നിർധിഷ്ട്ട റോഡകടന്ന് പോകുന്ന വഴി |
ഇതുമായി ബന്ധപ്പെട്ട് എം.കെ. രാഘവൻ എംപിയുടെ വാക്കുകൾ
"ഭാരത് മാല പദ്ധതിയിൽ ഉൾപ്പെടുത്തി കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകിയ 57 പദ്ധതികളിലാണ് കോഴിക്കോട്ടെ നാലുവരിപ്പാത ഉൾപ്പെട്ടിരിക്കുന്നത്. പദ്ധതി മലബാറിന്റെ വികസന രംഗത്തെ വൻ കുതിച്ചുചാട്ടത്തിനു മുതൽ കൂട്ടായിരിക്കും"
കോഴിക്കോട് ബീച്ചിൽ പണിക്കർ റോഡ് ചേരുന്നയിടം മുതൽ എരഞ്ഞിപ്പാലം വരെയുള്ള 2.9 കിലോമീറ്റർ മേൽപ്പാതയുൾപ്പെടെ 18.4 കിലോമീറ്റർ വരുന്നതാണു നിർദിഷ്ട പദ്ധതി.ബേപ്പൂർ തുറമുഖം മുതൽ കോഴിക്കോട് ബീച്ച് വരെയുള്ള 13.4 കിലോമീറ്റർ നാലുവരിപ്പാതയും ബീച്ച് മുതൽ എരഞ്ഞിപ്പാലം വരെ 2.9 കിലോമീറ്റർ മേൽപാതയും തുടർന്ന് മലാപ്പറമ്പുവരെയുള്ള 2.1 കിലോമീറ്റർ നാലുവരിപ്പാതയുമാണ് നിർദേശിച്ചിരിക്കുന്നത്. പ്രത്യേകം സ്ഥലമേറ്റെടുപ്പ് വേണ്ടിവരില്ലെന്നാണ് എംപി സമർപ്പിച്ചിരിക്കുന്ന പദ്ധതി നിർദേശത്തിൽ പറഞ്ഞിരിക്കുന്നത്.
ബേപ്പൂരിൽനിന്ന് ഗോതീശ്വരം, മാറാട്, പയ്യാനക്കൽ, കോതിപ്പാലം, സൗത്ത് ബീച്ച് എന്നീസ്ഥലങ്ങളിലൂടെ കോഴിക്കോട് ബീച്ചിൽ പണിക്കർ റോഡ് ജംക്‌ഷൻവരെയാണ് ആദ്യഭാഗം.തുടർന്ന് പണിക്കർ റോഡിനുമുകളിലൂടെയുള്ള മേൽപാത വെള്ളയിൽ, നടക്കാവ്, മനോരമ ജംക്‌ഷൻ, ഈസ്റ്റ് നടക്കാവ് വഴി എരഞ്ഞിപ്പാലം ജംക്‌ഷനിലെത്തും. തുടർന്നു മലാപ്പറമ്പ് വരെയുള്ള നാലുവരിപ്പാതയാണു മൂന്നാമത്തെ ഭാഗം. ഇതിൽ നിലവിലുള്ള പദ്ധതികൾ വഴി നാലുവരിപ്പാതകളുടെ നിർമാണം ഏറെക്കുറെ പൂർത്തിയാകും.
ഫലത്തിൽ മേൽപാതയുടെ നിർമാണമായിരിക്കും പദ്ധതിയിലെ പ്രധാന പ്രവൃത്തി. ബേപ്പൂർ തുറമുഖം–മലാപ്പറമ്പ് പാത നഗരത്തിലൂടെയുള്ള ചരക്കുനീക്കത്തിനു വലിയ മുതൽക്കൂട്ടാകും. നിലവിൽ പ്രതിവർഷം ഒരുലക്ഷം ടൺ കാർഗോ കൈകാര്യം ചെയ്യുന്ന തുറമുഖത്തുനിന്നും ദേശീയപാത 66ന്റെയും 766ന്റെയും സംഗമകേന്ദ്രമായ മലാപ്പറമ്പിലേക്ക് എളുപ്പത്തിൽ എത്താനാകുന്നതാണ് വൻനേട്ടമാകുന്നത്. ബേപ്പൂർ തുറമുഖം വഴി പ്രതിവർഷം 7500 യാത്രക്കാർ ലക്ഷദ്വീപിലേക്കു യാത്ര ചെയ്യുന്നുമുണ്ട്. എം.കെ രാഘവൻ ഓഗസ്റ്റിലാണു കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിക്ക് പദ്ധതി സമർപ്പിച്ചത്.