ഒരു മെമു എങ്കിലും ഞങ്ങൾക്ക് തരുമോ.... ?



കോഴിക്കോട്:അനുവദിച്ച മെമു വേണ്ടെന്നു തെക്കൻ കേരളത്തിലെ യാത്രക്കാർ തന്നെ ആവശ്യപ്പെടുമ്പോൾ, ആ ട്രെയിനെങ്കിലും ഞങ്ങൾക്കു തരൂ എന്നു യാചിക്കുകയാണ് യാത്രാദുരിതത്തിൽ വലയുന്ന കോഴിക്കോട്ടുകാർ. എറണാകുളം–ആലപ്പുഴ പാസഞ്ചർ പിൻവലിച്ച് പകരം ഏർപ്പെടുത്തിയ മെമു ഓടിത്തുടങ്ങിയിട്ട് ഒരാഴ്ച പോലുമായിട്ടില്ല; പിൻവലിച്ച് പഴയ പാസഞ്ചർ പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ടു പ്രതിഷേധത്തിലാണ് അവിടെ യാത്രക്കാർ.



14 കോച്ച് ഉണ്ടായിരുന്ന പാസഞ്ചറിനു പകരം 12 കോച്ച് മെമു ആയപ്പോൾ യാത്രാദുരിതം വർധിച്ചതാണു കാരണം. ഒന്നുകിൽ മെമുവിന്റെ കോച്ചുകൾ കൂട്ടുക, അല്ലെങ്കിൽ പാസഞ്ചർ തിരിച്ചുതരണമെന്നാവശ്യപ്പെട്ടു കഴിഞ്ഞ ദിവസങ്ങളിൽ യാത്രക്കാരുടെ നേതൃത്വത്തിൽ പ്രതിഷേധമുണ്ടായി. തെക്കൻ കേരളത്തിനു വേണ്ടാത്ത മെമു മലബാറിന് അനുവദിക്കണമെന്നാണിപ്പോൾ ഇവിടത്തെ യാത്രക്കാരുടെ ആവശ്യം.

കോഴിക്കോട്–ഷൊർണൂർ പാത വൈദ്യുതീകരിച്ചിട്ടു 3 വർഷമായെങ്കിലും പല കാരണങ്ങൾ പറഞ്ഞ് മെമു സർവീസ് വൈകിക്കുന്ന റെയിൽവേ, ദിവസവും രണ്ടുനേരം തിങ്ങിഞെരുങ്ങി യാത്രചെയ്യുന്ന വിദ്യാർഥികളുടെയും ഓഫിസ് ജീവനക്കാരുടെയും ദുരിതത്തിനു നേരെയും കണ്ണടയ്ക്കുന്നു.  കണ്ണൂരിൽനിന്ന് 7.20നു പുറപ്പെട്ട് 9ന് കോഴിക്കോട്ടെത്തുന്ന പരശുറാം എക്സ്പ്രസ് മാത്രമാണു നിലവിൽ പ്രതിദിന യാത്രക്കാർക്ക് ഉപകാരപ്പെടുന്ന ഏക ട്രെയിൻ. മടക്കയാത്രയ്ക്കാകട്ടെ, വൈകിട്ട് 6.40ന് പുറപ്പെടുന്ന നേത്രാവതിയാണു മിക്കവരുടെയും ആശ്രയം. ഓഫിസ് ദിവസങ്ങളിൽ ഈ ട്രെയിനുകളിൽ കാലുകുത്താൻ കഴിയാത്തവിധം തിരക്കുണ്ടാകും. എറണാകുളം–ആലപ്പുഴ യാത്രക്കാരുടെ പ്രതിഷേധത്തെ തുടർന്നു കഴിഞ്ഞ ദിവസം എ.എം.ആരിഫ് എംപി പുതിയ മെമുവിൽ യാത്രചെയ്തു സ്ഥിതി വിലയിരുത്തി.



തിരക്കു ബോധ്യപ്പെട്ടെന്നും കോച്ച് എണ്ണം വർധിപ്പിക്കണമെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.  അതേ സമയം, 12 മെമുവിൽ 2 കോച്ച് മാത്രമായി വർധിപ്പിക്കാനാകില്ലെന്നും ഇനി പറ്റുക 16 കോച്ച് ആണെന്നും റെയിൽവേ അധികൃതർ പറയുന്നു. 16 കോച്ച് മെമു ഓടിക്കാൻ സാങ്കേതിക തടസ്സങ്ങളുള്ളതിനാൽ മെമു ചെന്നൈ ഡിവിഷനു കൈമാറി പഴയ പാസഞ്ചർ പുനഃസ്ഥാപിക്കാനാണു നീക്കം.  മെമു ഓടിക്കാൻ സർവസജ്ജമായിട്ടും മലബാറിലെ യാത്രാദുരിതം പരിഗണിക്കാതെ, കേരളത്തിനനുവദിച്ച ട്രെയിൻ തമിഴ്നാടിനു കൊടുക്കുന്നതെന്തിനാണെന്ന് ഇവിടുത്തെ യാത്രക്കാർ ചോദിക്കുന്നു. സാങ്കേതികമായി പൂർണസജ്ജമായിട്ടും മലബാറിന് മെമു അനുവദിക്കാത്തത് കോച്ച് ലഭ്യമല്ലാത്തതിനാലാണെന്നാണു വിശദീകരണം.  തിരുവനന്തപുരം ഡിവിഷന് വേണ്ടാത്ത മെമു പാലക്കാട് ഡിവിഷനിലെത്തിച്ചാൽ അന്നുമുതൽ ഇവിടെ ഓടിച്ചുതുടങ്ങാം; കാലങ്ങളായുള്ള യാത്രാദുരിതം പരിഹരിക്കാം.


 മെമു എന്താണ് ..?

മെയിൻലൈൻ ഇലക്ട്രിക് മൾട്ടിപ്പിൾ യൂണിറ്റ്
ഹ്രസ്വദൂര യാത്രകൾക്ക് ഉപയോഗിക്കുന്നു
മറ്റു ട്രെയ‍ിനുകളെ അപേക്ഷിച്ച് 35% കൂടുതൽ ഇന്ധനക്ഷമത
പരമാവധി വേഗം മണിക്കൂറിൽ 105 കിലോമീറ്റർ
8 കോച്ചുള്ള റേക്കിൽ 2402 പേർക്കു സുഗമമായി യാത്രചെയ്യാം.
സ്റ്റേഷനുകളിൽ നിർത്തി എടുക്കുമ്പോൾ പെട്ടെന്നു വേഗം കൈവരിക്കുന്നതിനാൽ സമയലാഭം
പാസഞ്ചറിനെക്കാൾ സ്ഥലസൗകര്യം, വലിയ ജനാലകൾ, തെന്നിമാറുന്ന വാതിലുകൾ
സ്റ്റെയിൻലെസ് സ്റ്റീലിൽ നിർമിച്ച കോച്ച്, കുഷ്യൻ സീറ്റുകൾ, ജൈവ ശുചിമുറികൾ
എമർജൻസി സ്റ്റോപ്പ് ബട്ടൺ, എയർ സസ്പെൻഷൻ സംവിധാനം

Post a Comment

0 Comments