ഐലീഗ്:കോർപറേഷൻ സ്റ്റേഡിയത്തിൽ 20 ലക്ഷത്തിന്റെ നവീകരണം നടത്തുമെന്ന് ഗോകുലം ഗ്രൂപ്പ്കോഴിക്കോട്: ഐലീഗ് മൽസരങ്ങൾക്കായി കോർപറേഷൻ സ്റ്റേഡിയത്തിൽ 20 ലക്ഷത്തിന്റെ നവീകരണം നടത്തുമെന്ന് ഗോകുലം ഗ്രൂപ്പ്. കേരളത്തിൽനിന്നു മൽസരിക്കുന്ന ഏക ടീമായ ഗോകുലം കേരള എഫ്സിയുടെ ഹോംഗ്രൗണ്ടാണ് സ്റ്റേഡിയം. നിലവിൽ സ്റ്റേഡിയത്തിൽ ഫ്ലഡ് ലൈറ്റിന്റെ അറ്റകുറ്റപ്പണികളാണ് ഏറ്റവും പ്രധാനം. ഇതിനായി ഏഴുലക്ഷം രൂപയെങ്കിലും ചെലവാകുമെന്നാണു കണക്കുകൂട്ടുന്നത്.

 ഗ്രൗണ്ട് നവീകരിക്കാനായി മൂന്നുലക്ഷം രൂപയെങ്കിലും ചെലവാകും. ഇതുകൂടാതെ ഇരിപ്പിടങ്ങളും മറ്റുസൗകര്യങ്ങളും നവീകരിക്കും. കൂടുതൽപേർക്കു കളികാണാൻ അവസരമൊരുക്കുക എന്ന ലക്ഷ്യത്തോടെ ടിക്കറ്റ് നിരക്ക് 50 രൂപയാക്കാനാണു തീരുമാനമെന്ന് ഗോകുലം കേരള എഫ്സി പ്രസിഡന്റ് വി.സി. പ്രവീൺ പറഞ്ഞു.

സീസൺ ടിക്കറ്റിന് 350 രൂപയായിരിക്കും. നിയമപരമായ നടപടികൾ പൂർത്തിയായാൽ ടിക്കറ്റ് വിൽപന ആരംഭിക്കും.  മറ്റുസംസ്ഥാനങ്ങളിലെ ഐ ലീഗ് ടീമുകൾക്ക് സംസ്ഥാന സർക്കാരിന്റെ കൂടുതൽ സഹകരണമാണു ലഭിക്കുന്നതെന്നും പ്രവീൺ പറഞ്ഞു. കഴിഞ്ഞവർഷം നടന്ന നാഗ്ജി ഫുട്ബോളിനുമുന്നോടിയായി  കെഡിഎഫ്എയുടെ നേതൃത്വത്തിൽ  35 ലക്ഷത്തിന്റെ നവീകരണം സ്റ്റേഡിയത്തിൽ നടത്തിയിരുന്നു.

എങ്കിലും നിലവിൽ ഫ്ലഡ് ലൈറ്റിലെ ഒട്ടേറെ ബൾബുകൾ കേടായനിലയിലാണ്.   ഈവർഷം ജനുവരിയിൽ നടന്ന സന്തോഷ് ട്രോഫി മൽസരങ്ങൾക്കും ഫ്ലഡ്ൈലറ്റ് ഉപയോഗിച്ചിട്ടില്ല.  സ്ഥിരമായ പരിപാലനത്തിന് ഫണ്ട് വകയിരുത്താൻ നിലവിലെ സാഹചര്യത്തിൽ കെഡിഎഫ്എയ്ക്കു  കഴിയുന്നില്ലെന്നതാണു മുഖ്യപ്രശ്നം.


കോർപറേഷന്റെ ഉടമസ്ഥതയിലാണെങ്കിലും തുടർച്ചയായ വരുമാനമില്ലാത്തതിനാൽ കോർപറേഷനും ഇതിനായി ഫണ്ട് നീക്കിവയ്ക്കാറില്ല. ഡിസംബർ നാലിനുതുടങ്ങുന്ന ഐലീഗ് മൽസരങ്ങൾക്കുമുന്നോടിയായി സ്റ്റേഡിയം നവീകരണം നടത്തുകയെന്നതിന് കോർപറേഷനെ സംബന്ധിച്ച് പരിമിതിയുമുണ്ട്.

പദ്ധതിക്ക് അനുമതി നേടി ഫണ്ട് അനുവദിക്കാൻ കാലതാമസം നേരിടുമെന്നതാണ് പ്രശ്നം. ഇതോടെയാണ് ഗോകുലം ഗ്രൂപ്പ് തന്നെ സ്റ്റേഡിയം  നവീകരണത്തിനു മുന്നോട്ടുവന്നത്. ഒൻപതുമൽസരങ്ങളാണ് സ്റ്റേഡിയത്തിൽ നടക്കുന്നത്.