കോഴിക്കോട്:ഹൈന്ദവ വിവാഹം കേമമാക്കാൻ നബിദിനാഘോഷ പരിപാടികൾ മാറ്റിവെച്ച് പള്ളി കമ്മിറ്റി. കോഴിക്കോട് പാലേരിയിലെ ഇടിവെട്ടിയിൽ പള്ളിക്കമ്മിറ്റിയാണ് പള്ളിയുടെ തൊട്ടടുത്തുള്ള വീട്ടിലെ വിവാഹ ചടങ്ങുകൾക്ക് തടസ്സമാകാതിരിക്കാൻ നബിദിനാഘോഷം മാറ്റിവെച്ചത്. എല്ലാ വർഷവും കെങ്കേമമായി നടത്താറുള്ള നബി ദിന ആഘോഷം ഒരാഴ്ചത്തേക്ക് മാറ്റി വെച്ചിരിക്കുകയാണ് പേരാമ്പ്ര പാലേരിയിലെ ഇടിവെട്ടിയിൽ പള്ളിക്കമ്മിറ്റി.
പള്ളിക്ക് തൊട്ടടുത്ത് താമസിക്കുന്ന കെളച്ചപറമ്പിൽ നാരായണൻ നമ്പ്യാരുടേയും അനിതയുടേയും മകൾ പ്രത്യൂഷയുടേയും കന്നാട്ടി സ്വദേശി ബിനുരാജിന്‍റേയും വിവാഹ ആഘോഷങ്ങൾക്ക് തടസ്സമാകാതിരിക്കാനാണ് മഹല്ല് കമ്മിറ്റി നബിദിനാഘോഷം മാറ്റിയത്. മകളുടെ വിവാഹ ചടങ്ങുകൾ കേമമാക്കി നടത്താൻ പള്ളിക്കമ്മിറ്റി ഇങ്ങനെ ഒരു തീരുമാനം എടുത്തതിൽ ഏറെ സന്തോഷത്തിലാണ് പ്രത്യുഷയുടെ കുടുംബം.
ബാലകൃഷ്ണൻ നായർ ആവശ്യപ്പെടാതെയായിരുന്നു മഹല്ല് കമ്മിറ്റിയുടെ തീരുമാനം. ആഘോഷ പരിപാടികൾ മാറ്റിവെച്ചന്ന് മാത്രമല്ല വിവാഹ വീട്ടിലേക്ക് വേണ്ട സഹായങ്ങൾ ചെയ്യാനും മഹല്ല് കമ്മിറ്റി അംഗങ്ങൾ എത്തി. അടുത്ത ഞായാറാഴ്ച നബി ദിനം ആഘോഷിക്കാനാണ് ഇവരുടെ തീരുമാനം.
0 Comments