ഗെയ്ല്‍ നഷ്ടപരിഹാര പാക്കേജ്: ഹെല്‍പ് ഡസ്‌ക്ക് ഇന്ന് മുതല്‍


കോഴിക്കോട്: ഗെയ്ല്‍ വാതക പൈപ് ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ട ആശങ്ക പരിഹരിക്കുന്നതിന്റെ ഭാഗമായി വ്യവസായ വകുപ്പു മന്ത്രി എ.സി. മൊയ്തീന്റെ അധ്യക്ഷതയില്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന സര്‍വകക്ഷി യോഗത്തിന്റെ തീരുമാനങ്ങള്‍ നടപ്പാക്കുന്നതിന്റെ ഭാഗമായി ജില്ലാ കലക്ടര്‍ യു.വി. ജോസ് പദ്ധതി പ്രദേശം സന്ദര്‍ശിക്കുകയും ഭൂവുടമകളുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു. പൈപ് ലൈന്‍ കടന്നു പോകുന്ന മേഖലയില്‍ 10 സെന്റില്‍ താഴെ ഭൂമിയുള്ളവര്‍ക്കും വീട് നഷ്ടപ്പെടുന്നവരുണ്ടെങ്കില്‍ അവര്‍ക്കും പ്രത്യേക നഷ്ട പരിഹാര പാക്കേജ് തയ്യാറാക്കുന്നതിന്റെ ഭാഗമായാണ് കാരശ്ശേരി പഞ്ചായത്ത്, മുക്കം നഗരസഭ എന്നിവിടങ്ങളിലെ ഇത്തരം പ്രദേശങ്ങളില്‍ കലക്ടര്‍ സന്ദര്‍ശനം നടത്തിയത്. പഞ്ചായത്ത്, നഗരസഭാ കാര്യാലയങ്ങളില്‍ വെച്ച് ഈ ഭൂവുടമകളെ ജില്ലാ കലക്ടര്‍ നേരില്‍ കേള്‍ക്കുകയും ചെയ്തു. ജനപ്രതിനിധികളും രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും അടങ്ങിയ യോഗങ്ങളിലും അദ്ദേഹം പങ്കെടുത്തു.
കാരശ്ശേരി പഞ്ചായത്തില്‍ പൈപ് ലൈന്‍ കടന്നു പോകുന്ന 98 ഭൂവുടമകളില്‍ 10 സെന്റില്‍ താഴെ മാത്രം ഭൂമിയുടെ അവകാശികളായുള്ളത് പത്തില്‍ താഴെ പേരാണ്. മുക്കം നഗരസഭയിലും കുറഞ്ഞ ഭൂവുടമകളാണ് ഈ ഗണത്തിലുള്ളത്. ഇവര്‍ക്ക് പ്രത്യേക നഷ്ടപരിഹാര പാക്കേജ് തയ്യാറാക്കുന്നതിന്റെ ഭാഗമായി അവരുടെ സ്ഥലവും വീടും മറ്റും ഉള്‍പ്പെടുന്ന പ്രത്യേക സ്‌കെച്ച് തയ്യാറാക്കുകയും ഓരോരുത്തരുടെയും കേസ് വെവ്വേറെ എടുത്ത് പരിശോധിക്കുകയും ചെയ്യുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. ഗെയ്ല്‍, റവന്യൂ ഉദ്യോഗസ്ഥരും ബന്ധപ്പെട്ട ഭൂവുടമയും ഒന്നിച്ചിരുന്നാണ് നഷ്ടപരിഹാരം നിശ്ചയിക്കുക. ഇക്കാര്യത്തില്‍ ഭൂമിയുടെ ന്യായവിലക്കു പകരമായി 2013 ലെ ഭൂമിയേറ്റെടുക്കല്‍ നിയമത്തിലെ വ്യവസ്ഥകള്‍ അടിസ്ഥാനമാക്കുന്ന കാര്യം പരിശോധിക്കും. ഒന്നു രണ്ടാഴ്ചക്കകം ഈ പ്രക്രിയ പൂര്‍ത്തിയാക്കും. അതു വരെ ഈ ചെറുഭൂവുടമകളുടെ സ്ഥലത്ത് ജോലി ചെയ്യില്ലെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.
ഇതോടൊപ്പം ഒരേ സര്‍വ്വെ നമ്പറിലുള്ള ഭൂമിയില്‍ പൈപ്പിടുന്ന ഭാഗം ബുദ്ധിമുട്ടില്ലാത്ത വിധം ഭൂവുടമയുടെ സൗകര്യാര്‍ഥം ചെറിയ നീക്കുപോക്കു നടത്താന്‍ ഗെയ്ല്‍ തയ്യാറാകുമെന്നും കലക്ടര്‍ പറഞ്ഞു. സര്‍വകക്ഷി യോഗത്തിന്റെ തീരുമാന പ്രകാരം കാരശ്ശേരി പഞ്ചായത്ത് ഉള്‍പ്പെടുന്ന കക്കാട് വില്ലേജ് ഓഫീസില്‍ ഇന്ന് മുതല്‍ ഹെല്‍പ് ഡസ്‌ക്ക് തുടങ്ങും. ഇവിടെ ഭൂവുടമകളുടെ സംശയങ്ങള്‍ തീര്‍ക്കാന്‍ ഗെയ്ല്‍ പ്രതിനിധിയും വില്ലേജ് ഉദ്യോഗസ്ഥരും ഉണ്ടാകും. വൈകാതെ മുക്കം നഗരസഭയിലും ഹെല്‍പ് ഡെസ്‌ക് പ്രവര്‍ത്തനം ആരംഭിക്കുമെന്ന് കലക്ടര്‍ അറിയിച്ചു.