നവീകരണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്ന മിഠായിത്തെരുവ് മന്ത്രി ടി.പി. രാമകൃഷ്ണൻ സന്ദർശിച്ചു

നവീകരണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്ന മിഠായിത്തെരുവ് മന്ത്രി ടി.പി. രാമകൃഷ്ണൻ സന്ദർശിച്ചപ്പോൾ. കലക്ടർ യു.വി. ജോസ്, എ.പ്രദീപ്കുമാർ എംഎൽഎ,മേയർ‌ തോട്ടത്തിൽ രവീന്ദ്രൻ തുടങ്ങിയവർ സമീപം.



കോഴിക്കോട്: അടുത്തമാസം നവീകരിച്ച മിഠായിത്തെരുവ്  പൊതുജനങ്ങൾക്കു തുറന്നുകൊടുക്കുമെന്ന് മന്ത്രി ടി.പി. രാമകൃഷ്ണൻ. ജോലികൾ വിലയിരുത്താനെത്തിയതായിരുന്നു മന്ത്രി. മിഠായിത്തെരുവിന്റെ  ഭാവി മുന്നിൽക്കണ്ടു നടത്തുന്ന നവീകരണ പ്രവർത്തനങ്ങളുടെ ഭാഗമായുള്ള തീരുമാനങ്ങൾക്കെതിരെ ഉണ്ടാകുന്ന എതിർപ്പുകളിൽ ഉറച്ച നിലപാടുമായി മുന്നോട്ടു പോകും.

 കച്ചവടക്കാർക്കും  പൊതുജനങ്ങൾക്കും ഏറ്റവും ഗുണപ്പെടുന്ന രീതിയിലാണു ജില്ലാഭരണകൂടത്തിന്റെ നേതൃത്വത്തിൽ പദ്ധതി നടപ്പാക്കുന്നത്.അടിക്കടിയുണ്ടാകുന്ന തീപിടിത്തങ്ങൾ എല്ലാവർക്കും ബുദ്ധിമുട്ടായിരുന്നു. ഇതിനെല്ലാം പരിഹാരമാകുന്ന തരത്തിലാണു നവീകരണം.

എല്ലാവരുടെയും സഹകരണം പദ്ധതിക്കുലഭിക്കുന്നുമുണ്ട്. നവീകരണ പദ്ധതിയുടെ ഭാഗമായാണ് മിഠായിത്തെരുവിലെ  വാഹനഗതാഗത നിയന്ത്രണവും.പരീക്ഷണാടിസ്ഥാനത്തിൽ ഏർപ്പെടുത്തുന്ന നിരോധനം വ്യാപാരസ്ഥാപനങ്ങൾക്ക് കടുത്ത പ്രതിസന്ധി സൃഷ്ടിക്കുകയാണെങ്കിൽ നിയന്ത്രണം എടുത്തു മാറ്റാൻ തടസ്സമില്ലെന്നും മന്ത്രി പറഞ്ഞു.

മിഠായിതെരുവിലെ സ്ഥാപനങ്ങളിലേക്ക് ഭൂഗർഭ കേബിളുകൾ വഴി വൈദ്യുതി കണക്‌ഷൻ നൽകുന്നത് 90 ശതമാനവും പൂർത്തിയായെന്ന് കലക്ടർ യു.വി. ജോസ് അറിയിച്ചു. പുതിയ തെരുവുവിളക്കുകൾ സ്ഥാപിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും പറഞ്ഞു. മേയർ തോട്ടത്തിൽ രവീന്ദ്രൻ, എ.പ്രദീപ്കുമാർ എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി, തഹസിൽദാർ ഇ. അനിതകുമാരി എന്നിവരും  മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു.