ഒരു പടി കൂടി പിന്നിട്ടാൽ സ്റ്റേജ്


കോഴിക്കോട്:മാനാഞ്ചിറ പോലെ, ടൗൺ ഹാൾ പോലെ, നഗരത്തിന്റെ സാംസ്കാരിക ചരിത്രത്തിന്റെ മുഖമുദ്രയാവാനൊരുങ്ങി കടപ്പുറം. രണ്ട് ഓപ്പൺ സ്റ്റേജുകൾ അടങ്ങിയ സാംസ്കാരിക കേന്ദ്രത്തിന്റെ അവസാന മിനുക്കുപണികളാണ് ഇപ്പോൾ നടന്നുവരുന്നത്. ലൈറ്റ്  ഹൗസിനു സമീപത്ത് പഴയ സ്റ്റേജ് നിന്നിരുന്ന ഭാഗത്താണ് രണ്ട് പുതിയ ഓപ്പൺ സ്റ്റേജുകളും കോൺഫറൻസ് ഹാളും കഫെയുമടങ്ങുന്ന സമുച്ചയം ഉയരുന്നത്.

എ.പ്രദീപ്കുമാർ എംഎൽഎയുടെ നേതൃത്വത്തിൽ എംഎൽഎ ഫണ്ടുപയോഗിച്ച് പണിയുന്ന സമുച്ചയം ഏറെ പ്രത്യേകതകളുള്ള സാംസ്കാരിക കേന്ദ്രമായാണ് മാറുക. കടപ്പുറത്ത് വരുന്നത് വെറുമൊരു ഓപ്പൺ സ്റ്റേജ് അല്ല. സാംസ്കാരിക കൂട്ടായ്മകൾക്കുവേണ്ടി നഗരത്തിൽ വരുന്ന ഏറ്റവും പുതുമയുള്ള സംവിധാനമാണ്. 

ചരിത്രം

സ്വാതന്ത്ര്യ സമര കാലഘട്ടത്തിൽ ഉപ്പു സത്യാഗ്രഹം അടക്കമുള്ള സമരമുറകൾക്ക് സാക്ഷ്യം വഹിച്ചതാണ് കോഴിക്കോട് കടപ്പുറം. എന്നാൽ ഇതുവരെ ആ ചരിത്രനിമിഷങ്ങൾക്ക് ഒരു സ്മാരകം നഗരത്തിലുണ്ടായിരുന്നില്ല. നിർമാണം പൂർത്തിയായി വരുന്ന സാംസ്കാരിക സമുച്ചയം സ്വാതന്ത്ര്യ സമര സ്മാരകമായാണ് അറിയപ്പെടുകയെന്ന് എ.പ്രദീപ്കുമാർ എംഎൽഎ പറഞ്ഞു. 



കടപ്പുറത്തിന് അഭിമുഖമായി രണ്ടു ദിശകളിലേക്കായുള്ള രണ്ട് ഓപ്പൺ സ്റ്റേജുകളാണ് പ്രധാനമായുമുള്ളത്.  തെക്കുദിശയിലേക്കുള്ള സ്റ്റേജാണ് ഇതിൽ വലുത്.  വലിയ പൊതുപരിപാടികൾ‍ക്കും സമ്മേളനങ്ങൾക്കുമുള്ള സ്ഥിരം വേദിയായി ഇതിനെ ഉപയോഗപ്പെടുത്താം. കരിങ്കൽ പാളികളുടെ നിറമുള്ള വേദിയാണ് തെക്കുവശത്തേതെങ്കിൽ വടക്കുവശത്തേത് ചെങ്കല്ലിൽ തീർത്ത പശ്ചാത്തലമുള്ള ഓപ്പ‍ൺ സ്റ്റേജാണ്.

തെക്കേ വേദിയെ അപേക്ഷിച്ച് വലിപ്പം കുറവാണ് ഈ വേദിക്ക്. ഈ വേദി പൂർണമായും സാംസ്കാരിക പരിപാടികളും സാഹിത്യ സമ്മേളനങ്ങളും പോലെയുള്ള പരിപാടികൾക്ക് ഇണങ്ങുന്നതാണ്.  രണ്ടു വേദികൾക്കും പ്രത്യേകം പ്രത്യേകം ഗ്രീൻ റൂമുകൾ നിർമിച്ചിട്ടുണ്ട്. ആധുനിക സജ്ജീകരണങ്ങളുള്ള, വൃത്തിയുള്ള ശുചിമുറികളും ഇവയ്ക്കൊപ്പം ക്രമീകരിച്ചിട്ടുണ്ട്. ഒരു വശത്തായി സാംസ്കാരിക, സാഹിത്യ ചർച്ചകൾ നടത്താനും സന്ധ്യകളിൽ ‘ഹാങ്ങ്ഔട്ട് പ്ലേസ്’ ആയി ഉപയോഗിക്കാനും കഴിയുന്ന തുറന്ന കഫെയും നിർമിച്ചിട്ടുണ്ട്.

പക്ഷേ ഈ സാംസ്കാരിക സമുച്ചയത്തിലെ ഏറ്റവും ആകർ‍ഷണീയമായ ഭാഗം   ഇതൊന്നുമല്ല. രണ്ടു വേദികൾക്കുമിടയിൽ ഒരു ഇടനാഴി ക്രമീകരിക്കുന്നുണ്ട്. കോഴിക്കോടിന്റെ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ നാഴികക്കല്ലുകൾ അടയാളപ്പെടുത്തുന്ന സ്വാതന്ത്ര്യ സമരചരിത്ര ഇടനാഴിയാണ് ഇത്. പൂർണമായും എ.പ്രദീപ്കുമാർ എംഎൽഎയുടെ ഫണ്ട് ഉപയോഗിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. നിർമാണത്തിന്റെ അവസാനഘട്ടത്തിലാണ് ഇപ്പോഴുള്ളത്.

സർഗപ്രപഞ്ചം

കടപ്പുറത്ത് അഞ്ചുവർഷമായി നടന്നുവരുന്നതാണ് കേരള ലിറ്ററേച്ചർ ഫെസ്റ്റിവൽ. ഇതിനു മുന്നോടിയായി രണ്ടാഴ്ചയ്ക്കകം വടക്കുവശത്തെ സൗകര്യങ്ങൾ തുറന്നു കൊടുക്കും. രാജ്യാന്തര തലത്തിൽതന്നെ ഒരു കടപ്പുറത്ത് നടക്കുന്ന ഏക സാഹിത്യോത്സവമാണ് കോഴിക്കോട്ടകാരുടെ സ്വന്തം കേരള ലിറ്ററേച്ചർ ഫെസ്റ്റിവൽ.  

രാജ്യാന്തര തലത്തിൽ ശ്രദ്ധേയരായ എഴുത്തുകാർ പങ്കെടുക്കുന്ന സാഹിത്യോത്സവം കടപ്പുറത്ത് നടക്കുന്നതുതന്നെ തികച്ചും കാൽപ്പനികമായ അനുഭവമാണ്.  ഇത്തവണ ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ പ്രധാനപ്പെട്ട മൂന്നു വേദികളും പുതിയ ഓപ്പൺ സ്റ്റേജിനു ചുറ്റിലുമായിരിക്കും.

കൂട്ടായ്മയ്ക്കൊരു പൊൻതൂവൽ

ലിറ്ററേച്ചർ ഫെസ്റ്റിവലിനു  സമാനമായ സാംസ്കാരിക പരിപാടികൾക്കുവേണ്ടി കടപ്പുറത്ത് കൾചറൽ സോൺ എന്നപേരിൽ ഒരു മേഖലയ്ക്ക് രൂപം കൊടുക്കുകയാണ്. ഇതിന്റെ ഭാഗമായാണ് പുതിയ സമുച്ചയം പണിതുയരുന്നത്. കോഴിക്കോട് കടപ്പുറം ആക്ടിവിറ്റി സോൺ, കൾചറൽ സോൺ, ലെയ്ഷർ സോൺ എന്നിങ്ങനെ മൂന്നു മേഖലകളാക്കി തിരിച്ച് വികസനം നടപ്പാക്കുന്ന പദ്ധതിയാണ് നഗരം സ്വപ്നം കാണുന്നത്. ഈ വികസനത്തിലൂടെ കോഴിക്കോട് മറീന ബീച്ചായി മാറുകയും ദക്ഷിണേന്ത്യയിലെ ഏറ്റവും മികച്ച സാംസ്കാരിക കടപ്പുറമായി മാറുകയും ചെയ്യുമെന്നതാണ് സ്വപ്നം.



ആ സ്വപ്നത്തിലേക്കുള്ള ചവിട്ടുപടികളിൽ ഒന്നിന്റെ നിർമാണപ്രവൃത്തികളാണ് അവസാനഘട്ട മിനുക്കുപണികളിലേക്ക് കടക്കുന്നത്. വേദികളുടെ പേരുകളും സ്വാതന്ത്ര്യസമരസ്മാരകത്തിന്റെ പേരുമടക്കം അനേകം കാര്യങ്ങൾ വിശദമായ ചർച്ചയ്ക്കു ശേഷമേ തീരുമാനിക്കൂ. ഇതിനുവേണ്ടി  പ്രത്യേക യോഗം ചേരുന്നുണ്ട്. വേദികളുടെ ഔദ്യോഗിക ഉദ്ഘാടനവും ഇതിനു ശേഷമേ പ്രഖ്യാപിക്കൂ. ഏതാനും ചില മിനുക്കുപണികൾ മാത്രമാണ് ഇനിയുള്ളത്. - എ. പ്രദീപ്കുമാർ എംഎൽഎ

Post a Comment

0 Comments