Kudumbasree chocolate: The manufacturing unit has started

ഇനി കുടുംബശ്രീ ചോക്ലേറ്റും:നിര്‍മാണ യൂണിറ്റ് ആരംഭിച്ചു



കോഴിക്കോട്: ചോക്ലേറ്റ് ക്രീം കപ്പ് കേക്കും പീനട്ട് ചോക്ലേറ്റുമൊക്കെയായി കോര്‍പറേഷന്‍ കുടുംബശ്രീയുടെ ചോക്ലേറ്റ് നിര്‍മാണ യൂണിറ്റ് തുടങ്ങി. നടക്കാവ് ബിലാത്തികുളം റോഡിലെ മിഷാല്‍ കെട്ടിടത്തിലാണ് 'സോയ്' ചോക്ലേറ്റ്-കേക്ക് നിര്‍മാണ യൂണിറ്റും ഔട്ട്‌ലെറ്റും തുടങ്ങിയത്. നോര്‍ത്ത് സി.ഡി.എസിന് കീഴിലുള്ള കാരുണ്യ അയല്‍ക്കൂട്ടത്തിന്റേതാണ് പുതിയ സംരംഭം. ഏപ്രിലിലാണ് സോയ് എന്ന ബ്രാന്‍ഡില്‍ ചോക്ലേറ്റുകള്‍ വിപണിയിലെത്തിച്ചത്. 40 രൂപ വിലയുള്ള അമ്പത് ഗ്രാമിന്റെ ചോക്ലേറ്റ് ക്രീം കപ്പ് കേക്കാണ് സോയിലെ പ്രധാന ആകര്‍ഷണം. നട്‌സ്, ഡാര്‍ക്, വൈറ്റ്, മില്‍ക്കി ചോക്ലേറ്റുകളും ഡാര്‍ക് ചോക്ലേറ്റ്, മില്‍ക്ക് ചോക്ലേറ്റ്, വൈറ്റ് ചോക്ലേറ്റ് കേക്കുകളുമാണ് ഇവിടെയുണ്ടാവുക. 20 മുതല്‍ 2500 രൂപ വരെ വിലയുള്ള രുചികള്‍ ഇവിടെനിന്ന് ലഭിക്കും. കസ്റ്റമൈസ്ഡ് ചോക്ലേറ്റുകള്‍ ആവശ്യാനുസരണം നിര്‍മിച്ച് നല്‍കും. ചോക്ലേറ്റുകള്‍ ഓണ്‍ലൈന്‍ വഴിയും വില്‍പന നടത്തും. ഇതിനുപുറമെ വിവിധ പരിപാടികള്‍ക്കനുയോജ്യമായ രീതിയില്‍ കേക്കും ചോക്ലേറ്റും നിര്‍മിച്ചു നല്‍കും. അധികം വൈകാതെതന്നെ എലത്തൂരിലുള്ള വനിതാവ്യവസായ സംരംഭക യൂണിറ്റില്‍ നിന്ന് വലിയ തോതിലുള്ള നിര്‍മാണം തുടങ്ങാനും ഉദ്ദേശിക്കുന്നുണ്ട്. സോയ് യൂണിറ്റിന്റെ ഉദ്ഘാടനം മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ നിര്‍വഹിച്ചു. ഡെപ്യൂട്ടി മേയര്‍ മീരാ ദര്‍ശക് ആദ്യവില്‍പന നിര്‍വഹിച്ചു. സി.ഡി.എസ്. ചെയര്‍പേഴ്‌സണ്‍ പി.പി. ഷീജ അധ്യക്ഷയായി. സ്ഥിരംസമിതി അധ്യക്ഷരായ കെ.വി. ബാബുരാജ്, പി.സി. രാജന്‍, അനിതാ രാജന്‍, എം. രാധാകൃഷ്ണന്‍, കുടുംബശ്രീ മെമ്പര്‍ സെക്രട്ടറി എം.വി. റംസി ഇസ്മായില്‍, എ. സുലേഖ തുടങ്ങിയവര്‍ സംസാരിച്ചു.