ഗെയിൽ പൈപ്പ് ലൈൻ: കൂടുതൽ പേർക്ക് നഷ്ടപരിഹാരത്തുക നൽകി

കോഴിക്കോട്: കൊച്ചി – മംഗലാപുരം വാതക പൈപ്പ് ലൈൻ (ഗെയിൽ) പ്രവൃത്തികൾ ഊർജ്ജിതമായതിനൊപ്പം കൂടുതൽ പേർക്ക് നഷ്ടപരിഹാരത്തിനുള്ള ചെക്കുകളും വിതരണം ചെയ്തു തുടങ്ങി. കൊടിയത്തൂർ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രവൃത്തികൾ പുരോഗമിക്കുകയാണ്. ഇന്നു മുതൽ കാരശ്ശേരി പഞ്ചായത്തിലെ സർക്കാർപറമ്പ് ഭാഗത്ത് പ്രവൃത്തികൾ ആരംഭിക്കുമെന്ന് ഗെയിൽ അധികൃതർ പറഞ്ഞു.

ഗെയിൽ പൈപ്പ് ലൈ‍ൻ കടന്നുപോകുന്ന കൊടിയത്തൂ‍ർ പഞ്ചായത്തിലെ 85 സ്ഥലം ഉടമകളിൽ 55 പേർ ഭൂമിയുടെ രേഖകൾ ഹാജരാക്കി. ഇതിൽ 41 പേർ നഷ്ടപരിഹാരത്തുകയ്ക്കുള്ള ചെക്കുകൾ കൈപ്പറ്റിയതായി ഗെയിൽ ജില്ലാ കോ ഓർഡിനേറ്റർ സുനിൽ പറഞ്ഞു. അതേസമയം കാരശ്ശേരി പഞ്ചായത്തിലെ സ്ഥലം ഉടമകൾക്ക് നഷ്ടപരിഹാരത്തുക വകയിരുത്തിയെങ്കിലും ഒരാൾ മാത്രമാണ് രേഖകൾ ഹാജരാക്കി തുക കൈപ്പറ്റിയത്. കൊടിയത്തൂർ പഞ്ചായത്തിലെ പന്നിക്കോട് ഭാഗത്ത് വെൽഡിങ് പ്രവൃത്തികളാണ് ദ്രുതഗതിയിൽ നടക്കുന്നത്.

പൈപ്പുകൾ തമ്മിൽ യോജിപ്പിക്കുന്നതിനുള്ള വെൽഡിങ് പണിക്ക് അത്യാധുനിക സംവിധാനമാണ് ഉപയോഗിക്കുന്നതെന്ന് അധികൃതർ പറഞ്ഞു. അൾട്രാ സോണിക് ചെക്കിങ്ങും ഹോളിഡേ ചെക്കിങ്ങും പൂർത്തിയാക്കി ഹൈഡ്രോ ടെസ്റ്റും നടത്തിയ ശേഷമേ വാതകം പൈപ്പിലൂടെ കടത്തി വിടുന്നതിനുള്ള നടപടികൾ സ്വീകരിക്കൂ. ഒന്നര മീറ്ററിലധികം താഴ്ചയുള്ള കുഴികളെടുത്താണ് 24 ഇഞ്ച് വ്യാസമുള്ള പൈപ്പുകൾ സ്ഥാപിക്കുന്നത്. ഇന്ന് കാരശ്ശേരിയിലും പ്രവൃത്തികൾ ഊർജ്ജിതമാക്കും.

അതേ സമയം കാരശ്ശേരി പഞ്ചായത്തിലെ സർക്കാർപറമ്പ്, കക്കാട് ഭാഗങ്ങളിൽ അലൈൻമെന്റിൽ ചെറിയ മാറ്റങ്ങൾ വരുത്തുന്നതിന് റവന്യു അധികൃതരുടെ മേൽനോട്ടത്തിൽ ശ്രമങ്ങൾ നടത്തുമെന്ന് ഗെയിൽ അധികൃതർ പറയുന്നു. കലക്ടർ യു.വി. ജോസിന്റെ നേതൃത്വത്തിൽ നേരത്തെ കാരശ്ശേരി പഞ്ചായത്തിലെ സർക്കാർപറമ്പ്, കക്കാട് ഭാഗങ്ങളിൽ സ്ഥലം സന്ദർശിച്ചിരുന്നു. ചെറിയ മാറ്റങ്ങൾ വരുത്തി കൂടുതൽ നഷ്ടങ്ങൾ ഒഴിവാക്കുകയാണ് ലക്ഷ്യം. ഇതിനായി തഹസിൽദാർ ഉൾപ്പെടെയുള്ള റവന്യു അധികാരികളുടെ നേതൃത്വത്തിൽ നടപടികൾ ആരംഭിച്ചു.