വോള്‍ട്ടേജ് ക്ഷാമത്തിന് പരിഹാരം: കിനാലൂര്‍ 110 കെവി സബ് സ്റ്റേഷന്‍ നാടിന് സമര്‍പ്പിച്ചു


കോഴിക്കോട്: ഉണ്ണികുളം, ബാലുശേരി പ്രദേശങ്ങളിലെ വോള്‍ട്ടേജ് ക്ഷാമം പരിഹരിക്കുന്നതിനും വ്യാവസായികാവശ്യങ്ങള്‍ നിറവേറ്റുന്നതിനും ലക്ഷ്യമിട്ട് സ്ഥാപിച്ച കിനാലൂര്‍ 110 കെവി സബ് സ്റ്റേഷന്‍ വൈദ്യുത പദ്ധതി മന്ത്രി എം.എം. മണി നാടിന് സമര്‍പ്പിച്ചു. പുരുഷന്‍ കടലുണ്ടി എംഎല്‍എ അധ്യക്ഷത വഹിച്ചു. സംസ്ഥാനത്തിന്റെ ആവശ്യത്തിന് വൈദ്യുതി ഇല്ലാതിരുന്നിട്ടും പവര്‍കട്ട് ഒഴിവാക്കുന്നത് മാന്ത്രിക വിദ്യയല്ലെന്നും വൈദ്യുതി വിലയ്‌ക്കെടുത്ത് വിതരണം നടത്തുകയാണെന്നും മന്ത്രി പറഞ്ഞു. ആകെ വേണ്ടതിന്റെ 30 ശതമാനമാണ് സംസ്ഥാനത്തിന്റെ വൈദ്യുതി ഉത്പാദനം. ജലവൈദ്യുത പദ്ധതികള്‍ക്ക് ഇനി കേരളത്തില്‍ സാധ്യതയില്ല.

സോളാര്‍ വൈദ്യുതി ഉത്പാദനത്തിന്റെ ചെലവ് ഭാരിച്ചതാണ്. കഴിഞ്ഞസര്‍ക്കാരിന്റെ കാലത്ത് നിര്‍ത്തിവച്ച വൈദ്യുത പദ്ധതികളുടെ പ്രവൃത്തി എത്രയും വേഗത്തില്‍ പൂര്‍ത്തിയാക്കും. 163 മെഗാവാട്ട് വൈദ്യുതി ഉത്പാദന സാധ്യതയുളള അതിരപ്പിളളി പദ്ധതി പരിസ്ഥിതി വിഷയങ്ങളാല്‍ തടസപ്പെടുകയാണ്. പദ്ധതി നടപ്പാവണം എന്നാണ് ആഗ്രഹമെന്നും മന്ത്രി പറഞ്ഞു. നാല്‍പ്പതിനായിരത്തോളം ഉപഭോക്താക്കള്‍ക്ക് കിനാലൂര്‍ സബ് സ്റ്റേഷന്റെ പ്രയോജനം ലഭ്യമാവും. കക്കയം - ചേവായൂര്‍ 110 കെവി ലൈനില്‍ നിന്നും 2.5 കിമീ 110 കെവി ഡബിള്‍ സര്‍ക്യൂട്ട് ലൈന്‍ നിര്‍മ്മിച്ചാണ് സബ്‌സ്റ്റേഷനിലേക്ക് വൈദ്യുതി എത്തിച്ചിട്ടുളളത്.

കൊടുവളളി, കൊയിലാണ്ടി 110 കെവി, താമരശേരി 66 കെവി സബ് സ്റ്റേഷനുകളില്‍ നിന്നുളള ഫീഡറുകളുടെ ലോഡ് കുറയുന്നതുകാരണം താമരശേരി, ബാലുശേരി, പുതുപ്പാടി, പൂനൂര്‍, എകരൂല്‍, കൊയിലാണ്ടി എന്നീ മേഖലകളിലെ ഉപഭോക്താകള്‍ക്കും ഗുണകരമാണ്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശേരി, കെഎസ്ഡിസി മാനേജിംഗ് ഡയറക്ടര്‍ ഡോ. കെ.എം. ബീന, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. പ്രതിഭ, പഞ്ചായത്ത് പ്രസിഡന്റ് വി.എം. കമലാക്ഷി, ജില്ലാ പഞ്ചായത്ത് മെംബര്‍ നജീബ് കാന്തപുരം, ബാലുശേരി ബ്ലോക്ക് പഞ്ചായത്ത് മെംബര്‍ അഹമ്മദ് കോയ മാസ്റ്റര്‍, പനങ്ങാട് ഗ്രാമപഞ്ചായത്ത് മെംബര്‍ പി.കെ. നാസര്‍, വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികളായ ഇസ്മയില്‍ കുറുന്‌പൊയില്‍, കെ.കെ. പരീത്, നാസര്‍ എസ്റ്റേറ്റ്മുക്ക്, ബാബുരാജ് അന്പാടി, പി. സുധാകരന്‍ മാസ്റ്റര്‍, ശ്രീധരന്‍, എന്‍.പി. രാംദാസ്, കിനാലൂര്‍ ഇന്‍ഡസ്ട്രിയല്‍ പ്രമോട്ടേഴ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ പ്രതിനിധി സന്തോഷ്, ഡെപ്യൂട്ടി ചീഫ് എന്‍ജിനിയര്‍ പി. പ്രസന്ന എന്നിവര്‍ പ്രസംഗിച്ചു. ചീഫ് എന്‍ജിനിയര്‍ ജയിംസ് എം. ഡേവിസ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു.