രാമനാട്ടുകരയിൽ സബ് റീജനൽ ട്രാൻസ്പോർട്ട് ഓഫീസ് സ്ഥാപിക്കാൻ ശുപാർശ



കോഴിക്കോട്:രാമനാട്ടുകര കേന്ദ്രീകരിച്ചു സബ് റീജനൽ ട്രാൻസ്പോർട്ട് ഓഫിസിനു മോട്ടോർ വാഹന വകുപ്പിന്റെ ശുപാർശ. വാഹനപ്പെരുപ്പം പരിഗണിച്ചു സംസ്ഥാനത്തു ഏഴു പുതിയ സബ് ട്രാൻസ്പോർട്ട് ഓഫിസുകൾ സ്ഥാപിക്കണമെന്ന നിർദേശത്തിലാണ് രാമനാട്ടുകര പരിഗണിക്കപ്പെട്ടിരിക്കുന്നത്.

ബജറ്റിൽ പ്രഖ്യാപിച്ച ഓഫിസുകൾ സംബന്ധിച്ചു മന്ത്രിസഭ തത്വത്തിൽ അംഗീകരിച്ചെങ്കിലും ധനവകുപ്പിന്റെ പരിഗണനയിലാണ്. ധനവകുപ്പിൽ നിന്നു അനുമതിയായാൽ അനുയോജ്യമായ ഇടം കണ്ടെത്തി സബ് ആർടി ഓഫിസ് പ്രവർത്തനം തുടങ്ങാനാകും. മലബാർ മേഖലയിൽ രാമനാട്ടുകരയ്ക്കു പുറമെ കൊണ്ടോട്ടി, പയ്യന്നൂർ എന്നിവിടങ്ങളും ശുപാർശയിലുണ്ട്.

കോഴിക്കോട് ബ്ലോക്ക് മേഖലയിലുള്ളവർ വാഹന ഗതാഗത സംബന്ധമായ കാര്യങ്ങൾക്കു നിലവിൽ കോഴിക്കോട് ആർടി ഓഫിസിനെയാണ് ആശ്രയിക്കുന്നത്. ഒരു താലൂക്കിൽ കുറഞ്ഞതു ഒരു സബ് റീ‍ജനൽ ഓഫിസ് സ്ഥാപിക്കണമെന്ന തീരുമാനത്തിന്റെ ഭാഗമായാണ് രാമനാട്ടുകരയ്ക്കു ശുപാശ സമർപ്പിച്ചതെന്നു ജോയിന്റ് ട്രാൻസ്പോർട്ട് കമ്മീഷണർ രാജീവ് പുത്തലത്ത് പറ‍ഞ്ഞു.

നഗരത്തിലും ഗ്രാമങ്ങളിലും ദിനംതോറും പുതിയ വാഹനങ്ങൾ നിരത്തിലിറങ്ങുന്നതു മുന്നിൽകണ്ടാണ് നടപടി. കോർപറേഷൻ ബേപ്പൂർ, ചെറുവണ്ണൂർ മേഖല ഫറോക്ക്, രാമനാട്ടുകര നഗരസഭ പ്രദേശങ്ങൾ, കടലുണ്ടി, ഒളവണ്ണ, പെരുമണ്ണ, മാവൂർ പഞ്ചായത്തുകൾ എന്നിവ രാമനാട്ടുകര ആർടി ഓഫിസിനു കീഴിലാക്കാനാണ് ഉദ്ദേശ്യം.

പുതിയ സബ് റീജനൽ ആർടി ഓഫിസ് വരുന്നതോടെ വാഹനങ്ങളുടെ റജിസ്ട്രേഷൻ, ഡ്രൈവിങ് ലൈസൻസ്, ബാഡ്ജ്, ടാക്സ്, പെർമിറ്റ് തുടങ്ങിയ മോട്ടോർ വാഹന വകുപ്പുമായി ബന്ധപ്പെട്ട സേവനങ്ങൾ ജനത്തിനു പെട്ടെന്നു നൽകാനാകുമെന്നാണ് പ്രതീക്ഷ.