റോറോ സര്‍വ്വീസ് കോഴിക്കോട്ടേക്കും

കോഴിക്കോട്‌:ഉത്തരേന്ത്യയിൽനിന്നുള്ള ചരക്കുലോറികൾക്ക്‌ കേരളത്തിലേക്ക് ഇനി‌ തീവണ്ടിയിൽ വരാം. അതിനുള്ള മുന്നൊരുക്കം റെയിൽവേ തുടങ്ങി. മഹാരാഷ്‌ട്രയിലെ കോലാടുനിന്ന്‌ ചരക്കുലോറികൾ കയറ്റിയ റോറോ സർവീസ്‌ ഷൊർണൂർ വരെ ബുധനാഴ്‌ച പരീക്ഷണ ഓട്ടം നടത്തി. സർവീസ്‌ അനുയോജ്യമായാൽ സംസ്ഥാനത്തിന്‌ വലിയ നേട്ടമാകും.


ട്രക്കുകൾ കയറ്റിയ വാഗണുകൾ എൻജിനുമായി ഘടിപ്പിച്ചാണ്‌ റോറോ സർവീസ്‌ നടത്തുന്നത്‌. ഉത്തരേന്ത്യയിൽ പലയിടത്തും ഇത്തരം സർവീസുണ്ട്‌. കേരളത്തിലേക്കുള്ള ചരക്കുവാഹനങ്ങളും ഇത്തരത്തിൽ വരുന്നുണ്ട്‌. ഇവ മഹാരാഷ്‌ട്രയിലെ കോലാട്‌, മംഗളൂരുവിലെ സൂറത്ത്‌കൽ തുടങ്ങിയ സ്ഥലങ്ങളിൽ ഇറക്കിയാണ്‌ കേരളത്തിലേക്ക്‌ എത്തിക്കുന്നത്‌. 



ഇവിടെ നിന്ന്‌ റോഡ്‌ മാർഗം കേരളത്തിലേക്ക്‌ വരുന്നതിനേക്കാൾ വേഗത്തിൽ റോറോ സർവീസ്‌ എത്തും. കയറ്റിറക്ക്‌ ചെലവിലും വലിയ കുറവുണ്ടാകും. കോഴിക്കോട്‌, കൊച്ചി തുടങ്ങിയ നഗരങ്ങൾക്ക്‌ ഇത്തരം സർവീസ്‌ നേട്ടമാകുമെന്നാണ്‌ പ്രതീക്ഷ. റോറോയിൽ എത്തുന്ന ചരക്കുലോറി ഇറക്കാനും മറ്റിടങ്ങളിലേക്ക്‌ പോകാനും കോഴിക്കോട്‌ വെസ്റ്റ്‌ഹിൽ സ്റ്റേഷൻ അനുയോജ്യമാണെന്ന്‌ കണ്ടെത്തിയിരുന്നു. 




ഇതിന്റെ അടിസ്ഥാനത്തിലാണ്‌ ദക്ഷിണ, കൊങ്കൺ റെയിൽവേകൾ സംയുക്ത പരീക്ഷണ ഓട്ടം നടത്തിയത്‌. ബുധനാഴ്‌ച രാവിലെ 9.30നാണ്‌‌ മംഗളൂരുവിൽ തീവണ്ടിയെത്തിയത്‌.
രണ്ട്‌ ലോറിയും വാഗൺ കടന്നുപോകാൻ എത്ര സ്ഥലം വേണ്ടിവരുമെന്ന്‌ അളക്കുന്ന ഹൈറ്റ്‌ഗേജുമാണ്‌ പരീക്ഷണ ഓട്ടത്തിൽ ഉണ്ടായിരുന്നത്‌. വെസ്‌റ്റ്‌ഹില്ലിൽ ലോറി ഇറക്കി പരിശോധിച്ചശേഷം വൈകിട്ട്‌ 5.20ന്‌‌ ഷൊർണൂരിലേക്ക്‌ പുറപ്പെട്ടു‌. പരീക്ഷണ ഓട്ടത്തിനുശേഷം സർവീസിനെക്കുറിച്ച്‌ റെയിൽവേ ബോർഡിന്‌ റിപ്പോർട്ട്‌ കൈമാറും. ബോർഡിന്റെ അനുമതിക്കു‌ശേഷമായിരിക്കും സർവീസ്‌ സംബന്ധിച്ച്‌ അന്തിമ തീരുമാനം.

Post a Comment

0 Comments