കോഴിക്കോട്: ഡിസംബര്‍ 27 മുതല്‍ കോഴിക്കോട്ട് നടക്കുന്ന സംസ്ഥാന തുടര്‍ വിദ്യാഭ്യാസ കലോത്സവം പരിസ്ഥിതി സൗഹൃദമാക്കാന്‍ സംഘാടക സമിതി തീരുമാനിച്ചു. സംസ്ഥാന സാക്ഷരതാ മിഷന്‍ ഡയറക്ടര്‍ ഡോ. പി.എസ് ശ്രീകലയുടെ സാന്നിധ്യത്തില്‍ കോഴിക്കോട് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശേരി അധ്യക്ഷത വഹിച്ചു. കലോത്സവത്തിന്റെ പ്രചാരണം മുതല്‍ ഭക്ഷ്യശാലവരെയുളള എല്ലാ ഇടങ്ങളും പ്ലാസ്റ്റിക് മുക്തമാക്കും. ഭക്ഷണം നല്‍കുന്നതിന് സ്ലീല്‍ പാത്രങ്ങള്‍ ഉപയോഗിക്കും. ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാകാതിരിക്കാന്‍ ഘോഷയാത്ര ഒഴിവാക്കും.
ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനും ഇതര സംസ്ഥാന തൊഴിലാളികള്‍ക്കും കലോത്സവത്തില്‍ പങ്കാളിത്തമുണ്ടാവും. ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനും മത്സരങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതര സംസ്ഥാന തൊഴിലാളികളുടെ കലാ അവതരണം ഉണ്ടാവും. പെരുന്പാവൂര്‍ മുനിസിപ്പാലിറ്റിയില്‍ നിന്നുളള ഇതര സംസ്ഥാന തൊഴിലാഴികളാണ് കലാ പരിപാടികളില്‍ പങ്കെടുക്കുകയെന്ന് ഡയറക്ടര്‍ അറിയിച്ചു.
സാക്ഷരതാ മിഷന്‍ അസി. ഡയറക്ടര്‍ കെ. അയ്യപ്പന്‍ നായര്‍, കോര്‍പറേഷന്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ അനില്‍കുമാര്‍, കൗണ്‍സിലര്‍മാരായ എം.എം. ലത, എം. സലീന, ജില്ലാ പഞ്ചായത്ത് മെംബര്‍മാരായ അഹമ്മദ് പുന്നക്കല്‍, താഴത്തയില്‍ ജൂമൈലത്ത്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ.ടി ശേഖര്‍, എംഎസ്എസ് പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ ഡോ. സി.പി. ബേബിഷീബ, വയനാട് ജില്ലാ സാക്ഷരതാമിഷന്‍ അസി. കോ-ഓര്‍ഡിനേറ്റര്‍ പി.എന്‍. ബാബു, ടി.വി ബാലന്‍, സബ്കമ്മിറ്റി കണ്‍വീനര്‍മാര്‍, ജില്ലാ സാക്ഷരതാമിഷന്‍ അസി.കോ-ഓര്‍ഡിനേറ്റര്‍മാരായ പി.പി. സിറാജ്, അജിത്കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.