നാദാപുരം സബ്ജയിൽ കുറ്റ്യാടിയിലേക്ക്;സ്ഥലപരിശോധന നടത്തി



കക്കട്ടിൽ: നാദാപുരം സബ്ജയിലിന് അനുയോജ്യമായ സ്ഥലം കണ്ടെത്താനായി കുറ്റ്യാടി മണ്ഡലത്തിലെ കുന്നുമ്മൽ ഗ്രാമപ്പഞ്ചായത്തിൽ ഉത്തരമേഖലാ ജയിൽ ഡി.ഐ.ജി. വിനോദ്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം സന്ദർശിച്ചു.



മൊകേരി പെരുവാണിയിൽ പഞ്ചായത്ത് ഉടമസ്ഥതയിലുള്ള രണ്ടേക്കറോളം സ്ഥലമാണ് സംഘം സന്ദർശിച്ചത്. സ്ഥലം അനുയോജ്യമാണെന്നാണ് സംഘത്തിന്റെ പ്രാഥമിക വിലയിരുത്തൽ. ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻറ്‌്‌ കെ.ടി. രാജനുമായും ഭരണസമിതി അംഗങ്ങളുമായും സംഘം ചർച്ചനടത്തി. നേരത്തേ നാദാപുരം നിയോജകമണ്ഡലത്തിൽതന്നെ സ്ഥലംകണ്ടെത്താൻ ശ്രമംനടന്നിരുന്നു. വളയം പഞ്ചായത്തിൽ പോലീസ് ബാരക്സ് സ്ഥിതിചെയ്യുന്നതിനോടുചേർന്നുള്ള സ്ഥലം അനുയോജ്യമെന്ന് കണ്ടെത്തിയിരുന്നെങ്കിലും വിട്ടുനൽകാൻ പോലീസ് വകുപ്പ് തയ്യാറായില്ല.


തുടർന്നാണ് നാദാപുരത്തിനുപുറത്ത് സ്ഥലംകണ്ടെത്താൻ ശ്രമംതുടങ്ങിയത്. നാദാപുരം, പേരാമ്പ്ര, പയ്യോളി കോടതികളിൽനിന്ന് ഉൾപ്പെടെയുള്ള റിമാൻഡുതടവുകാരെ പാർപ്പിക്കുന്ന വടകര സബ് ജയിലിൽ പലപ്പോഴും ഉൾക്കൊള്ളാനാകാത്ത തടവുകാരുണ്ടാവുന്നതിനാലാണ് ഒരു സബ് ജയിലിനുകൂടി അനുമതി ലഭ്യമായത്.



ഉത്തരമേഖലാ സ്പെഷൽ ഓഫീസർ റോമിയോ ജോൺ, വടകര സബ്ജയിൽ സൂപ്രണ്ട് ജിജേഷ്, നോഡൽ ഓഫീസർ കെ.പി. മണി, ഗ്രാമപ്പഞ്ചായത്ത് ഭരണസമിതി അംഗങ്ങളായ രാധിക ചിറയിൽ, വി. വിജിലേഷ് എന്നിവരും പരിശോധനാസംഘത്തിലുണ്ടായിരുന്നു.

Post a Comment

0 Comments