ഫറോക്കിൽ പഴയ ഇരുമ്പ് പാലം അപകടത്തില്‍

കണ്ടെയ്നർ ലോറികൾ ഇടിച്ചു കമാനങ്ങൾ തകർന്ന ഫറോക്കിലെ പഴയ ഇരുമ്പു പാലം.


കോഴിക്കോട്:ബ്രിട്ടീഷുകാർ നിർമിച്ചതും ഫറോക്കിന്റെ അഭിമാനവുമായ പഴയ ഇരുമ്പ് പാലം തകർച്ചാ ഭീഷണിയിൽ. കമാനങ്ങൾ തകർന്ന് അപകട നിലയായ പാലത്തിന്റെ അപ്രോച്ച് റോഡ് ഭിത്തിയിൽ വിള്ളൽ പ്രത്യക്ഷപ്പെട്ടു. ചെറുവണ്ണൂർ കരയോടു ചേർന്ന തൂണിനു സമീപമാണ് പാർശ്വ സുരക്ഷാ ഭിത്തിയിൽ വിള്ളലുണ്ടായിരിക്കുന്നത്.

സമയബന്ധിതമായി പുനരുദ്ധാരണം നടത്താത്തതിനാൽ ബലക്ഷയം നേരിട്ട പാലത്തിന്റെ ഇരുമ്പ് ചട്ടക്കൂടുകൾ പലതും പൊട്ടി വേർപെട്ടിട്ടുണ്ട്. കണ്ടെയ്നറുകൾ ഉൾപ്പെടെ ചരക്കു ലോറികൾ ഇടിച്ചു ഫറോക്ക് കരയിലെ അഞ്ചു കമാനങ്ങൾ തകർന്നു. പൊട്ടിയ ഇരുമ്പ് ഭാഗം തൂങ്ങി നിൽക്കുകയാണ്. മറ്റു കമാനങ്ങളും നാശത്തിന്റെ വക്കിലാണ്.

ഇടതടവില്ലാതെ വാഹനങ്ങൾ കടന്നു പോകുന്ന പാലത്തിലൂടെ വലിയ ചരക്കു ലോറികളുടെ അനിയന്ത്രിതമായ സഞ്ചാരമാണ് സുരക്ഷാ ഭീഷണിയായത്. വലിയ വാഹനങ്ങൾ പ്രവേശിക്കാതിരിക്കാൻ നേരത്തെ മരാമത്ത് അധികൃതർ ഇരു കവാടങ്ങളിലും സുരക്ഷാ കമാനങ്ങൾ സ്ഥാപിച്ചിരുന്നു. നിർമാണത്തിലെ അശാസ്ത്രീയതയാൽ സ്ഥാപിച്ചു മണിക്കൂറുകൾക്കകം തന്നെ ഇവ തകർന്നു.


പിന്നീടു പുന:സ്ഥാപിക്കാതിരുന്നതാണ് വീണ്ടും തകർച്ചയ്ക്കു വഴിവച്ചത്. കൊച്ചിയിൽ നിന്നു ചമ്രവട്ടം വഴി തീരദേശപാതയിലൂടെ എത്തുന്ന കണ്ടെയ്നർ ലോറികൾ ഫറോക്ക് വഴിയാണ് നഗരത്തിലേക്ക് കടക്കുന്നത്. രാത്രിയിൽ എത്തുന്ന ഇത്തരം വാഹനങ്ങളിടിച്ചാണ് പാലത്തിനു മുകളിലെ ഇരുമ്പ് കമാനം പൊട്ടുന്നത്. ഉയരം കൂടിയ വാഹനങ്ങൾ പ്രവേശിക്കുന്നതു തടഞ്ഞില്ലെങ്കിൽ നൂറ്റാണ്ടിന്റെ പാരമ്പര്യവും ഏറെ ചരിത്രപ്രാധാന്യവുമുള്ള ഫറോക്കിലെ പഴയ ഇരുമ്പ് പാലം നാശത്തിലാകുമെന്ന ആശങ്ക ഉയർന്നിട്ടുണ്ട്.

ലോറികൾ കുതിക്കുന്നു

പഴയ പാലത്തിലേക്ക് ബസുകളല്ലാത്ത വലിയ വാഹനങ്ങൾക്കു പ്രവേശനം നിരോധിച്ചിട്ടുണ്ടെങ്കിലും ഇതു ലംഘിച്ചാണ് കണ്ടെയ്നർ ഉൾപ്പെടെയുള്ള ലോറികളുടെ കുതിച്ചോട്ടം. പാലത്തിന്റെ ഇരുകരയിലും ട്രാഫിക് പൊലീസ് മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ചിട്ടുണ്ട്. ഇതു പാലിക്കാതെ രാപകൽ വ്യത്യാസമില്ലാതെ ലോറികൾ കടന്നു പോകുന്നുവെന്നതാണ് വസ്തുത. 3.70 മീറ്ററിലേറെ ഉയരമുള്ള വാഹനങ്ങൾ പുതിയപാലം വഴി പോകണമെന്നാണ് മുന്നറിയിപ്പ്. കരുവൻതിരുത്തി റോഡ് വഴി വരുന്ന വാഹനങ്ങൾ ഇപ്പോഴും പഴയപാലം വഴിയാണ് ദേശീയപാതയിലേക്ക് പ്രവേശിക്കുന്നത്. നിയമം ലംഘിച്ചുള്ള വാഹനയോട്ടത്തിനെതിരെ പൊലീസ് നടപടിയുണ്ടായാൽ പരിധിവരെ പാലത്തിന്റെ അപകട ഭീഷണി ഒഴിവാക്കാനാകും.

സിഗ്നൽ എവിടെ..?

വാഹനങ്ങൾ നിയന്ത്രണമില്ലാതെ പ്രവേശിക്കുന്നതിനാൽ ഫറോക്ക് പഴയ പാലത്തിൽ ഗതാഗതക്കുരുക്ക് രൂക്ഷമാണ്. തിരക്കേറിയ രാവിലെയും വൈകിട്ടും പാലത്തിൽ ഗതാഗതം സ്തംഭിക്കുന്നതു പതിവാണ്. ഇടുങ്ങിയ പാലത്തിലേക്കു ഇരുകരയിൽ നിന്നും ഒരേസമയം വാഹനങ്ങൾ കയറുന്നതാണ് യാത്ര മുടക്കുന്നത്. ഏതെങ്കിലും ഒരു ഭാഗത്തു നിന്നുള്ള വാഹനങ്ങൾ പിന്നോട്ടെടുത്താൽ മാത്രമേ ഗതാഗതം സാധ്യമാകൂ. ബ്രിട്ടീഷുകാർ നിർമിച്ച പഴയ ഇരുമ്പ് പാലത്തിനു വേണ്ടത്ര വീതിയില്ല. ഒരേസമയം ഇരുഭാഗത്തേയ്ക്കും വലിയ വാഹനങ്ങൾക്കു പോകാൻ പറ്റില്ല. ഇതിനാൽ ഗതാഗതക്കുരുക്ക് ഉണ്ടാകുമ്പോൾ ഡ്രൈവർമാർ തമ്മിൽ വാക്കേറ്റവും കയ്യാങ്കളിയും പതിവാണ്.

ഗതാഗത തടസ്സം പതിവായപ്പോൾ ആറു വർഷം മുൻപ് എംഎൽഎ ഫണ്ടിൽ പാലത്തിനിരുവശത്തും സിഗ്‌നൽ ലൈറ്റ് സ്ഥാപിച്ചിരുന്നു. പൊലീസ് സാന്നിധ്യമില്ലാതായപ്പോൾ സിഗ്‌നൽ അവഗണിച്ചായിരുന്നു വാഹനങ്ങൾ പോയിരുന്നത്. ആറു മാസത്തോളം നല്ലനിലയിൽ പ്രവർത്തിച്ച സിഗ്‌നൽ, കേടായതിൽ പിന്നെ അറ്റകുറ്റപ്പണി നടത്തിയിട്ടില്ല. പാലത്തിൽ പതിവായ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ സിഗ്‌നൽ സംവിധാനം അനിവാര്യമാണ്.

134 വർഷത്തെ പഴക്കം

1883ലാണ് ബ്രിട്ടീഷുകാർ‍ ചാലിയാറിനു കുറുകെ ഫറോക്കിൽ ഇരുമ്പ് പാലം പണിതത്. ആദ്യകാലത്ത് ഇതുവഴിയായിരുന്നു ട്രെയിൻ ഗതാഗതം. 1924ൽ പുതിയ റെയിൽപാലം നിർമിച്ചതോടെയാണ് പഴയപാലം റോഡ് ഗതാഗതത്തിനു വിട്ടുനൽകിയത്. 2005ൽ പഴയപാലത്തിന്റെ ഇരുമ്പ് പ്ലേറ്റുകൾ തകർന്നു ദ്വാരം വീണിരുന്നു. തുടർന്ന് ഒരു മാസക്കാലം പാലം അടച്ചിട്ടു പൂർണമായും അറ്റകുറ്റപ്പണി നടത്തുകയുണ്ടായി. ലോറികളിടിച്ചു കമാനങ്ങൾ തകർന്നതിനെ തുടർന്നു നാലു വർഷം മുൻപ് 25 ലക്ഷം രൂപ ചെലവിട്ടു അറ്റകുറ്റപ്പണി നടത്തിയിരുന്നു.