നീറ്റ്: ജില്ലയിൽ പരീക്ഷയെഴുതിയത് 14,000 വിദ്യാർഥികൾ


കോഴിക്കോട് : മാസങ്ങളുടെ കാത്തിരിപ്പിനൊടുവിൽ അഖിലേന്ത്യാ മെഡിക്കൽ പ്രവേശന പരീക്ഷ (നീറ്റ്) കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടന്നു.

ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്ക് ആരംഭിച്ച പരീക്ഷയ്ക്കായി വിദ്യാർഥികൾ രാവിലെ 11 മണിയോടെതന്നെ പരീക്ഷാകേന്ദ്രങ്ങളിലേക്കെത്തി. പരീക്ഷാകേന്ദ്രത്തിനുള്ളിൽ പ്രവേശിക്കാനായി ഓരോ വിദ്യാർഥിക്കും പ്രത്യേകസമയം അനുവദിച്ചിരുന്നു. പരീക്ഷാഹാളിലേക്ക് പ്രവേശിക്കുന്നതിന് മുമ്പേ വിദ്യാർഥികൾക്ക് പുതിയ മാസ്കും ഗ്ലൗസ് ധരിക്കാത്തവർക്ക് ഗ്ലൗസും അധികൃതർ നൽകി.


അകത്തേക്ക് പ്രവേശിക്കുമ്പോൾ ഗേറ്റിൽവെച്ച് വിദ്യാർഥികൾക്ക് സുരക്ഷാ ഉദ്യോഗസ്ഥർ സാനിറ്റൈസർ നൽകി. രോഗലക്ഷണമുള്ളവർക്കും രോഗം ഭേദമായവർക്കും പരീക്ഷയെഴുതാൻ പ്രത്യേകമുറിയുണ്ടായിരുന്നു.

കുട്ടികൾക്ക് കുടിക്കാനായി കുപ്പിവെള്ളവും അണുനശീകരണത്തിനായി സാനിറ്റൈസറും കൈയിൽ കരുതാൻ അനുവാദമുണ്ടായിരുന്നു. കോഴിക്കോടിന് പുറമേ വയനാട്, മലപ്പുറം ജില്ലകളിലെ വിദ്യാർഥികളും ജില്ലയിലെ കേന്ദ്രങ്ങളിൽ പരീക്ഷയെഴുതി. പരീക്ഷയ്കുശേഷം വിദ്യാർഥികളെ ഒരുമിച്ച് പുറത്തിറക്കാതെ ഓരോ ക്ലാസിലെ വിദ്യാർഥികളെ വീതമാണ് പുറത്തിറക്കിയത്.

കഴിഞ്ഞ വർഷത്തെക്കാൾ കൂടുതൽ കേന്ദ്രങ്ങളിലായാണ് ഇത്തവണ പരീക്ഷ നടന്നത്. കഴിഞ്ഞവർഷം 33 കേന്ദ്രങ്ങളിലായി 12,000 വിദ്യാർഥികളാണ് പരീക്ഷയെഴുതിയത്. ഇത്തവണ 50 കേന്ദ്രങ്ങളിലായി 14,000-ഓളം വിദ്യാർഥികൾ പരീക്ഷയെഴുതി.

Post a Comment

0 Comments