രണ്ട് സൈബര്‍ പാര്‍ക്കുകളിലുമായി 31 കമ്പനികൾ 825 പേര്‍ക്ക് ജോലി


കോഴിക്കോട്: മലബാറിന്റെ ഐ.ടി തലസ്ഥാനമായി വളരുന്ന കോഴിക്കോട്ടെ രണ്ട് സൈബര്‍ പാര്‍ക്കുകളിലായി ഇതിനകം 31 കമ്പനികള്‍ പ്രവര്‍ത്തനമാരംഭിച്ചും. ദേശീയപാത ബൈപ്പാസില്‍ പാലാഴിക്ക് സമീപം ഒന്നര വര്‍ഷം മുമ്പ് ആരംഭിച്ച യു.എല്‍. സൈബര്‍ പാര്‍ക്കിലും അഞ്ചുമാസം മുമ്പ് ആരംഭിച്ച സര്‍ക്കാര്‍ സൈബര്‍ പാര്‍ക്കിലുമാണ് ഐ.ടി. കമ്പനികളുടെ പ്രവാഹമുണ്ടാകുന്നത്. ഈ രണ്ട് പാര്‍ക്കുകളിലായി ഇതിനകം 825 പേര്‍ക്ക് ജോലിയും ലഭിച്ചു. ഈവര്‍ഷംതന്നെ ഈ രണ്ട് സൈബര്‍ പാര്‍ക്കിലുമായി ഏഴ് കമ്പനികള്‍ കൂടി പ്രവര്‍ത്തനമാരംഭിക്കുകയും ചെയ്യും. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള ഐ.ടി. നിക്ഷേപകരെ പ്രതീക്ഷിച്ചിരിക്കുന്ന കോഴിക്കോടിന് അഭിമാനപൂര്‍വം മുന്നോട്ടുവെയ്ക്കാന്‍ നാല് ലക്ഷം ചതുരശ്രയടി സ്ഥലം ഈരണ്ട് സൈബര്‍ പാര്‍ക്കിലായി അവശേഷിക്കുന്നുമുണ്ട്. ഈവര്‍ഷം മേയില്‍ ഉദ്ഘാടനം കഴിഞ്ഞ സര്‍ക്കാര്‍ സൈബര്‍ പാര്‍ക്കില്‍ ഇതിനകം ആറുകമ്പനികള്‍ പ്രവര്‍ത്തനമാരംഭിച്ചു. ഓഫൈറ്റ് ടെക്‌നോളജീസ്, ബിനാം സൊല്യൂഷന്‍സ്, മിനിമാലിസ്റ്റര്‍, ക്യാപ് സ്റ്റോണ്‍, സിനിയോ ടെക്‌നോളജീസ്, മോണ്ട്യുറ വി.എസ്.എക്‌സ് എന്നിവയാണത്. ഇതിന് പുറമെ, ഐടിക്‌സ് സൊല്യൂഷന്‍സ്, ഇന്‍ഫൈനെറ്റ് ഓപ്പണ്‍ സൊല്യൂഷന്‍സ്, എക്‌സ്‌പോര്‍ട്ട് ക്യൂബ് എന്നിവയാണ് ഉടനെ പ്രവര്‍ത്തനമാരംഭിക്കുന്നവ. പ്രത്യേക സൗകര്യങ്ങള്‍ ഒരുക്കി ഫെബ്രുവരിയോടെ വികസനത്തിന്റെ മറ്റൊരു ഘട്ടത്തിലേക്ക് പ്രവേശിക്കാനുള്ള പദ്ധതികള്‍ ചിട്ടപ്പെടുത്തിയതായി സര്‍ക്കാര്‍ സൈബര്‍ പാര്‍ക്ക് ജനറല്‍ മാനേജര്‍ നരേഷ് പറഞ്ഞു. രണ്ടര ലക്ഷം ചതുരശ്രയടി സ്ഥലമാണ് സര്‍ക്കാര്‍ സൈബര്‍ പാര്‍ക്കില്‍ നിലവില്‍ ഒഴിവുള്ളത്. 21 മാസം മുമ്പ് മലബാറിലെ ആദ്യത്തെ ഐ.ടി.പാര്‍ക്ക് എന്ന വിശേഷണവുമായി ആരംഭിച്ച യു.എല്‍. സൈബര്‍ പാര്‍ക്കില്‍ ഇരുപത്തിയഞ്ചാം കമ്പനി കഴിഞ്ഞദിവസമാണ് പ്രവര്‍ത്തനമാരംഭിച്ചത്. നാലുകമ്പനികള്‍ ഉടനെ ഇവിടെ പ്രവര്‍ത്തനമാരംഭിക്കുകയും ചെയ്യും.
ക്യൂബസ്റ്റ്, റണ്‍ബുക്ക്, ഐ.പി.എസ്.ആര്‍ സൊല്യൂഷന്‍സ്, മെന്റര്‍, അക്കോഡെക്‌സ് ഐ.ടി. സൊല്യൂഷന്‍സ്, എം.ടു.എച്ച്. ഇന്‍ഫോടെക്ക്, നോര്‍ജിം, വിശ്വ മെഡിക്കല്‍ ട്രാന്‍സ്‌ക്രിപ്ഷന്‍, ബിറ്റിറ്റിയൂഡ്, വിസ്‌റു, ബീകോണ്‍, ഐ.സി.ടി. അക്കാദമി, കേരള സ്റ്റാര്‍ട്ട് അപ്പ് മിഷന്‍, കെ.എസ്.ഐ.ഡി.സി, ഡോവ്‌ലിന്‍ ഹെല്‍ത്ത് കെയര്‍, യു.എല്‍. ടെക്‌നോളീസ്, അല്‍സോണ്‍, സൈബെയ്‌സ്, ബുക്ക് പ്രിന്റടര്‍, ഗ്രിറ്റ് സ്റ്റോണ്‍, സൈബര്‍ സമന, ന്യൂകോര്‍, പൈ ഡിസ്ട്രിക്റ്റ്, സോഫ്റ്റ് ഫ്രൂട്ട്, ജി.ഡാറ്റ ടെക്‌നോളജീസ് എന്നിവയാണ് നിലവില്‍ യു.എല്‍. സൈബര്‍പാര്‍ക്കില്‍ പ്രവര്‍ത്തനമാരംഭിച്ചത്. ഇവയ്ക്ക് പുറമെ, ന്യൂകോര്‍, ഏറോ വിറ്റീവ്, മാക്‌സ്ലോര്‍, ഓട്‌സെന്‍ എന്നിവയാണ് ഇവിടെ പ്രവര്‍ത്തനമാരംഭിക്കാന്‍ ഒരുങ്ങിയുള്ളതെന്ന് ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ ലെഫ്.കമാന്‍ഡര്‍ എസ്. അരുണ്‍ പറഞ്ഞു. ഒന്നരലക്ഷം ചതുരശ്രയടി സ്ഥലമാണ് ഇവിടെ ഇപ്പോള്‍ ഒഴിവുള്ളത്.