ്പിൽ പങ്കെടുക്കാൻ അവസരം ലഭിക്കും. ഐ ലീഗിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്നവരെ ദേശീയ ടീമിലേക്ക് പരിഗണിക്കുമെന്ന ഇന്ത്യൻ കോച്ച് ഇഗോർ സ്റ്റിമിച്ചിന്റെ പ്രസ്താവനയും കളിക്കാർക്ക് ഊർജം പകരുന്നതാണ്. പതിനൊന്ന് ടീമുകളാണ് ഇത്തവണ ഐ ലീഗിൽ മത്സരിക്കുന്നത്. ചെന്നൈ സിറ്റി എഫ്.സി.യാണ് നിലവിലെ ജേതാക്കൾ.



ഹോം ആൻഡ് എവേ രീതിയാലാണ് ലീഗ് നടക്കുക. എല്ലാ ടീമുകളും എതിരാളികൾക്കെതിരേ സ്വന്തം മൈതാനത്തും എതിർടീമിന്റെ തട്ടകത്തിലും കളിക്കണം. ഓരോ ടീമുകൾക്കും മൊത്തം ഇരുപത് മത്സരങ്ങളുണ്ടാവും. ഏറ്റവുമധികം പോയന്റ് നേടുന്ന ടീമുകൾ ജേതാക്കളാവും. അവസാനസ്ഥാനത്തേക്ക് പിന്തള്ളപ്പെടുന്ന ടീം രണ്ടാം ഡിവിഷനിലേക്ക് തരംതാഴ്ത്തപ്പെടും.

സ്ത്രീകൾക്ക് ടിക്കറ്റ് വേണ്ട


ഇത്തവണ സ്ത്രീകൾക്ക് സൗജന്യ പ്രവേശനം അനുവദിച്ചിരിക്കയാണ് ഗോകുലം മാനേജ്മെന്റ്. പരമാവധിപേർ കളികാണാനെത്തി ആവേശം പകരണമെന്നാണ് ടീം ആവശ്യപ്പെടുന്നത്. മത്സരം വൈകീട്ട് ഏഴ് മണിക്കാക്കിയതും കൂടുതൽ കാണികളെ ലക്ഷ്യമിട്ടാണ്. ഡി സ്പോർട്സ് മത്സരങ്ങൾ ലൈവായി കാണിക്കുന്നുണ്ട്.

വി.ഐ.പി.സീസൺ ടിക്കറ്റിന് 750 രൂപയും ഗാലറി സീസൺ ടിക്കറ്റിന് 350 രൂപയുമാണ്. ഗാലറി (50) വി.വി.ഐ.പി.(200) വി.ഐ.പി. (100) എന്നിങ്ങനെയാണ് ദിവസ നിരക്ക്. ടിക്കറ്റുകൾ ശ്രീ ഗോകുലം ചിറ്റ് ഓഫീസുകളിൽ ലഭ്യമാണ്. മത്സരദിവസങ്ങളിൽ സ്റ്റേഡിയത്തിലും ലഭിക്കും.

തലവര മാറ്റാൻ വരേല


രണ്ടാം വരവിലാണ് അർജന്റീനക്കാരായ കോച്ച് ഫെർണാണ്ടൊ വരേല ടീമിനെ മാറ്റിമറിച്ചത്. ആദ്യ സീസണിൽ ടീമിനൊപ്പമുണ്ടായിരുന്ന വരേല ഇംഗ്ലീഷ് വശമില്ലായ്മകാരണം മടങ്ങുകയായിരുന്നു. എന്നാൽ, കളിക്കാരുമായി ആശയവിനിമയത്തിന് ഇംഗ്ലീഷ് പഠിച്ചെടുത്താണ് ബാഴ്സലോണയിൽ താമസിക്കുന്ന വരേല തിരിച്ചെത്തിയത്. ഐ ലീഗിൽ ടീമിന്റെ സാധ്യതകളെക്കുറിച്ച് വരേല സംസാരിക്കുന്നു.

ഐ ലീഗിൽ ടീമിന് സാധ്യത നൽകുന്ന ഘടകങ്ങൾ?


കഴിഞ്ഞ സീസണെ അപേക്ഷിച്ച് ടീം ഏറെ കെട്ടുറപ്പ് കൈവരിച്ചു. ആക്രമണത്തിലും പ്രതിരോധത്തിലും ഒരുപോലെ മികവ് കാട്ടാൻ കഴിയുന്നു. ഡ്യൂറന്റ് കപ്പ് വിജയം ടീമിൽ ആത്മവിശ്വാസം നിറച്ചിട്ടുണ്ട്. പരിശീലനമത്സരങ്ങളിൽ ഐ.എസ്.എൽ.ടീമുകളെ കീഴടക്കാൻ കഴിഞ്ഞു.

ഏത് ശൈലിയാവും ടീം പിന്തുടരുക?


എതിർ ടീമുകളെ വിലയിരുത്തിയാണ് ശൈലി തീരുമാനിക്കുക. ഒരു മത്സരത്തിൽത്തന്നെ സാഹചര്യത്തിനനുസരിച്ച് ശൈലിയിൽ മാറ്റം വരുത്തേണ്ടിവരും. സാങ്കേതികമായി സ്പാനിഷ് ശൈലി മികച്ചതാണ്. ഏതായാലും കാണികളെ ആകർഷിക്കുന്ന കളി കാഴ്ചവെക്കാൻ ശ്രമിക്കും. ആക്രമണ ഫുട്ബോളാണ് ടീം പിന്തുടരുക. എന്നാൽ, പ്രതിരോധം മറന്നുകൊണ്ടുള്ള ആക്രമണം അപകടകരമാണ്.

കോഴിക്കോട്ടെ കാണികൾ?


അർജന്റീനയിലേതുപോലെ കളിയോട് അടങ്ങാത്ത അഭിനിവേശമുള്ളവരാണ് ഇവിടത്തെ കാണികൾ ടീമിന്റെ പ്രകടനത്തിൽ കാണികൾ വലിയ പങ്കുവഹിക്കുന്നുണ്ട്. കോഴിക്കോട് ഞങ്ങളുടെ കളികാണാൻ സ്റ്റേഡിയം നിറയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

പ്രധാന താരങ്ങൾ


മാർക്കസ് ജോസഫ്


ട്രിനിഡാഡ് താരത്തിന്റെ ഗോളടി മികവിലാണ് ഗോകുലത്തിന്റെ കിരീട പ്രതീക്ഷകൾ. ഡ്യൂറന്റ് കപ്പിലെ 11 ഗോൾ പ്രകടനം മാർകസിന്റെ ഫോം വെളിപ്പെടുത്തുന്നു. കഴിഞ്ഞ സീസണിൽ ടീമിനായി ഒമ്പതുകളികളിൽനിന്ന് ഏഴുഗോൾ നേടി. ട്രിനിഡാഡ് ദേശീയടീമിലെ സ്ഥിരക്കാരനാണ്. അന്താരാഷ്ട്ര മത്സരങ്ങളിൽ ആറു ഗോളുകൾ. എതിർ പ്രതിരോധനിരക്കാരെ വേഗംകൊണ്ടും തന്ത്രംകൊണ്ടും മറികടന്ന് ഗോൾ നേടാനുള്ള കഴിവാണ് മാർക്കസിനെ അപകടകാരിയാക്കുന്നത്.

ഹരൂൺ അമിരി


ഈ മാസം നടന്ന ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ഇന്ത്യയെ പിടിച്ചുകെട്ടിയ അഫ്ഗാനിസ്താൻ നിരയിലെ മിഡ്ഫീൽഡറാണ് അമിരി. അഫ്ഗാൻ നായകനുമായിരുന്നു. ദീർഘനാളായി ഇന്ത്യയിൽ കളിക്കുന്ന അമിരി ഡെംപൊ ഗോവ, ഡി.എസ്.കെ. ശിവാജിയൻസ്, മോഹൻ ബഗാൻ, ചെന്നൈ സിറ്റി ടീമുകൾക്കായി ഐ ലീഗിൽ ബൂട്ടണിഞ്ഞിട്ടുണ്ട്. ഐ.എസ്.എല്ലിൽ എഫ്.സി. ഗോവയ്ക്കായും കളിച്ചു. ഡിഫൻസീവ് മിഡ്ഫീൽഡറായ അമിരിക്ക് സെന്റർബാക്ക് സ്ഥാനത്തും തിളങ്ങാനാവും.

എം.എസ്. ജിതിൻ


ഗോകുലം ഏറെ പ്രതീഷയർപ്പിക്കുന്ന യുവതാരമാണ് തൃശ്ശൂർ സ്വദേശിയായ ജിതിൻ. കേരളം 2017-ൽ സന്തോഷ് ട്രോഫി ജേതാക്കളായപ്പോൾ ജിതിനായിരുന്നു ടോപ് സ്കോറർ. കേരളാ ബ്ലാസ്റ്റേഴ്സിന്റെ റിസർവ് ടീമിലും കേരളാ എഫ്.സി.ക്കുവേണ്ടിയും കളിച്ചു. വിങ്ങറായാണ് ജിതിൻ കളിക്കുന്നത്.

മുഹമ്മദ് ഇർഷാദ്


രണ്ട് സീസണുകളിലായി ടീമിനൊപ്പമുള്ള ഇർഷാദ് ലെഫ്റ്റ് ബാക്ക് സ്ഥാനത്താണ് കളിക്കുന്നത്. ടീമിന്റെ ഉപനായകനാണ്. ഷെയ്ഖ് കമാൽകപ്പിൽ മാർകസിന്റെ അഭാവത്തിൽ ടീമിനെ നയിച്ചത് തിരൂർ സ്വദേശിയായ ഇർഷാദായിരുന്നു. ബോക്സ് ടു ബോക്സ് മിഡ്ഫീൽഡറായാണ് തുടങ്ങിയത്. പിന്നീട് പ്രതിരോധനിരയിലേക്ക് മാറുകയായിരുന്നു.

സി.കെ. ഉബൈദ്


ഇന്ത്യൻ ഫുട്ബോളിലെ ഏറ്റവും പരിചയസമ്പന്നനായ ഗോൾ കീപ്പർമാരിലൊരാളാണ് കണ്ണൂർ സ്വദേശിയായ ഉബൈദ്. വിവ കേരളയ്ക്കായി കളി തുടങ്ങിയ താരം പിന്നീട്, എയർ ഇന്ത്യ, ഒ.എൻ.ജി.സി., ഈസ്റ്റ് ബംഗാൾ ടീമുകളുടെയും വലകാത്തു. ഇത്തവണ ഡ്യൂറന്റ് കപ്പ് സെമിയിലെ പെനാൽട്ടി ഷൂട്ടൗട്ടിൽ ഉബൈദിന്റെ മിന്നും രക്ഷപ്പെടുത്തലുകളാണ് ഈസ്റ്റ് ബംഗാളിനെ തോൽപ്പിക്കാൻ ഗോകുലത്തെ സഹായിച്ചത്. ഉബൈദിന്റെ വരവ് ടീമിന്റെ പ്രതിരോധക്കരുത്ത് വർപ്പിക്കുന്നു.

നഥാനിയൽ ഗാർസിയ


ട്രിനിഡാഡ് ആൻഡ് ടുബാഗോയിൽ നിന്നുള്ള അറ്റാക്കിങ് മിഡ്ഫീൽഡർ. ബംഗ്ലാദേശിൽ നടന്ന ഷെയ്ഖ് കമാൽ കപ്പിൽ രണ്ടുകളികളിൽ മാൻ ഓഫ് ദി മാച്ച് നേടി. വിങ്ങറായും ഉപയോഗപ്പെടുത്താൻ കഴിയുന്ന ഗാർസിയയുടെ ഫ്രീകിക്കുകൾ എതിരാളികളുടെ പേടിസ്വപ്നമാണ്.

ഹെൻട്രി കിസെക്ക


ആദ്യ സീസണിൽ യുഗാൻഡൻ താരമായ കിസെക്കയായിരുന്നു ഗോകുലം ആക്രമണത്തിലെ തുറുപ്പുചീട്ട്. കിസെക്കയുടെ ഗോളടിമികവിലാണ് കൊൽക്കത്തയിൽ ഈസ്റ്റ് ബംഗാളിനെയും മോഹൻ ബഗാനെയും ഗോകുലം ഞെട്ടിച്ചത്. ഒമ്പതു മത്സരങ്ങളിൽനിന്ന് ഏഴു ഗോൾ നേടിയിരുന്ന യുഗാൻഡൻ സ്ട്രൈക്കർ കഴിഞ്ഞ സീസണിൽ മോഹൻ ബഗാനായാണ് കളിച്ചത്. ടീമിൽ തിരിച്ചെത്തിയ കിസെക്ക മുന്നേറ്റനിരയിൽ മാർക്കസ് ജോസഫുമായി ചേരുമ്പോൾ ഐ ലീഗിലെ ഏറ്റവും മാരകമായ കൂട്ടുകെട്ടായിമാറും.

Post a Comment

0 Comments