കോഴിക്കോട്:ഉണ്ണികുളം ഗ്രാമപ്പഞ്ചായത്തിലെ പെരുമയില്‍ നടന്നുവന്ന ഗെയ്ല്‍ വാതകക്കുഴല്‍ പ്രവൃത്തി സമരസമിതിയുടെ നേതൃത്വത്തില്‍ തടഞ്ഞു. നേരത്തെ കളക്ടറുടെ നേതൃത്വത്തില്‍ ജനപ്രതിനിധികളും പ്രദേശവാസികളും സമരസമിതി നേതാക്കളും ചേര്‍ന്നുണ്ടാക്കിയ ധാരണപ്രകാരം ഭൂമി നഷ്ടപ്പെടുന്നവര്‍ക്ക് അതുമായി ബന്ധപ്പെട്ട കൃത്യമായ രേഖകള്‍ നല്‍കണമെന്ന് തീരുമാനിച്ചിരുന്നതായി പ്രദേശവാസികള്‍ പറഞ്ഞു. എന്നാല്‍, ഇത് ലംഘിക്കപ്പെട്ടതോടെ ഭൂമി നഷ്ടപ്പെടുന്ന മൂന്നുപേര്‍ ഹൈക്കോടതിയെ സമീപിച്ചു. മുന്നറിയിപ്പില്ലാതെ ഇവരുടെ ഭൂമിയിലേക്ക് കടന്നുകയറരുതെന്ന് തുടര്‍ന്ന് കോടതി വിധി പ്രസ്താവിച്ചതായി സമരസമിതി ചൂണ്ടിക്കാട്ടി. ഇത് നിലനില്‍ക്കേ രണ്ടുപേരുടെ ഭൂമിയില്‍ ഗെയ്ല്‍ പ്രവൃത്തി നടത്തി. ബുധനാഴ്ച രാവിലെ തങ്കം എന്ന വീട്ടമ്മയുടെ ഭൂമിയില്‍ പ്രവൃത്തിയെടുക്കാന്‍ ഗെയ്ല്‍ ഉദ്യോഗസ്ഥര്‍ എത്തിയപ്പോള്‍ സമരസമിതിയും നാട്ടുകാരും ചേര്‍ന്ന് തടയുകയായിരുന്നു. തുടര്‍ന്ന് ഗെയ്ല്‍ ഉദ്യോഗസ്ഥര്‍ അവിടെനിന്ന് പിന്‍വാങ്ങി. വന്‍ പോലീസ് സന്നാഹം സ്ഥലത്തുണ്ടായിരുന്നു. സംഘര്‍ഷത്തിലേക്ക് നീങ്ങുംമുമ്പ് സമരക്കാരും പിന്മാറി.