മാവൂരിൽ ഫയർ സ്റ്റേഷൻ ‌കെട്ടിടം ഒരുങ്ങുന്നു

കോഴിക്കോട്:അഗ്നിശമനസേനക്ക് മാവൂരിൽ കെട്ടിടമൊരുങ്ങുന്നു. ഇതിനായി മാവൂർ കൂളിമാട് റോഡരികിൽ ആരോഗ്യ ഉപകേന്ദ്രത്തിന് സമീപത്തെ പഴയ കെട്ടിടം പുതുക്കിപണിതു തുടങ്ങി. ഓഫിസ്, വിശ്രമമുറി, ശുചിമുറി കെട്ടിടങ്ങൾ തുടങ്ങിയവ ഇവിടെ സജ്ജമാക്കിയിട്ടുണ്ട്. കെട്ടിടത്തിന്റെ മേൽക്കൂരയുടെ നിർമാണവും തുടങ്ങിയിട്ടുണ്ട്. അടുത്ത ആഴ്ചയോടെ പണി പൂർത്തിയാക്കാനാവും.

അഗ്നിശമനസേനയുടെ വാഹനങ്ങൾ നിർത്തുന്നതിനുള്ള ഷെഡിന്റെ പണിയും തുടങ്ങിയിട്ടുണ്ട്. കെട്ടിടങ്ങളിലേക്കുള്ള റോഡ് നിർമാണവും പൂർത്തിയായി. വ്യാപാരി വ്യാവസായി ഏകോപന സമിതിയുടെ മാവൂർ യൂണിറ്റാണ് അഗ്നിശമന സേനയ്ക്കുള്ള താൽക്കാലിക കെട്ടിടം നിർമിച്ചു നൽകുന്നത്.

പി.ടി.എ റഹീം എംഎൽഎയുടെ ശ്രമഫലമായാണ് മാവൂരിൽ അഗ്നിശമനസേന യൂണിറ്റ് സ്ഥാപിക്കുന്നത്. ഇതിനിടെ രണ്ട് തവണ പി.ടി.എ റഹീം എംഎൽഎ സ്ഥലം സന്ദർശിച്ചു. പ്ലംബിങ്, വയറിങ് ജോലികളും രണ്ട് ദിവസത്തിനകം പൂർത്തിയാക്കും. അടുത്ത മാസത്തിൽ മാവൂരിൽ അഗ്നിശമനസേന യൂണിറ്റ് പ്രവർത്തനം തുടങ്ങും.

അഗ്നിശമന സേനക്ക് ആവശ്യമായ സ്ഥിരം കെട്ടിടം നിർമിക്കുന്നതിന് കൽപ്പള്ളിയിൽ മാവൂർ–കോഴിക്കോട് പ്രധാന റോഡരികിൽ നീർത്തടങ്ങളുടെ തീരത്ത് സ്ഥലം കണ്ടെത്തിയിട്ടുണ്ട്. പൊതുമരാമത്ത് വകുപ്പിൽ നിന്നും സ്ഥലം വിട്ടുകിട്ടുന്നതിനുള്ള പ്രാരംഭ നടപടികളും തുടങ്ങിയിട്ടുണ്ട്. സ്ഥലം കിട്ടുന്ന മുറക്ക് ഇവിടെ അഗ്നിശമന സേനക്ക് സ്ഥിരം കെട്ടിടം നിർമിക്കും