മുഖംമിനുക്കാനൊരുങ്ങി മാനാഞ്ചിറ മൈതാനം
കോഴിക്കോട്: മാനാഞ്ചിറ മൈതാനത്ത് ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ നവീകരണപ്രവര്‍ത്തനങ്ങള്‍ നടത്തുന്നു. 1.70 കോടി ചെലവഴിച്ച് നടത്തുന്ന പണി അധികം വൈകാതെതന്നെ തുടങ്ങും.
ടോയ്ലറ്റ് ബ്ലോക്കുള്‍പ്പെടെയുള്ള സൗകര്യമാണ് നവീകരണത്തില്‍ പ്രധാനമായും വരുന്നത്. ഏതു രീതിയിലുള്ള ടോയ്ലറ്റാണ് സ്ഥാപിക്കുകയെന്നകാര്യത്തില്‍ അന്തിമതീരുമാനമായിട്ടില്ല. മൈതാനത്തിന്റെ മുഖമുദ്രയായ പ്രവേശനകവാടം പുതുക്കാനും ഉദ്ദേശിച്ചിട്ടുണ്ട്. എന്നാല്‍, ഇതു പൊളിച്ച് രൂപമാറ്റം വരുത്തുകയില്ല.
നിലവില്‍ മൈതാനത്തിന്റെ നടപ്പാതയിലെ ടൈലുകളും ചുറ്റുമതിലിന്റെ ഭാഗമായ വേലിയുമെല്ലാം പലയിടങ്ങളിലും പൊളിഞ്ഞിട്ടുണ്ട്. മാനാഞ്ചിറയിലെ കുളത്തിനോടുചേര്‍ന്നുള്ള ഭാഗത്താണ് വേലികള്‍ കൂടുതലായി നശിച്ചിട്ടുള്ളത്. ഇവയെല്ലാം മാറ്റും. ടൈലുകള്‍ പതിക്കാത്ത ഭാഗത്ത് അവ പതിക്കും. മൈതാനത്തുള്ള വിളക്കുകള്‍ പലതും കാലങ്ങളായി കത്തുന്നില്ല. ഇവയുടെ കേടുപാടും പരിഹരിക്കും. തൂണുകളിലും മരത്തിനോടു ചേര്‍ന്നുള്ള സ്പോട്ട് ലൈറ്റുകളും മാറ്റും. ശില്പത്തോടു ചേര്‍ന്നും ലൈറ്റ് സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്നുണ്ട്.
നവീകരണപ്രവര്‍ത്തനങ്ങള്‍ക്ക് ടൂറിസം വകുപ്പിന്റെ അനുമതി ലഭിച്ചുകഴിഞ്ഞു. ഇനി സാങ്കേതികാനുമതി കിട്ടിയാല്‍ മാത്രം മതി. ഇതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന് ഡി.ടി.പി.സി. സെക്രട്ടറി ബിനോയ് വേണുഗോപാല്‍ പറഞ്ഞു. അതേസമയം അന്‍സാരി പാര്‍ക്കിനോടു ചേര്‍ന്ന് മുമ്പ് ഒരുക്കിയിരുന്ന ജലധാര ഉള്‍പ്പെടെയുള്ളവ ഏറെക്കാലമായി പ്രവര്‍ത്തിക്കുന്നില്ല. കോര്‍പ്പറേഷന്‍ ഫണ്ട് അനുവദിച്ചാല്‍ ഇതുകൂടി നവീകരിക്കാനാകും.
0 Comments