കോഴിക്കോട്:താമരശ്ശേരി ചുരത്തിൽ നവംബർ ഒന്നു മുതൽ പാർക്കിങ് നിരോധനം. കല്കടർ യു.വി. ജോസിന്റെ അധ്യക്ഷതയിൽ ചേർന്ന അവലോകന യോഗത്തിലാണു തീരുമാനം. കാഴ്ച കാണാനും ഭക്ഷണം കഴിക്കാനുമായി നിലവിൽ ചുരത്തിൽ പലയിടങ്ങളിലും വാഹനങ്ങൾ നിർത്തുന്നത് ഗതാഗതതടസ്സവും സുരക്ഷാ പ്രശ്നവുമുണ്ടാക്കുന്നുണ്ട്.
ഭക്ഷണാവശിഷ്ടങ്ങൾ ഉപേക്ഷിക്കുന്നത് മലിനീകരണവുമുണ്ടാക്കുന്ന സാഹചര്യത്തിലാണു തീരുമാനം. പാർക്കിങ്ങിനായി ലക്കിടിയിൽ സ്‌ഥലം തയാറാക്കി വ്യൂ പോയിന്റിലേക്ക് സഞ്ചാരികൾക്ക് നടന്നു പോകാനുള്ള സൗകര്യം ഉണ്ടാക്കും. ഇതിനുളള നടപടി വയനാട് ജില്ലാ ഭരണകൂടം സ്വീകരിക്കും.
ചുരത്തിലെ മൂന്ന്, അഞ്ച്, ആറ്, ഏഴ്, എട്ട് വളവുകൾക്കു വീതികൂട്ടാൻ 0.92 ഹെക്‌ടർ ഭൂമി വനംവകുപ്പിൽ നിന്ന് ലഭിക്കണം. സംസ്ഥാന സർക്കാരിന്റെ അനുമതി ലഭിച്ചാൽ പൊതുമരാമത്ത് ദേശീയപാതാ വിഭാഗത്തിനു ജോലികൾ തുടങ്ങാം. ലഭ്യമായ ഭൂമിയുപയോഗിച്ച് ചിലയിടങ്ങളിൽ ഇപ്പോൾതന്നെ പണിനടത്താനാകുമെന്നും കലക്ടർ അറിയിച്ചു.
എം.ഐ. ഷാനവാസ് എംപി, വയനാട് കലക്ടർ എസ്. സുഹാസ്, കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി, വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി. ഉഷകുമാരി എന്നിവർ യോഗത്തിൽ പങ്കെടുത്തു.
യോഗത്തിലെടുത്ത മറ്റു തീരുമാനങ്ങൾ
- മാലിന്യനീക്കത്തിനു പുതിയ സംവിധാനം
- ലക്കിടി – ഒൻപതാം ഹെയർപിൻ വളവുവരെ വൃത്തിയാക്കാൻ വയനാട് ഡിടിപിസി
- ഒൻപതാംവളവ് – അടിവാരം ശുചീകരണം കോഴിക്കോട് ഡിടിപിസിയും പുതുപ്പാടി പഞ്ചായത്തും ചേർന്ന്
- അറവുമാലിന്യങ്ങളും സെപ്‌റ്റിക് മാലിന്യങ്ങളും തള്ളുന്നതു നിരീക്ഷിക്കാൻ സിസിടിവി സ്‌ഥാപിക്കും
- ചുരം വൈദ്യുതീകരണത്തിനുള്ള മൂന്നുകോടിയുടെ പദ്ധതി പരിഗണനയിൽ
- ആവശ്യമെങ്കിൽ സോളർ ലൈറ്റുകൾ സ്‌ഥാപിക്കാമെന്ന് കോഴിക്കോട് ജില്ലാ പഞ്ചായത്ത്
- പുതിയ ഹോർഡിങ്ങുകൾക്ക് അനുമതി നൽകില്ല. നിലവിലുള്ളവ കാലാവധി കഴിഞ്ഞാൽ നീക്കുംഅനധികൃത നിർമാണങ്ങൾക്കെതിരെ റീജനൽ ടൗൺ പ്ലാനറുടെ റിപ്പോർട്ടിന്റെ അടിസ്‌ഥാനത്തിൽ നടപടി
- അമിതഭാരം കയറ്റി വരുന്ന വാഹനങ്ങൾക്കെതിരെ പൊലീസ് നടപടി
- വെയ്‌ബ്രിജ് സ്‌ഥാപിക്കാൻ ഫണ്ടുനൽകുമെന്ന് എം.ഐ. ഷാനവാസ് എംപി