ജാനകിക്കാട് ഇക്കോ ടൂറിസം കേന്ദ്രത്തിൽ ചിത്രശലഭ പാർക്ക് സ്ഥാപിക്കാൻ പദ്ധതി




കോഴിക്കോട്:ജാനകിക്കാട് ഇക്കോ ടൂറിസം പദ്ധതി സ്ഥലത്ത് വിനോദ സഞ്ചാരികള്‍ക്ക് കൂടുതല്‍ സൗകര്യമൊരുക്കാന്‍ പദ്ധതി സമര്‍പ്പിച്ചു. ചിത്രശലഭ പാര്‍ക്കടക്കം 85 ലക്ഷം രൂപയുടെ പ്രവൃത്തികളാണ് കുറ്റ്യാടി ഫോറസ്റ്റ് റേഞ്ച് ഓഫീസറുടെ നേതൃത്വത്തില്‍ വനംവകുപ്പിന്റെ പരിഗണനയ്ക്കായി സമര്‍പ്പിച്ചത്. ജൂലായില്‍ വനംമന്ത്രി കെ. രാജു സ്ഥലം സന്ദര്‍ശിച്ചശേഷം ഇക്കോ ടൂറിസം മേഖലയില്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കാന്‍ പദ്ധതി സമര്‍പ്പിക്കാന്‍ നിര്‍ദേശിച്ചിരുന്നു. ഇ.കെ. വിജയന്‍ എം.എല്‍.എ. അടക്കമുള്ള ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പങ്കെടുത്ത യോഗത്തിലാണ് കേന്ദ്രത്തില്‍ കൂടുതല്‍ സൗകര്യമൊരുക്കാനുള്ള തീരുമാനമെടുത്തത്. കേന്ദ്രത്തിന് സമീപത്തുള്ള റോഡ് നവീകരണം, പുല്‍ത്തകിടി ഒരുക്കല്‍, മരം നടല്‍ തുടങ്ങിയവയും നടക്കും. 2008-ലാണ് ഇവിടെ ഇക്കോ ടൂറിസം പദ്ധതി വന്നത്. പഠനയാത്രകള്‍ക്കും ക്യാമ്പുകള്‍ക്കുമായി സഞ്ചാരികള്‍ക്ക് പ്രിയപ്പെട്ട സ്ഥലമായി വളരെ വേഗം ഇവിടം മാറി. 325 ഏക്കറോളം വിസ്തൃതിയിലുള്ള ജാനകിക്കാട് ജൈവവൈവിധ്യത്തില്‍ സമ്പുഷ്ടമാണ്. അപൂര്‍വ ഔഷധ സസ്യങ്ങള്‍ നിരവധി. വിവിധതരം പക്ഷികളുടെ ആവാസകേന്ദ്രം കൂടിയാണിവിടം. കാനന വഴികളിലൂടെയുള്ള രണ്ട് കിലോമീറ്റര്‍ ചുറ്റിസഞ്ചാരമാണ് ഇവിടത്തെ പ്രധാന ആകര്‍ഷകം. പക്ഷേ, സഞ്ചാരികള്‍ക്കാവശ്യമായ നിരവധി കാര്യങ്ങള്‍ ഇനിയും ഒരുക്കാനുണ്ട്. ടൂറിസം പദ്ധതി തുടങ്ങിയപ്പോള്‍ ചങ്ങാടവും ഏറുമാടവും ഉണ്ടായിരുന്നെങ്കിലും പിന്നീട് നശിച്ചു. കടന്തറ പുഴയിലെ ചങ്ങാടത്തിലെ യാത്രയും ഏറുമാടവും വ്യത്യസ്താനുഭവമായിരുന്നു. ഇതില്‍ ഏറുമാടം നാലുവര്‍ഷം കൊണ്ട് തകര്‍ന്നു. രണ്ടുവര്‍ഷം കഴിഞ്ഞപ്പോള്‍ ചങ്ങാടവും പോയി. ഏറുമാടങ്ങള്‍ ഒരുക്കാനും ചങ്ങാടം വാങ്ങാനും പിന്നീട് ശ്രമമുണ്ടായില്ല. തുടങ്ങിയ സമയത്തുണ്ടായിരുന്ന നക്ഷത്രവനവും ഇപ്പോഴില്ല. ഇക്കോഷോപ്പിനായി കെട്ടിടം നിര്‍മിച്ചെങ്കിലും ഇതുവരെ തുടങ്ങാനായിട്ടില്ല. വിവരങ്ങള്‍ നല്‍കാന്‍ ഫോണ്‍ സൗകര്യം പോലുമില്ല. ദീര്‍ഘദൂരയാത്ര കഴിഞ്ഞെത്തുന്ന സഞ്ചാരികള്‍ക്ക് ലഘുഭക്ഷണം നല്‍കാനുള്ള സൗകര്യം ഒരുക്കണമെന്നത് ഏറെ കാലമായുള്ള ആവശ്യമാണ്. കഴിഞ്ഞവര്‍ഷം 25 ലക്ഷം രൂപയുടെ ഫണ്ടുപയോഗിച്ചുള്ള പ്രവൃത്തികള്‍ മാത്രമാണ് പിന്നീട് നടന്നത്. കടന്തറ പുഴയിലേക്ക് ഇറങ്ങാനുള്ള മേഖലയില്‍ ഇരുഭാഗവും കെട്ടി കല്‍പടവുകള്‍ നിര്‍മിക്കല്‍, മുകള്‍ ഭാഗത്ത് കൈവരികള്‍ സ്ഥാപിക്കല്‍, ഇരിപ്പിടങ്ങള്‍ നിര്‍മിക്കല്‍, പുഴയില്‍ കുളിക്കാന്‍ ഇറങ്ങുന്നവര്‍ക്ക് വസ്ത്രങ്ങള്‍ മാറാന്‍ സൗകര്യമുള്ള രണ്ട് മുറികള്‍ നിര്‍മിക്കല്‍, പ്രവേശന ഭാഗം മുതല്‍ കാട്ടിലൂടെയുള്ള 400 മീറ്റര്‍ വഴി കരിങ്കല്ല് പതിക്കല്‍, ശൗച്യാലയ നിര്‍മാണം എന്നിവയാണ് ഒടുവില്‍ നടന്നത്. മാസത്തില്‍ 300 മുതല്‍ 400 വരെ സഞ്ചാരികള്‍ ടൂറിസം കേന്ദ്രത്തില്‍ എത്താറുണ്ട്. അവധി ദിനങ്ങളിലും പ്രത്യേക അവസരങ്ങളിലും കൂടും. പെരുവണ്ണാമൂഴിയില്‍ എത്തുന്ന വിനോദസഞ്ചാരികള്‍ക്ക് എളുപ്പം എത്താവുന്ന സ്ഥലം കൂടിയാണ് ജാനകിക്കാട്. അതിനാല്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഒരുങ്ങിയാല്‍ സഞ്ചാരികളെ ആകര്‍ഷിക്കാനാകും.