മാമ്പുഴ കയ്യേറ്റം: സർവേ അവസാനഘട്ടത്തിൽകോഴിക്കോട്:മാമ്പുഴ കയ്യേറ്റം കണ്ടെത്താനും പുറംപോക്ക് ഭൂമി അളന്നു തിരിക്കാനുമുള്ള സർവേ അവസാനഘട്ടത്തിൽ. കലക്ടറുടെ നിർദേശപ്രകാരം താലൂക്ക് സർവേ വിഭാഗത്തിന്റെ പ്രത്യേക സംഘമാണ് സർവേ നടത്തുന്നത്. സർവേക്കല്ല് സ്ഥാപിക്കലും വൃക്ഷങ്ങളിൽ അടയാളം രേഖപ്പെടുത്തലുമാണ് ഇപ്പോൾ നടക്കുന്നത്. ഒളവണ്ണ വില്ലേജിലും പഞ്ചായത്തിലും ഉൾപ്പെട്ട നൂറ് കണക്കിന് തെങ്ങുകൾ ഉൾപ്പെട്ട സ്ഥലം കയ്യേറിയത് തിരിച്ചുപിടിച്ചിട്ടുണ്ട്.

ചില കെട്ടിട ഭാഗങ്ങളും നികത്തി ഉയർത്തിയ നിലങ്ങളും തിരിച്ചുപിടിച്ചു. 23 കിലോമീറ്റർ നീളത്തിലാണ് പുഴ സർവേ. പെരുമണ്ണ പഞ്ചായത്തിൽ 18–ാം വാർഡിൽ പന്തീരാങ്കാവ് – പയ്യടിമേത്തൽ റോഡിന് സമീപം 7.60 മീറ്റർ വീതിയിൽ പുഴ നികത്തി കെട്ടിയ പുഴയോരവും കായ്ഫലമുള്ള തെങ്ങുകളും കരയുടെ ഇരുഭാഗത്തും കണ്ടെത്തി രേഖപ്പെടുത്തി.

ബ്രിക്സ് വ്യവസായ യൂണിറ്റിന്റെ പുഴയോരത്തുള്ള എംസാൻഡും, ബേബി മെറ്റലും സർവേ കല്ല് നാട്ടുന്നതിനായി സ്വകാര്യ ഉടമയോട് നീക്കംചെയ്യാൻ ആവശ്യപ്പെട്ടു. നേരത്തെ സർവേ നടത്തി കണ്ടെത്തിയ പുഴയോരത്തെ ഫലവൃക്ഷങ്ങൾക്ക് നമ്പർ ഇടൽ‌ ഉദ്ഘാടനം ഒളവണ്ണ പഞ്ചായത്തിലും പെരുമണ്ണയിലും നടന്നെങ്കിലും അന്നത്തതോടെ തന്നെ അത് അവസാനിച്ചിരുന്നു.

അധികൃതർ അലംഭാവം വെടിഞ്ഞ് ഭൂമിയും വൃക്ഷങ്ങളും ഏറ്റെടുക്കാൻ പഞ്ചായത്ത് പരിസ്ഥിതി സംരക്ഷണ സമിതി ആവശ്യപ്പെട്ടു. വി.ടി. വിശ്വംഭരൻ, ടി. അസീസ്, കെ.പി. കൃഷ്ണൻ എന്നിവർ പ്രസംഗിച്ചു. ഒളവണ്ണ കടുപ്പിനി മുതൽ കുറ്റിക്കാട്ടൂർ വരെയാണ് സർവേ. ശേഷിച്ച ചെറുകുളത്തൂർ മുണ്ടക്കൽ ഉദ്ഭവ സ്ഥാനം വരെ സർവേ നടത്തണമെന്ന ആവശ്യം ശക്തമായി.

ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ മാമ്പുഴ നവീകരണ പ്രവൃത്തി ആരംഭിക്കാൻ പോകുന്നതിനാൽ ഏറ്റെടുക്കൽ നടപടിക്ക് കാലതാമസം വന്നാൽ പുഴ സംരക്ഷണത്തെ ബാധിക്കും. സർവേ നടത്തുന്നത് കെ.ഇ. അബ്ദുൽസലീം, സി. ധനീഷ്, ശ്രീകണ്ഠൻ നായർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ്. തെങ്ങുകൾ നമ്പറിട്ട് പൂർത്തീകരിച്ച് വേണം പഞ്ചായത്തിന്റെ ആസ്തി റജിസ്റ്ററിൽ രേഖപ്പെടുത്തി ലേല നടപടി ആരംഭിക്കാൻ.