കോഴിക്കോട്: നാശത്തിന്റെ വക്കിലെത്തിയ സാന്‍ഡ് ബാങ്ക്‌സ് ടൂറിസം പദ്ധതിക്ക് ഇനിയുള്ള പ്രതീക്ഷ സര്‍ഗാലയ ക്രാഫ്റ്റ് വില്ലേജ് കിഫ്ബിയില്‍ സമര്‍പ്പിച്ച ടൂറിസം പദ്ധതിയില്‍. സാന്‍ഡ് ബാങ്ക്‌സ് ഉള്‍പ്പെടെ പ്രധാനപ്പെട്ട ടൂറിസം കേന്ദ്രങ്ങളെ കൂട്ടിയിണക്കുന്നാണ് പദ്ധതി. 43 കോടി രൂപയാണ് പദ്ധതി ചെലവ് കണക്കാക്കുന്നത്. സര്‍ഗാലയ, മൂരാട് കൈത്തറിഗ്രാമം, കോട്ടത്തുരുത്തി, സാന്‍ഡ് ബാങ്ക്‌സ്, കണ്ണൂരിലെ മുഴപ്പിലങ്ങാട് ബീച്ച്, ധര്‍മടം എന്നീ സ്ഥലങ്ങളെ കൂട്ടിയിണക്കിയുള്ള ടൂറിസം സര്‍ക്യൂട്ടാണ് ലക്ഷ്യം. ഇതില്‍ സാന്‍ഡ് ബാങ്ക്‌സിനും പരിഗണനയുണ്ട്. അടിസ്ഥാന സൗകര്യവികസനത്തിനു പുറമേ ബോട്ടിങ്, കുട്ടികള്‍ക്കും മറ്റുമുള്ള വിനോദാപാധികള്‍, മലിനജലസംസ്‌കരണ പ്ലാന്റ്, ശൗചാലയങ്ങള്‍ എന്നിവയെല്ലാം പദ്ധതി വഴി ലക്ഷ്യമിടുന്നു. പദ്ധതി റിപ്പോര്‍ട്ട് കിഫ്ബി പരിശോധിച്ചുവരുകയാണ്. അംഗീകാരം കിട്ടിയാല്‍ മലബാറിലെ ടൂറിസം രംഗത്ത് വന്‍കുതിച്ചുചാട്ടം സൃഷ്ടിക്കുന്നതിനുപുറമേ സാന്‍ഡ് ബാങ്ക്‌സിന്റെ ഇല്ലായ്മകള്‍ക്കും പരിഹാരമാകും. സര്‍ഗാലയയില്‍ എത്തുന്ന സഞ്ചാരികള്‍ക്ക് ബോട്ടിലൂടെ സാന്‍ഡ് ബാങ്ക്‌സില്‍ എത്താന്‍ സാധിക്കും. യാത്രാമധ്യേ കോട്ടത്തുരുത്തി ദ്വീപിലും ഇറങ്ങാം. കോട്ടത്തുരുത്തിയില്‍ ഉള്‍പ്പെടെ തദ്ദേശവാസികളെ ഉള്‍പ്പെടുത്തിയുള്ള ഉത്തരവാദിത്വ ടൂറിസം പദ്ധതിയാണ് സര്‍ഗാലയ ലക്ഷ്യമിടുന്നത്. സാന്‍ഡ് ബാങ്ക്‌സ്, സര്‍ഗാലയ, കോട്ടത്തുരുത്തി എന്നീ പ്രദേശങ്ങള്‍ അടുത്തടുത്താണ്. തൊട്ടടുത്താണ് കൊളാവിപ്പാലം. ഇവിടെ മൂന്നുഭാഗവും വെള്ളത്താല്‍ ചുറ്റപ്പെട്ട പ്രദേശമുണ്ട്. ഇവിടെ വടകര നഗരസഭയ്ക്ക് സ്ഥലമുണ്ട്. തുരുത്തിനെയും ടൂറിസം പദ്ധതിയുടെ ഭാഗമാക്കാന്‍ നീക്കം നടക്കുന്നുണ്ട്.
ഒരാഴ്ച മുമ്പ് സാന്‍ഡ് ബാങ്ക്‌സ് സന്ദര്‍ശിച്ച കെ.ടി.ഡി.സി. ചെയര്‍മാന്‍ എം. വിജയകുമാര്‍ ഈ സ്ഥലത്തെ ഉപയോഗപ്പെടുത്തി എങ്ങനെ ടൂറിസം സാധ്യത വര്‍ധിപ്പിക്കാം എന്നതുസംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഇത് യാഥാര്‍ഥ്യമായാല്‍ സാന്‍ഡ് ബാങ്ക്‌സിനു മുതല്‍ക്കൂട്ടാവും. ഇതുകൂടാതെ സാന്‍ഡ് ബാങ്ക്‌സിന്റെ നടത്തിപ്പുചുമതല സര്‍ഗാലയയെ ഏല്‍പ്പിക്കാനും നിര്‍ദേശം ഉയര്‍ന്നിരുന്നു. ഇതിന് സര്‍ഗാലയ തയ്യാറായതുമാണ്. എന്നാല്‍ തുടര്‍നടപടികള്‍ എങ്ങുമെത്താതെ അനിശ്ചിതത്തിലാവുകയായിരുന്നു.