ഓല ടാക്സി വീണ്ടും ഓടിത്തുടങ്ങികോഴിക്കോട്∙ ടാക്സി ഡ്രൈവർമാർ തടഞ്ഞതിനെത്തുടർന്ന് നിർത്തിവച്ച ഓല ഓൺലൈൻ ടാക്സി സർവീസ് പൊലീസിന്റെ പിന്തുണയോടെ പുനരാരംഭിച്ചു. ഓല ക്യാബുകളെ കഴിഞ്ഞദിവസം റെയിൽവേ സ്റ്റേഷനു സമീപത്തും ബേബി മെമ്മോറിയിൽ ആശുപത്രിക്കു സമീപത്തുമാണ് തടഞ്ഞത്. സംഭവത്തിൽ ഇരുകൂട്ടരെയും പൊലീസ് ചർച്ചയ്ക്കു വിളിച്ചിട്ടുണ്ട്.

സർവീസ് പുനരാരംഭിച്ച ഓല ക്യാബുകളിൽ ഇന്നലെ ഒട്ടേറെപ്പേർ യാത്രചെയ്തു. പൊലീസിന്റെയും യാത്രക്കാരുടെയും വലിയ സഹകരണമാണു ലഭിക്കുന്നതെന്ന് ഓല ഡ്രൈവർമാർ പറഞ്ഞു. ടാക്സി കാറുകളേക്കാൾ വളരെ കുറഞ്ഞ നിരക്കാണ് ഓൺലൈൻ ടാക്സികൾ ഈടാക്കുന്നത് എന്നതാണ് മറ്റു ടാക്സി ഡ്രൈവർമാരെ പ്രകോപിപ്പിക്കുന്നത്. നഗരത്തിലെ ഏക ഓൺലൈൻ ടാക്സി സർവീസാണ് ഓല.

നിലവിൽ കോഴിക്കോട്ട് 50 കാറുകൾ ലഭ്യമാണ്. ഓലയുടെ മൊബൈൽ ആപ്പ് വഴി ബുക്ക് ചെയ്താൽ നഗരത്തിലെവിടെയും അഞ്ച് – ആറ് മിനിറ്റിനുള്ളിൽ കാർ എത്തും.