വിദഗ്ധ ചികിൽസയ്ക്ക് ഡോ. ലൈവ്,മെഡിക്കൽ എൻട്രൻസ് കോച്ചിങ്ങിൻ നെക്സ്റ്റ് ഫെല്ലോ

യുഎൽ സൈബർ പാർക്ക് കെഎസ്ഐഡിസി ഇൻക്യുബേഷൻ സെന്ററിലെ സ്റ്റാർട്ടപ്പുകളായ ജി ഡേറ്റ ടെക്നോളജീസിലെയും നെക്സ്റ്റ് ഫെല്ലോയിലെയും അംഗങ്ങൾകോഴിക്കോട്:യുഎൽ സൈബർ പാർക്കിൽ പ്രവർത്തിക്കുന്ന കെഎസ്ഐഡിസി ഇൻക്യുബേഷൻ സെന്ററിൽ നിന്ന് ആദ്യ ഉൽപന്നങ്ങൾ പുറത്തിറങ്ങുന്നു. ആരോഗ്യ സംരക്ഷണരംഗത്തെ മൊബൈൽ ആപ്ലിക്കേഷനും ഓൺലൈനായി മെഡിക്കൽ എൻട്രൻസ് കോച്ചിങ് നടത്താനുള്ള വെബ്സൈറ്റുമാണ്  യുവസംരംഭകർ യാഥാർഥ്യമാക്കുന്നത്. ജി ഡേറ്റ ടെക്നോളജീസ് എന്ന സ്റ്റാർട്ടപ്പാണ് ഡോ. ലൈവ് എന്ന മൊബൈൽ ആപ്പ് തയാറാക്കിയിരിക്കുന്നത്.

ചികിൽസയ്ക്കായി ആശുപത്രി തിരഞ്ഞെടുക്കാനും  ഡോക്ടറുമായി കൂടിക്കാഴ്ച ബുക്ക് ചെയ്യാനും ആപ്പിൽ സൗകര്യമുണ്ടാകും.തുടർന്ന് രോഗിയും ഡോക്ടറുമായുള്ള ആശയവിനിമയത്തിനും ഉപയോഗപ്പെടും. ഓൺലൈൻ ബ്ലഡ് ബാങ്കുമായി ബന്ധിപ്പിച്ചിരിക്കുന്നതിനാൽ രക്തദാനത്തിനും വലിയ സഹായമായിരിക്കും ആപ്പ്. ഇതുകൂടാതെ വിവിധ പരിശോധനകളുടെ ഫലങ്ങൾ കൃത്യമായി സൂക്ഷിക്കാൻ സഹായിക്കുന്ന ഹെൽത്ത് റിക്കോർഡ്സ് മാനേജ്മെന്റുമുണ്ട്.

ഓൺലൈൻ മെഡിസിൻ സൗകര്യവും അടുത്തുതന്നെ തുടങ്ങുമെന്ന് ജി ഡേറ്റ സിഇഒ വി.കെ. മുനീർ അറിയിച്ചു. 12 പേരടങ്ങുന്ന സംഘമാണ് ജി ഡേറ്റയിൽ പ്രവർത്തിക്കുന്നത്.ഡോ. ലൈവ് ആപ്പിൽ നിലവിൽ കോഴിക്കോട്ടെ ആശുപത്രികളായിരിക്കും ലഭ്യമാകുക. ആപ്പിൽ രോഗി, ഡോക്ടർ, ആശുപത്രി, ക്ലിനിക്, ലാബ് എന്നിവർക്കായുള്ള ഡാഷ്ബോർഡുകളാണുള്ളത്.ആപ്പിന്റെ ഉദ്ഘാടനം 29ന് കെഎസ്ഐഡിസി എംഡി ഡോ. എം. ബീന യുഎൽ സൈബർ പാർക്കിൽ നിർവഹിക്കും. തുടർന്ന് ആപ്പ് ഗൂഗിൾ പ്ലേ സ്റ്റോറിൽ ലഭ്യമാകും.കഴിഞ്ഞ ജൂണിൽ പ്രവർത്തിച്ചതുടങ്ങിയ കെഎസ്ഐഡിസി ഇൻക്യുബേറ്ററിൽ നിലവിൽ എട്ടു സ്റ്റാർട്ടപ്പുകളാണ് പ്രവർത്തിക്കുന്നത്. ആറെണ്ണം കരാറിൽ ഒപ്പുവച്ചിട്ടുമുണ്ട്.

 എൻട്രൻസിനൊരുങ്ങാൻ  നെക്സ്റ്റ് ഫെല്ലോ

ജനറൽ സർജറിയിൽ പിജി ചെയ്യുന്ന ഡോ. എ. നരേന്ദ്രയും  ഗൈനക്കോളജിസ്റ്റായ ഭാര്യ ഡോ. പ്രിയങ്കയും ചേർന്ന് ആരംഭിച്ച നെക്സ്റ്റ് ഫെല്ലോ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്റ്റാർട്ടപ്പാണ് നെക്സ്റ്റ് ഫെല്ലോ (nextfellow.com) വെബ്സൈറ്റ് ആരംഭിച്ചിരിക്കുന്നത്.നീറ്റ് അടക്കമുള്ള ഏത് മെഡിക്കൽ എൻട്രൻസ് പരീക്ഷയ്ക്കും തയാറെടുക്കാൻ സഹായിക്കുന്ന വെബ്സൈറ്റാണിത്. മെഡിക്കൽ പിജി എൻട്രൻസിനടക്കം പഠിക്കേണ്ട മുഴുവൻ പാഠഭാഗങ്ങളും നെക്സ്റ്റ് ഫെല്ലോയിലുണ്ട്.  പുസ്തകം വായിക്കുന്നതുപോലെ വായിക്കാം. ഓരോ വിഷയങ്ങളും അധ്യായങ്ങളാക്കി തിരിച്ചിട്ടുണ്ട്. ആവശ്യംപോല  തിരഞ്ഞെടുക്കാം.

എൻട്രൻസ് പരീക്ഷയ്ക്കു സഹായിക്കുന്ന തരത്തിൽ ചോദ്യോത്തര രൂപത്തിലാണ് ഓരോ വിഷയങ്ങളും ക്രമീകരിച്ചിരിക്കുന്നത്.കഴിഞ്ഞ 10 വർഷങ്ങളിലായി വിവിധ മെഡിക്കൽ പ്രവേശന പരീക്ഷകളിൽ ചോദിച്ച ചോദ്യങ്ങൾ ഉൾപ്പെടുത്തി മൊത്തം 28,000 ചോദ്യങ്ങൾ വെബ്സൈറ്റിലുണ്ട്.ഓരോ വിഷയത്തിലുമുള്ള മാതൃകാ പരീക്ഷകൾ ഓൺലൈനായി എഴുതി പരിശീലിക്കാനുമാകും. പഠനരീതികൾ വിശകലനം ചെയ്യാനും വെബ്സൈറ്റ് നെക്സ്റ്റ് ഫെല്ലോ സഹായിക്കും. സൗജന്യമായി ലഭിക്കുന്ന നെക്സ്റ്റ് ഫെല്ലോ വെബ്സൈറ്റ് ഉപയോഗിച്ചുപഠനം നടത്തിയാൽ ഇന്ത്യയിലെ ഏതു മെഡിക്കൽ എൻട്രൻസും വിജയിക്കാൻ കഴിയുമെന്നാണു ഡോ. നരേന്ദ്ര പറയുന്നത്. അടുത്തഘട്ടമായി ഗ്രൂപ്പ് സ്റ്റഡി നടത്താനുള്ള സൗകര്യവും ഏർപ്പെടുത്തും. മൊബൈൽ ബ്രൗസറുകളിലും മികച്ച രീതിയിൽ ഉപയോഗിക്കാനാവുന്ന വെബ്സൈറ്റ് നിലവിൽ ലഭ്യമാണ്.