സര്‍വേ റിപ്പോര്‍ട്ട് കൈമാറി കനോലി കനാൽ നവീകരണത്തിന് ഒരുമാസത്തിനകം മാസ്റ്റര്‍ പ്ലാൻകോഴിക്കോട്: കനോലി കനാലിന്റെയും കല്ലായിപ്പുഴയുടെയും നവീകരണത്തിന് ഒരുമാസത്തിനകം മാസ്റ്റര്‍ പ്ളാന്‍ തയ്യാറാക്കുമെന്ന് കലക്ടര്‍ യു വി ജോസ് അറിയിച്ചു. ജില്ലാ ഭരണവിഭാഗത്തിന്റെ നേതൃത്വത്തില്‍  തയ്യാറാക്കിയ സര്‍വേ റിപ്പോര്‍ട്ട് പ്രകാശനത്തിലാണ് കലക്ടര്‍ ഇക്കാര്യം അറിയിച്ചത്.

റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആര്‍ക്കിടെക്ട്, ടൌണ്‍ പ്ളാനിങ് വിഭാഗം എന്നിവയുടെ സഹായത്തിലാണ് മാസ്റ്റര്‍ പ്ളാന്‍ തയ്യാറാക്കുക.  നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് പോലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും പൊതുജനങ്ങളുടെയും സഹകരണമുണ്ടാകും.  കനോലി കനാലിന്റെയും കല്ലായിയുടെയും നവീകരണം ലക്ഷ്യംവച്ച്  നടത്തിയ സര്‍വേ റിപ്പോര്‍ട്ട് റീജ്യണല്‍ ടൌണ്‍ പ്ളാനര്‍ കെ വി അബ്ദുള്‍ മാലിക് കലക്ടര്‍ യു വി ജോസിന് കൈമാറി.  കഴിഞ്ഞ ആഗസ്ത് 26നാണ് വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെയും വിദ്യാര്‍ഥികളുടെയും പങ്കാളിത്തത്തോടെ 13 കിലോമീറ്റര്‍ കനാല്‍ ഒരുദിവസംകൊണ്ട് സര്‍വേ നടത്തിയത്.

ഭൗതിക-സാമൂഹിക-സാമ്പത്തികം-പരിസ്ഥിതി  വിഭാഗങ്ങളിലായി സ്വകാര്യ ഭൂമിയിലാണ് സര്‍വേ നടത്തിയത്. ഇതിന് മുന്നോടിയായി കനാലിന്റെ തീരത്ത് സര്‍ക്കാര്‍ ഭൂമിക്കും സ്വകാര്യഭൂമിക്കും ഇടയില്‍ അതിര്‍ത്തിതിരിച്ചിരുന്നു. കനാലിന്റെ തീരത്തായി മൊത്തം 97 വ്യവസായ സ്ഥാപനങ്ങളും 238 വാണിജ്യ കേന്ദ്രങ്ങളും 501 വീടുകളും ഏഴ് ആശുപത്രികളും ഉണ്ടെന്ന് സര്‍വേയില്‍ കണ്ടെത്തി. 54 എണ്ണം മരവ്യവസായമാണ്. വീടുകളും സ്ഥാപനങ്ങളും സംരക്ഷിച്ചുകൊണ്ടുള്ള നവീകരണം നടത്താനാണ് ലക്ഷ്യമിടുന്നത്. അതേ സമയം കല്ലായി ഭാഗങ്ങളില്‍ വീതി കൂട്ടുന്നതിന്റെ ഭാഗമായി പുനരധിവാസം വേണ്ടിവരും. ഇവിടങ്ങളില്‍ നിന്ന് മാറ്റപ്പെടുന്നവരുടെ സംരക്ഷണം ഉറപ്പാക്കുന്നതുള്‍പ്പെടെ പദ്ധതിയില്‍ ഉള്‍പ്പെടുത്തും.  അടുത്ത ഘട്ടത്തില്‍ സര്‍ക്കാരിന്റെ ഭൂമി അളന്ന് തിട്ടപ്പെടുത്തും. അനധികൃത കൈയേറ്റം കണ്ടെത്തിയാല്‍ കര്‍ശന നടപടി കൈക്കൊള്ളും. സര്‍വേയില്‍ പങ്കെടുത്തവരില്‍ 10 ശതമാനത്തില്‍ താഴെ മാത്രമാണ് നവീകരണം വേണ്ടെന്ന് അഭിപ്രായപ്പെട്ടത്. ചുരുങ്ങിയത് 14 മീറ്റര്‍ വീതിയില്‍ നവീകരണമെന്നാണ് ലക്ഷ്യമിടുന്നതെങ്കിലും 16 മീറ്ററില്‍ നടപ്പാക്കാന്‍ സൌകര്യമുണ്ടെന്ന് കലക്ടര്‍ പറഞ്ഞു.  റോഡുകളുടെ നിലനില്‍പ്പ് പരിഗണിച്ചുള്ള വീതികൂട്ടല്‍ പ്രവൃത്തികള്‍ നടത്താനാണുദ്ദേശിക്കുന്നത്. കലക്ടറുടെ ചേമ്പറില്‍ നടന്ന ചടങ്ങില്‍ ചീഫ് എന്‍വയണ്‍മെന്റല്‍ എന്‍ജിനിയര്‍ എം എസ് ഷീബ, ഇറിഗേഷന്‍ എക്സ്ക്യുട്ടീവ് എന്‍ജിനിയര്‍ പി  അജിത്ത് കുമാര്‍ എന്നിവര്‍ പങ്കെടുത്തു.
 എന്‍ഐടി, കെഎംസിടി, എംഡിറ്റ്, കോഴിക്കോട് ഹോളി ക്രോസ് കോളേജ്, ദേവഗിരി കോളേജ് , കെഎംസിടി കോളേജുകളിലെ  വിദ്യാര്‍ഥികളും മലിനീകരണ നിയന്ത്രണ ബോര്‍ഡിലെ അസി. എന്‍ജിനിയര്‍മാരും ചേര്‍ന്നാണ് സര്‍വേ നടത്തിയത്.