കൂലിത്തർക്കം: ബേപ്പൂർ തുറമുഖത്ത് സംഘർഷം


കോഴിക്കോട്:കൂലി പ്രശ്നം ഉന്നയിച്ചു കണ്ടെയ്നർ ഇറക്കുന്നതു തടസ്സപ്പെടുത്താൻ ശ്രമിച്ചതിനെ ചൊല്ലി ബേപ്പൂർ തുറമുഖത്ത് സംഘർഷം. കയറ്റിറക്കു തൊഴിലാളികളും പൊലീസും നേർക്കുനേർ ഏറ്റുമുട്ടി. രണ്ട് എസ്ഐമാർ ഉൾപ്പെടെ എട്ടു പൊലീസുകാർക്കും 12 തൊഴിലാളികൾക്കും ഒരു തുറമുഖ ജീവനക്കാരനും പരുക്കേറ്റു. തൊഴിലാളികളെ ലാത്തിവീശിയോടിച്ച പൊലീസ് ഗ്രനേഡ് പ്രയോഗിച്ചു.

പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് ഇന്നു രാവിലെ ആറു മുതൽ വൈകിട്ട് ആറു വരെ ബേപ്പൂർ ടൗൺ മുതൽ ബിസി റോഡ് വരെ ഹർത്താൽ ആചരിക്കാൻ സംയുക്ത തൊഴിലാളി യൂണിയൻ ആഹ്വാനം ചെയ്തു. പൊലീസിനെ ആക്രമിച്ചതിനു പിടിയിലായ അഞ്ചു തൊഴിലാളികളെ റിമാൻഡ് ചെയ്തു. നല്ലളം മലയങ്ങാടൻ പറമ്പ് റാസിഖ് (33), ബേപ്പൂർ കറുപ്പൻവീട്ടിൽ വിജീഷ് (29), ബേപ്പൂർ ബാബൂസാക്കാന്റകത്ത് മൊയ്തീൻകോയ (56), കപ്പാട്ടിൽ അബ്ദുൽ ഹാരിസ് (40), അരക്കിണർ കപ്പച്ചാലിൽ വയലിൽ ജാസിം (36) എന്നിവരാണ് റിമാൻഡിലായത്.

ഇന്നലെ രാവിലെ ഒൻപതോടെയാണ് തുറമുഖത്ത് തൊഴിലാളികളും പൊലീസും ഏറ്റുമുട്ടിയത്. മുംബൈയിൽനിന്ന് അഞ്ചു കണ്ടെയ്നർ തറയോടുമായി എംവി കരുതൽ എന്ന കപ്പൽ രാവിലെ തുറമുഖത്ത് എത്തി. കയറ്റിറക്കു കൂലി നിശ്ചയിച്ചതിൽ അപാകതയുണ്ടെന്ന് ആരോപിച്ചു കണ്ടെയ്നർ ഇറക്കുന്നതു തടയാൻ തൊഴിലാളികൾ ശ്രമിച്ചതാണ് സംഘർഷത്തിലും ലാത്തിച്ചാർജിലും കലാശിച്ചത്.

സംഘർഷ സാധ്യത മുന്നിൽക്കണ്ട് സൗത്ത് അസിസ്റ്റന്റ് കമ്മിഷണർ കെ.പി. അബ്ദുൽ റസാഖിന്റെ നേതൃത്വത്തിൽ വലിയ പൊലീസ് സന്നാഹം രാവിലെ തന്നെ തുറമുഖത്ത് നിലയുറപ്പിച്ചിരുന്നു. തഹസിൽദാർ കെ.ടി. സുബ്രഹ്മണ്യനും എത്തി. ഒൻപതോടെ വാർഫിൽ അടുപ്പിച്ച കപ്പലിൽ നിന്നു ഷിപ്പിങ് കമ്പനി കമ്പനി ജീവനക്കാരെ ഉപയോഗിച്ചു കണ്ടെയ്നറുകൾ ഇറക്കാൻ അധികൃതർ ശ്രമിച്ചു.

ഇതു തൊഴിലാളികളെ രോഷാകുലരാക്കി. അസിസ്റ്റന്റ് കോസ്റ്റൽ ഷിപ്പിങ് മാനേജർ മൂസ അനസിനു നേരെ കയ്യേറ്റശ്രമമുണ്ടായപ്പോൾ പൊലീസ് ഇടപെട്ടു തൊഴിലാളികളെ വിരട്ടിയോടിച്ചു. ഇതോടെ തൊഴിലാളികൾ തുറമുഖത്തെ ഇരുഗേറ്റുകളിലും വീപ്പകൾ അടുക്കിവച്ചു വഴി തടസ്സപ്പെടുത്തി. പൊലീസ് വീപ്പകൾ മാറ്റാൻ ശ്രമിച്ചതു വാക്കേറ്റത്തിനും ഉന്തുംതള്ളിനും ഇടയാക്കി.

സ്ഥിതി വഷളായപ്പോൾ വീണ്ടും ലാത്തി വീശിയതോടെ വാർഫിൽ ചിതറിയോടിയ തൊഴിലാളികൾ പൊലീസിനു നേരെ കല്ലെറിഞ്ഞു. പരുക്കേറ്റ മൂസ അനസിനെ (28) സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിനിടെയാണ് തൊഴിലാളികൾക്കു മർദനമേറ്റതും എസ്ഐമാർ ഉൾപ്പെടെയുള്ള പൊലീസുകാർക്കു പരുക്കേറ്റതും. ഇവർ ബീച്ച് ജനറൽ ആശുപത്രിയിലും മെഡിക്കൽ കോളജ് ആശുപത്രിയിലും ചികിത്സതേടി.

നല്ലളം എസ്ഐ എസ്.ബി. കൈലാസ് നാഥ്, ഫറോക്ക് അഡീഷനൽ എസ്ഐ ഇ.എം. സജീർ, ബേപ്പൂർ എഎസ്ഐ സനോജ് പ്രകാശ്, എആർ ക്യാംപിലെ സിവിൽ പൊലീസ് ഓഫിസർമാരായ ശ്രീജിത്ത്, വിജീഷ്, അൻവർ സാദത്ത്, ഷാജിമോൻ, ഷൈജു എന്നിവരാണ് പരുക്കേറ്റ പൊലീസുകാർ.

ഡപ്യൂട്ടി കമ്മിഷണർ മെറിൻ ജോസഫ്, നോർത്ത് അസിസ്റ്റന്റ് കമ്മിഷണർ ഇ.പി. പൃഥ്വിരാജ്, സ്പെഷൽ ബ്രാഞ്ച് അസിസ്റ്റന്റ് കമ്മിഷണർ അബ്ദുൽ വഹാബ്, സിഐമാരായ പി. പ്രമോദ്, മനോജ് കുമാർ എന്നിവരുടെ നേതൃത്വത്തിൽ കൂടുതൽ പൊലീസ് എത്തിയാണ് സ്ഥിതി നിയന്ത്രണ വിധേയമാക്കിയത്. 500 രൂപ 300 ആയി കുറഞ്ഞു, പ്രതിഷേധം സംഘർഷമായി കലക്ടർ യു.വി. ജോസിന്റെ സാന്നിധ്യത്തിൽ നടത്തിയ ചർച്ചയിൽ കണ്ടെയ്നർ ഇറക്കുകൂലിയായി 500 രൂപ താൽക്കാലികമായി കെട്ടിവയ്ക്കാൻ ധാരണയുണ്ടായിരുന്നു.

ഇതുപ്രകാരമായിരുന്നു കണ്ടെയ്നർ കയറ്റിറക്ക് നടത്തിയിരുന്നത്. ചർച്ചകൾക്കു ശേഷം പിന്നീട് കൂലി നിശ്ചയിക്കാമെന്നായിരുന്നു തീരുമാനം. തൊഴിൽതർക്കം ഒത്തു തീർപ്പാക്കാൻ ഡിഎൽഒ നേതൃത്വത്തിൽ രണ്ടുവട്ടം ചർച്ചയും നടത്തി. തുടർന്നു ചരക്കുള്ള കണ്ടെയ്നറിനു 300 രൂപയും കാലിയായതിനു 250 രൂപയുമാക്കി കയറ്റിറക്ക് കൂലി നിശ്ചയിച്ചു കഴിഞ്ഞ ദിവസം ഡിഎൽഒ ഉത്തരവിറക്കി.

എന്നാൽ, നേരത്തേ ധാരണയിലെത്തിയ 500 രൂപയെന്നതു 300 രൂപയാക്കി കുറച്ചുള്ള ഡിഎൽഒ തീരുമാനം തൊഴിലാളികൾ അംഗീകരിച്ചില്ല. മാത്രമല്ല തുറമുഖത്ത് ക്രെയിൻ ഉപയോഗിച്ചുള്ള കയറ്റിറക്കു ജോലിക്ക് തൊഴിലാളികൾക്ക് അവകാശമില്ലെന്നും ഉത്തരവിലുണ്ടായി. തുടർന്നാണ് തൊഴിലാളി യൂണിയനുകൾ പ്രതിഷേധവുമായി രംഗത്തിറങ്ങിയത്.