കോഴിക്കോടൻ ഹൽവ:GST ചതിച്ചു,തിരിച്ച് വരുമോ ഇനി
കോഴിക്കോട്: GST വന്നതോടെ നഗരത്തിലുള്ള 40 കോഴിക്കോടൻ ഹൽവ നിർമാണ യൂണിറ്റുകളിൽ 10 എണ്ണം ഇതിനോടകം പൂട്ടി. നഷ്ടത്തിൽ പ്രവർ‍ത്തിക്കുന്ന മറ്റുള്ളവയ്ക്ക് ഏതു നിമിഷവും പൂട്ട് വീഴാം.

പ്രതാപത്തിൽ പ്രവർത്തിച്ചു വന്ന യൂണിറ്റുകൾ ജിഎസ്ടി വന്നതോടെയാണ് നഷ്ട്ടത്തിലായതെന്നാണ് നിർമാതാക്കൾ പറയുന്നത്. തിരുനൽവേലി ഹൽവ പോലെ ഇന്ത്യയിൽ പേരുകേട്ട കോഴിക്കോടൻ ഹൽവയ്ക്കാണ് ഈ ദുർഗതി.
ഹൽവ നിർമാണത്തിന് ഉപയോഗിക്കുന്ന അസംസ്കൃത സാധനങ്ങളുടെ വില ജിഎസ്ടി വന്ന ശേഷം ഉയർന്നതാണു പ്രതിസന്ധിക്കു കാരണം.

ജിഎസ്ടിയുടെ വരവോടെ ഹൽവയ്ക്കും വില വർധിച്ചു. പക്ഷേ വിലകൂട്ടി കച്ചവടക്കാർക്കു നൽകാൻ കഴിയാത്ത സ്ഥിതിയിലാണ് നിർമാതാക്കൾ. വില കൂട്ടിയാൽ കച്ചവടക്കാർ എടുക്കില്ല എന്നതാണു കാരണം. ഹൽവ നിർമാണത്തിന് ഉപയോഗിക്കുന്ന പ്രധാന അസംസ്കൃത വസ്തുക്കളായ പഞ്ചസാര, മൈദ, വെളിച്ചെണ്ണ, കശുവണ്ടി, ബദാം എന്നിവയ്ക്കാണു ജിഎസ്ടിയുടെ വരവിനു ശേഷം വില വർധിച്ചത്.

കശുവണ്ടിക്കു കിലോയ്ക്ക് 100 രൂപയ്ക്കു മേൽ വർധനയാണുണ്ടായിരിക്കുന്നതെന്നു ഹൽവ നിർമാതാക്കൾ പറയുന്നു. വെളിച്ചെണ്ണ വിലയിലും വന്നു വർധന. പഞ്ചസാരയ്ക്കും മൈദയ്ക്കുമുണ്ടായി ഇതേ സ്ഥിതി. ഇതും ജോലിക്കൂലിയും മറ്റു ചെലവുകളും കൂടി വരുന്നതോടെ മാസം 25,000 രൂപയുടെയെങ്കിലും നഷ്ടം വരാനാരംഭിച്ചതോടെയാണു പലരും പൂട്ടിയത്. നേരത്തെ കിലോയ്ക്ക് 130 മുതൽ 150 വരെ ചില്ലറ കച്ചവടക്കാർ വിറ്റിരുന്ന ഹൽവ ഇപ്പോൾ 200 മുതൽ 250 രൂപയ്ക്കാണു വിൽക്കുന്നത്.

മറക്കരുതാരും കോഴിക്കോട്ടങ്ങാടിയിൽ വ്യാപാരത്തിനെത്തിയിരുന്ന അറബികൾ ഹൽവയുമായിട്ടായിരുന്നു മടക്കം.

മണ്ഡലകാലം വരണം ഹൽ‍വയ്ക്കു നല്ലകാലം വരാൻ മണ്ഡലകാലമെത്തുമ്പോഴാണ് സാധാരണ ഹൽവയ്ക്കു നല്ലകാലം വരുന്നത്. ഓണവും പെരുന്നാളുമൊക്കെ വന്നു പോയെങ്കിലും പഴയതു പോലെ തിമിർപ്പൻ കച്ചവടം നടന്നില്ലെന്നു കച്ചവടക്കാർ പറയുന്നു. ഇതര സംസ്‌ഥാനങ്ങളിൽ നിന്നെത്തുന്ന തീർഥാടകർ പോലും കോഴിക്കോടൻ ഹൽവ വാങ്ങിയിട്ടേ നാട്ടിൽ പോകൂ.

മണ്ഡലകാലത്ത് പ്രധാന പാതകളുടെ ഇരുവശങ്ങളിലും ഹൽവപ്പന്തലുകളുയർത്തി കോഴിക്കോടൻ ഹൽവയെന്നു ബോർഡും തൂക്കി കച്ചവടം തകർക്കുന്നതു കാണാം. മണ്ഡലകാലത്ത് പ്രതിദിനം 300 മുതൽ 700 കിലോ ഹൽവ വരെ വിൽക്കുന്നവരുണ്ട്. കാര്യങ്ങൾ ഇങ്ങനെ പോയാൽ അടുത്ത മണ്ഡലകാലത്ത് ഹൽവ പേരിൽ മാത്രമൊതുങ്ങിയേക്കുമെന്നാണോ കോഴിക്കോട്ടുകാർ ആശങ്കപ്പെടുന്നത്.

 ഹൽവ വ്യവസായത്തിന്റെ നട്ടെല്ലൊടിച്ചിരിക്കുകയാണ്. അസംസ്കൃത സാധനങ്ങളുടെ വില താങ്ങാൻ കഴിയാത്ത വിധം വർധിച്ചതാണു പ്രധാന പ്രശ്നം. ഇക്കാര്യത്തിൽ സർക്കാരിന്റെ ശ്രദ്ധ വേണം." ടി. പി. അബൂഷഹാം (സെക്രട്ടറി, ഹൽവ അസോസിയേഷൻ)