കൂട്ടായ്മയുടെ വിജയം:നഗരപാതാ വികസന പദ്ധതി നവീകരിച്ച ആറുറോഡുകളുടെ ഉദ്ഘാടനം ഇന്ന്


കോഴിക്കോട് ∙ നഗരപാതാ വികസന പദ്ധതി കൂട്ടായ്മയുടെ വിജയമാണെന്ന് നേതാക്കൾ. നഗരവികസനത്തിനുവേണ്ടി രാഷ്ട്രീയത്തിനതീതമായി ഏവരും ഒരുമിച്ചതിന്റെ ഫലമാണ് ഉന്നതനിലവാരത്തിലുള്ള ആറു റോഡുകളെന്ന് എം.കെ. രാഘവൻ എംപി, എംഎൽഎമാരായ എ. പ്രദീപ്കുമാർ, എം.കെ. മുനീർ, മേയർ തോട്ടത്തിൽ രവീന്ദ്രൻ എന്നിവർ പറഞ്ഞു. നഗരം ഇതുവരെ കാണാത്ത തരത്തിലുള്ള ഡിസൈനർ റോഡുകളാണു തയാറായിരിക്കുന്നത്. കരാറിൽ പരിപാലനവും ഉൾപ്പെടുന്നതിനാൽ 15 വർഷം റോഡുകളുടെ ഭംഗിയും നിലവാരവും കുറയാതിരിക്കും.

നഗരപാതാ വികസനത്തിൽ ആദ്യഘട്ടത്തിൽ ഉൾപ്പെട്ട മാനാഞ്ചിറ – വെള്ളിമാടുകുന്ന് റോഡിന്റെ നടപടികൾ പുരോഗമിച്ചുവരികയാണ്. പദ്ധതിക്കായുള്ള മുഴുവൻ തുകയും നൽകുമെന്ന് സർക്കാർ ഉറപ്പുനൽകിയിട്ടുണ്ടെന്നും പറഞ്ഞു. പുതിയ റോഡുകൾ സംരക്ഷിക്കാൻ നാട്ടുകാർ മുന്നിട്ടിറങ്ങണമെന്ന് എംഎൽഎമാരും മേയറും ആവശ്യപ്പെട്ടു. ജനകീയമായ കൂട്ടായ്മകൾ ഇതിനായി യുഎൽസിസിഎസുമായി സഹകരിക്കണം. ഒരുവശത്ത് റോഡ് വൃത്തിയാക്കലും മറുവശത്ത് മലിനമാക്കലും നടക്കുന്നത് ശരിയല്ല.

റോഡുകൾ സംരക്ഷിക്കുന്നതിന് ജില്ലാ ഭരണകൂടത്തിന്റെ എല്ലാ പിന്തുണയുമുണ്ടാകുമെന്ന് സബ്കലക്ടർ വിഘ്നേശ്വരിയും പറഞ്ഞു. നവീകരിച്ച ആറുറോഡുകൾ ഇന്നു മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും


  1. സ്റ്റേഡിയം ജംക്‌ഷൻ-പുതിയറ റോഡ് (0.64 കിലോമീറ്റർ)
  2. പനാത്തുതാഴം-CWRDM റോഡ് (8.45 കിമീ.)
  3. കാരപ്പറമ്പ്-എരഞ്ഞിപ്പാലം, അരയിടത്തുപാലം- കല്ലുത്താൻകടവ് റോഡ് (4.5 കിമീ)
  4. ഗാന്ധി റോഡ്-മിനി ബൈപാസ്, കുനിയിൽകാവ് -മാവൂർറോഡ് ജംക്‌ഷൻ റോഡ് (3.43 കിമീ)
  5.  പുഷ്പ ജംക്‌ഷൻ-മാങ്കാവ് ജംക്‌ഷൻ റോഡ് (2.45 കിമീ)
  6.  കോവൂർ – വെള്ളിമാടുകുന്ന് റോഡ് (2.74 കിമീ)


ആദ്യഘട്ടം പൂർത്തിയായ സ്ഥിതിക്ക് ഇനി നഗരപാതാ വികസന പദ്ധതിയുടെ രണ്ടാംഘട്ടത്തിനായി ഏവരും അണിചേരേണ്ട സമയമാണെന്നും എംഎൽഎമാർ പറഞ്ഞു. പദ്ധതി നിലവിൽ സർക്കാർ പരിഗണനയിലുണ്ട്.

ഡിപിആർ തയാറാക്കാൻ നാറ്റ്പാക്കിനെ ചുമതലപ്പെടുത്താനുള്ള നടപടികൾ പുരോഗമിക്കുകയാണ്. ഇതോടെ നഗരത്തിൽ വലിയ ഗതാഗത വിപ്ലവമാണ് ഉണ്ടാകാൻ പോകുന്നത്. നാട്ടുകാരുടെ സഹകരണമുണ്ടെങ്കിൽ എത്രയും വേഗം നടപടികളുമായി മുന്നോട്ടുപോകാനാകും. രണ്ടാംഘട്ടത്തിലെ 11 റോഡുകളാൺ ഉൾപ്പെട്ടത്.

  1. മാനാഞ്ചിറ – പാവങ്ങാട് (ഏഴ് കിമീ)– 24 മീറ്റർ വീതിയിൽ നാലുവരി
  2. പുതിയങ്ങാടി –തണ്ണീർപന്തൽ (4.43കിമീ)– 15 മീറ്റർ
  3. കരിക്കാംകുളം– സിവിൽസ്റ്റേഷൻ– കോട്ടൂളി (4.15 കിമീ) – 15 മീറ്റർ
  4.  ഭട്ട് റോഡ് ജംക്‌ഷൻ–വെസ്റ്റ്ഹിൽ ചുങ്കം (0.67 കിമീ) – 12 മീറ്റർ
  5. മൂഴിക്കൽ – കാളാണ്ടിത്താഴം (1.6 കിമീ) – 12 മീറ്റർ.
  6. മാങ്കാവ്– പൊക്കുന്ന്– പന്തീരാങ്കാവ് (ആറ് കിമീ) – 20 മീറ്ററിൽ നാലുവരി
  7. കല്ലുത്താൻകടവ് – മീഞ്ചന്ത ( 5.015 കിമീ) – 20 മീറ്ററിൽ നാലുവരി
  8. കോവൂർ – മെഡിക്കൽകോളജ്– മുണ്ടിക്കൽത്താഴം (3.90 കിമീ)– 18 മീറ്റർ
  9. കോതിപ്പാലം –പയ്യാനക്കൽ– പന്നിയങ്കര മേൽപാലം (0.4 കിമീ) – 15 മീറ്റർ
  10. സിഡബ്ല്യുആർഡിഎം – പെരിങ്ങൊളം (0.7) – 15 മീറ്റർ
  11. മിനിബൈപാസ് – പനാത്തുതാഴം മേൽപാലവും റോഡും (1.4 കിമീ) – 15 മീറ്റർ ‌


പദ്ധതി നടപ്പാക്കിയ റോഡ് ഫണ്ട് ബോർഡിനും അനുവദിച്ച സമയത്തിൽ നാലുമാസം മുൻപ് ഉന്നതനിലവാരത്തിൽ റോഡുകൾ പൂർത്തിയാക്കിയ കരാറുകാരായ യുഎൽസിസിഎസിനും ജനപ്രതിനിധികളുടെ അഭിനന്ദന വർഷം. ജോലികൾക്കു മേൽനോട്ടം വഹിച്ച യുഎൽസിസിഎസ് ഡയറക്ടർ എം.എം. സുരേന്ദ്രനെ പ്രത്യേകം അഭിനന്ദിച്ചു. ആന്വിറ്റി മാതൃകയിലാണു റോഡ് നിർമിച്ചിരിക്കുന്നത്.

249 കോടിയാണു നിർമാണച്ചെലവ്. റോഡ് ഫണ്ട് ബോർഡിന്റെ നിലവിലെ പ്രോജക്ട് മാനേജരായ എ.പി. പ്രമോദ്, കൺസൽറ്റന്റായിരുന്ന ഡോ. എൻ.എസ്. ശ്രീനിവാസൻ, പ്രോജക്ട് കോർ‍ഡിനേറ്റർ കെ. ലേഖ, മുൻ കോഓർഡിനേറ്റർ സാബു കെ. ഫിലിപ്, മുൻ പ്രോജക്ട് മാനേജർ പി.എൻ. ശശികുമാർ എന്നിവരുടെ സേവനങ്ങളെയും എംഎൽഎമാർ പുകഴ്ത്തി. സഹകരണത്തിനു നന്ദിപറഞ്ഞ് റോഡ് ഫണ്ട് ബോർഡ് റോഡ് നിർമാണം സുഗമമാക്കിയതിൽ കെഎസ്ഇബി, ബിഎസ്എൻഎൽ, ജലഅതോറ്റിറ്റി എന്നിവയുടെ സഹകരണം വളരെ പ്രധാനമാണെന്ന് റോഡ് ഫണ്ട് ബോർഡ് പ്രോജക്ട് മാനേജർ എ.പി. പ്രമോദ്. പദ്ധതിയെ സംബന്ധിച്ച് യൂട്ടിലിറ്റി ലൈനുകൾ മാറ്റി സ്ഥാപിക്കുകയായിരുന്നു ഏറ്റവും വലിയ ജോലി. ആറു റോഡുകളിലായി ജല അതോറിറ്റിയുടെ 35,400 വിതരണപൈപ്പുകൾ സ്ഥാപിച്ചു. 840 ഗാർഹിക കണക്‌ഷനുകളും നൽകി. കെഎസ്ഇബിയുടെ 795 പോസ്റ്റുകളും മാറ്റി സ്ഥാപിച്ചെന്നും പറഞ്ഞു. റോഡുകളോടു ചേർന്നുള്ള 600 വീടുകൾക്കും വ്യാപാരസ്ഥാപനങ്ങൾക്കും റോഡുകളിലെ ഓവുചാലുകളിലേക്ക് മഴവെള്ളം ഒഴുക്കാൻ അനുവാദം നൽകിയിട്ടുണ്ട്. ഇതിനാൽ ഈ പ്രദേശങ്ങളിലെ വെള്ളക്കെട്ട് ഒഴിവാക്കാൻ കഴിഞ്ഞതായും പ്രമോദ് പറഞ്ഞു.