കേരളാ പോലീസിന്റെ ഓപ്പറേഷന്‍ ബിഗ് ഡാഡിക്ക് പിന്തുണയുമായി മല്ലു സൈബര്‍ സോള്‍ജിയേഴ്സ്: സ്ത്രീകളെയും കുട്ടികളെയും മോശമായി ചിത്രീകരിക്കുന്ന 55-ഓളം ഫെയ്സ്ബുക്ക് അക്കൗണ്ടുകളും ഗ്രൂപ്പുകളും ഹാക്ക് ചെയ്തുകോഴിക്കോട്: സ്ത്രീകളെയും കുട്ടികളെയും മോശമായി ചിത്രീകരിക്കുകയും അവരുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്യുന്ന ഫെയ്സ്ബുക്ക് അക്കൗണ്ടുകളും ഗ്രൂപ്പുകളും തകര്‍ത്ത് മലയാളി ഹാക്കര്‍മാര്‍. പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുമായുള്ള ലൈംഗികത പ്രോത്സാഹിപ്പിക്കുന്ന അക്കൗണ്ടുകള്‍ അടക്കമുള്ളവയാണ് ഹാക്ക് ചെയ്തിട്ടുള്ളത്. മല്ലു സൈബര്‍ സോള്‍ജിയേഴ്സ് എന്ന എത്തിക്കല്‍ ഹാക്കര്‍മാരുടെ കൂട്ടായ്മയാണ് ഇതിന് പിന്നില്‍.

കേരള പോലീസ് നടത്തുന്ന ഓപ്പറേഷന്‍ ബിഗ് ഡാഡിക്ക് പിന്തുണ അര്‍പ്പിച്ചാണ് ഫെയിസ്ബുക്ക് അക്കൗണ്ടുകള്‍ക്ക് നേരെ ആക്രമണം നടന്നത്. ഏകദേശം 55 ഫെയ്സ്ബുക്ക് ഗ്രൂപ്പുകളും അക്കൗണ്ടുകളും ഇവര്‍ ഹാക്കുചെയ്തു. ഇവര്‍ നടത്തിയിട്ടുള്ള ചാറ്റിങ് വിവരങ്ങളും ഗ്രൂപ്പുകളില്‍ അംഗമായിട്ടുള്ളവരെക്കുറിച്ചുള്ള വിവരങ്ങളും ഹാക്കര്‍മാര്‍ ചോര്‍ത്തിയെടുത്തു. ഓപ്പറേഷന്‍ ബിഗ് ഡാഡി എന്ന പേരിലാണ് ഇവര്‍ സൈബര്‍ ആക്രമണം നടത്തിയത്.

ഓണ്‍ലൈന്‍ പെണ്‍വാണിഭത്തിനായി ഉപയോഗിക്കുന്ന ഗ്രൂപ്പുകളും ഇവര്‍ ഹാക്കു ചെയ്തതില്‍ ഉള്‍പ്പെടുന്നുണ്ട്. അതേസമയം ഇവര്‍ ചോര്‍ത്തിയ വിവരങ്ങള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല. മുന്നറിയിപ്പെന്ന നിലയിലാണ് ഇപ്പോള്‍ സൈബര്‍ ആക്രമണം നടത്തിയത്. വീണ്ടും തുടര്‍ന്നാല്‍ വിവരങ്ങള്‍ പുറത്തുവിടുമെന്ന മുന്നറിയിപ്പ് ഗ്രൂപ്പുകള്‍ക്ക് നല്‍കിയിട്ടുണ്ട്. അതേസമയം ഹാക്ക് ചെയ്ത അക്കൗണ്ടുകളും ഗ്രൂപ്പുകളും എതൊക്കെന്ന വിവരം ഇവര്‍ പുറത്തുവിട്ടിട്ടുണ്ട്.