ഒരു കമ്പനി കൂടി യുഎൽ സൈബർ പാർക്കിലേക്ക്



യുഎൽ സൈബർ പാർക്കിൽ എയിറോവേറ്റിവ് ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഓഫിസ് തുടങ്ങുന്നതിനുള്ള ധാരണാപത്രം യുഎൽ പാർക്ക് സിഒഒ ലഫ്. കമാൻഡർ എസ്. അരുണും എയിറോവേറ്റിവ് പ്രതിനിധികളായ ഷാഹിദ്, ഇക്ബാൽ മൂസ എന്നിവരും ചേർന്ന് ഒപ്പുവച്ചപ്പോൾ

 
കോഴിക്കോട് ∙ നൂറുശതമാനം വിദേശ നിക്ഷേപവുമായി യുഎൽ സൈബർ പാർക്കിലേക്ക് ഒരു കമ്പനികൂടി. അബുദാബി ആസ്ഥാനമായി പ്രവർത്തിക്കുന്ന എയിറോവേറ്റിവ് ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡ് ആണ് പാർക്കിൽ ഓഫീസ് തുടങ്ങാൻ കരാറൊപ്പിട്ടത്. സിവിൽ, മിലിറ്ററി ഏവിയേഷൻ രംഗത്തെ സോഫ്റ്റ്‌വെയർ ഉൽപന്നങ്ങൾ വികസിപ്പിക്കുന്ന കമ്പനി യുഎൽ പാർക്കിൽ 5600 ചതുരശ്ര അടി സ്ഥലമാണ് ഏറ്റെടുത്തിരിക്കുന്നത്. 100 സീറ്റുകളുണ്ടാകും. എയിറോവേറ്റിവ് ടെക്നോളജീസിന്റെ ഇന്ത്യയിലെ ആദ്യത്തെ ഓഫീസാണിത്.


കമ്പനി പ്രതിനിധികളായ ഷാഹിദും ഇക്ബാൽ മൂസയും യുഎൽ സൈബർ പാർക്ക് സിഒഒ ലഫ്. കമാൻഡർ എസ്. അരുണും ചേർന്നു ധാരണാപത്രം ഒപ്പുവച്ചു. നിലവിൽ യുഎൽ പാർക്കിൽ മൊത്തം 20 കമ്പനികളിലായി 700 പേർ ജോലി ചെയ്യുന്നുണ്ട്. നാല് കമ്പനികൾക്ക് കൂടി ഓഫിസ് തയ്യാറായിവരുന്നുണ്ട്.


മൂന്നു കമ്പനികൾ പാർക്കിൽ സ്ഥലമേറ്റെടുക്കാൻ കരാറിലായിട്ടുമുണ്ട്. ഇതു കൂടാതെ കെഎസ്ഐഡിസിയുടെയും സ്റ്റാർട്ടപ് മിഷന്റെയും ഇൻക്യുബേറ്ററുകളും ഐസിടി അക്കാദമി റീജനൽ സെന്ററും ഇവിടെ പ്രവർത്തിക്കുന്നുണ്ട്.ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോഓപറേറ്റിവ് സൊസൈറ്റിയുടെ ഉടമസ്ഥതയിലുള്ള യുഎൽ സൈബർ പാർക്ക് സഹകരണ മേഖലയിലെ രാജ്യത്തെതന്നെ ആദ്യ ഐടി പാർക്കാണ്.