ദീർഘദൂര കെഎസ്ആർടിസി ബസുകൾക്ക് താമരശ്ശേരിയിൽ ഫെയർസ്റ്റേജ് ഇല്ല

ദീർഘദൂര കെഎസ്ആർടിസി ബസുകൾക്ക് താമരശ്ശേരിയിൽ ഫെയർസ്റ്റേജ് ഇല്ലകോഴിക്കോട്:കെഎസ്ആർടിസി ദീർഘ ദൂര സർവീസുകൾക്ക് താമരശ്ശേരിയിൽ ഫെയർ സ്റ്റേജ് അനുവദിക്കാത്തതിനെതിരെ യാത്രക്കാർക്ക് പ്രതിഷേധം. മലയോര കുടിയേറ്റ മേഖലയുടെ സിരാകേന്ദ്രമായ താമരശ്ശേരിയിൽ കെഎസ്ആർടിസി ഡിപ്പോ ഉണ്ടായിട്ടും ഫെയർ സ്റ്റേജ് അനുവദിക്കാത്തത് സ്വകാര്യ ദീർഘ ദൂര സർവീസുകളെ സഹായിക്കാനാണെന്ന ആക്ഷേപം ഉയർന്നു വന്നിട്ടുണ്ട്.

ഫെയർസ്റ്റേജ് അനുവദിക്കാത്തതുമൂലം താമരശ്ശേരിയിൽ നിന്നു തിരുവനന്തപുരം ഭാഗത്തേക്കുള്ള യാത്രക്കാർ കൽപറ്റയിൽ നിന്നുള്ള യാത്രാക്കൂലിയും വയനാട് ഭാഗത്തേക്കുള്ള യാത്രക്കാർ കോഴിക്കോട് നിന്നുള്ള കൂലിയും നൽകണം. വയനാട്ടിലെ ബത്തേരി, മാനന്തവാടി ഡിപ്പോകളിൽ നിന്നും എറണാകുളം കോട്ടയം, തിരുവനന്തപുരം ഭാഗത്തേക്ക് സൂപ്പർ ഫാസ്റ്റ്, സൂപ്പർ എക്സ്പ്രസ്, സൂപ്പർ ഡിലക്സ്, എസി വോൾവോ തുടങ്ങി ഇരുപതോളം സർവീസുകളുണ്ട്.

എന്നാൽ അടുത്ത കാലത്ത് ബത്തേരിയിൽ നിന്നും മാനന്തവാടിയിൽ നിന്നും തിരുവനന്തപുരത്തേക്ക് ആരംഭിച്ച കെഎസ്ആർടിസി മിന്നൽ സർവീസുകൾക്കു മാത്രമാണ് താമരശ്ശേരിയിൽ ഫെയർ സ്റ്റേജ് അനുവദിച്ചിട്ടുള്ളത്. എന്നാൽ ഈ സർവീസുകൾ മുക്കം അരീക്കോട് വഴിയാണ് പോകുന്നത്. കോഴിക്കോട് നിന്നും ബെംഗളൂരു ഭാഗത്തേക്കുള്ള മിക്ക ബസുകൾക്കും ഇതു തന്നെയാണ് സ്ഥിതി.

എന്നാൽ കർണാടക ആർടിസിയുടെ രാജഹംസം ഉൾപ്പെടെയുള്ള ബസുകൾക്ക് താമരശ്ശേരിയിൽ ഫെയർ സ്റ്റേജും സ്റ്റോപ്പും ഉണ്ട്. കോഴിക്കോടിനും കൽപറ്റക്കും ഇടയിൽ യാത്രക്കാർ ഏറെ എത്തിപ്പെടുന്ന താമരശ്ശേരിയിൽ ദീർഘ ദൂര സർവീസുകൾക്ക് ഫെയർ സ്റ്റജ് അനുവദിച്ചു കിട്ടുന്നതിന് ജനപ്രതിനിധികളുടെ ഇടപെടൽ ഉണ്ടാവണമെന്നും യാത്രക്കാർ ആവശ്യപ്പെടുന്നു.