പ്രളയക്കെടുതി: ആദിവാസി കുടുംബങ്ങൾക്ക് വീടു നിർമിച്ചു നൽകാൻ നടപടി

പ്രളയക്കെടുതി ഭീഷണി നേരിടുന്ന കോടഞ്ചേരി പഞ്ചായത്തിലെ വെണ്ടേക്കുംപൊയിൽ ആദിവാസി കോളനിയിലെ 29 കുടുംബങ്ങൾക്ക് ഭൂമി വാങ്ങി വീട് വച്ചു നൽകുന്നതിന് 20–ാം വാർഡിൽ കണ്ടെത്തിയ സ്ഥലത്ത് കലക്ടർ സാംബശിവ റാവുവിന്റെ നേതൃത്വത്തിൽ പരിശോധന നടത്തുന്നു. പഞ്ചായത്ത് പ്രസിഡന്റ് ലിസി ചാക്കോ, അസി.കലക്ടർ ശ്രീധന്യ സുരേഷ്, താമരശ്ശേരി താലൂക്ക് തഹസിൽദാർ സി.മുഹമ്മദ് റഫീഖ് എന്നിവർ സമീപം.കോടഞ്ചേരി∙ പഞ്ചായത്തിലെ ചെമ്പുകടവ് വെണ്ടേക്കുംപൊയിൽ ആദിവാസി കോളനിയിൽനിന്ന് മുൻ വർഷങ്ങളിലെ പ്രളയക്കെടുതിയിലും ഉരുൾപൊട്ടൽ ഭീഷണിയിലും ദുരിതാശ്വാസ ക്യാംപുകളിലേക്കു മാറ്റി പാർപ്പിച്ച 29 കുടുംബങ്ങൾക്ക് വീടുകൾ നിർമിച്ചു നൽകും. കലക്ടർ സാംബശിവറാവു നിർദിഷ്ട സ്ഥലത്തെത്തി പരിശോധന നടത്തി. തുടർ നടപടി സ്വീകരിക്കുന്നതിനു താമരശ്ശേരി താലൂക്ക്    തഹസിൽദാർ സി.മുഹമ്മദ് റഫീഖിന് നിർദേശം നൽകി.2019ലെ പ്രളയത്തിലെ ദുരിതാശ്വാസത്തിന്റെ പുനരധിവാസത്തിനു സംസ്ഥാന സർക്കാരിന്റെ റീബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി പഞ്ചായത്തിലെ 20-ാം വാർഡിൽ ചൂരമുണ്ട ഗവ. ആയുർവേദ ഡിസ്പെൻസറിക്ക് സമീപം 2.15 ഏക്കർ സ്ഥലം വാങ്ങി പുതിയ വീടുകൾ നിർമിച്ചു നൽകും. ഓരോ കുടുംബത്തിനും 6 സെന്റ് സ്ഥലവും വീടും ലഭിക്കും. ആദിവാസി കുടുംബങ്ങളുടെ ഉന്നമനത്തിന് ആവശ്യമായ അനുബന്ധ സൗകര്യങ്ങളും ഇവിടെ ഒരുക്കും.

സാംസ്കാരിക നിലയവും സ്വയംതൊഴിൽ സൗകര്യങ്ങളും റോഡും സജ്ജീകരിക്കും. ഈ പദ്ധതിയിൽ ഒരു കുടുംബത്തിനു സ്ഥലം വാങ്ങുന്നതിനു 6 ലക്ഷം രൂപയും വീട് വയ്ക്കുന്നതിനു 4 ലക്ഷം രൂപയുമാണ് സർക്കാർ നൽകുന്നത്. മലവെള്ളപ്പാച്ചിലിൽ ചാലിപ്പുഴ കരകവിഞ്ഞൊഴുകുമ്പോഴും കോളനി പ്രദേശത്ത് മലയിടിച്ചിലുണ്ടാകുമ്പോഴും വെണ്ടേക്കുംപൊയിൽ ആദിവാസി കോളനിയിലെ കുടുംബങ്ങൾ ദുരിതാശ്വാസ ക്യാംപുകളിലേക്ക് മാറുകയാണ് പതിവ്.പുതിയ സ്ഥലത്ത് ഇവർക്ക് വീടും സ്ഥലവും ഒരുങ്ങുന്നതോടെ പ്രളയക്കെടുതിയും ഉരുൾപൊട്ടൽ ഭീഷണിയും ഇല്ലാത്ത പുതിയ സാഹചര്യത്തിലേക്ക് എത്തുകയാണ് ഈ 29 ആദിവാസി കുടുംബങ്ങളും. പഞ്ചായത്ത്  പ്രസിഡന്റ് ലിസി ചാക്കോ, അസി. കലക്ടർ ശ്രീധന്യ സുരേഷ്, താമരശ്ശേരി താലൂക്ക് തഹസിൽദാർ സി.മുഹമ്മദ് റഫീഖ്, പഞ്ചായത്ത് സെക്രട്ടറി കെ.ഗിരീഷ് കുമാർ എന്നിവരും കലക്ടർ സാംബശിവറാവുവിനോടൊപ്പം ഉണ്ടായിരുന്നു.

Post a Comment

0 Comments