കോഴിക്കോട്: നഗരത്തില്‍ ലൈറ്റ് മെട്രോയും ബസ്സ് സര്‍വീസുമുള്‍പ്പെടെയുള്ള പൊതുഗതാഗത സംവിധാനം മുഴുവന്‍ ഒരു ഏജന്‍സിക്കു കീഴിലാക്കാന്‍ ഡി.എം.ആര്‍.സിയുടെ ശുപാര്‍ശ. ലൈറ്റ് മെട്രോയുടെ പുതുക്കിയ പദ്ധതിറിപ്പോര്‍ട്ടിലാണ് കൊച്ചിയിലെ മാതൃകയില്‍ യൂണിഫൈഡ് മെട്രോ ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി(ഉംട)രൂപവത്കരിക്കാന്‍ ശുപാര്‍ശ ചെയ്തിരിക്കുന്നത്. കേന്ദ്രസര്‍ക്കാറിന്റെ പുതിയ മെട്രോനയത്തിന്റെ ഭാഗമായാണ് ഇതുള്‍പ്പെടുത്തിയത്. സംസ്ഥാനസര്‍ക്കാറിന് ഡി.പി.ആര്‍. സമര്‍പ്പിച്ചിട്ടുണ്ട്. സര്‍ക്കാര്‍ അംഗീകരിച്ചാല്‍ ഒരു വര്‍ഷത്തിനകം ഏജന്‍സി രൂപവത്കരിച്ചേക്കും.
ലൈറ്റ് മെട്രോ ലാഭകരമാക്കാനുള്ള പുതിയ നിര്‍ദേശങ്ങളും ഡി.പി.ആറിലുണ്ട്. അനുബന്ധമായി വരുന്ന വികസനങ്ങള്‍ ലൈറ്റ് മെട്രോയുടെ വരുമാനമാര്‍ഗമായി കൂടെ ഉപയോഗപ്പെടുത്തുക, നല്ല നടപ്പാതകളും സൈക്കിള്‍ ട്രാക്കുകളും പണിയുക തുടങ്ങിയ നിര്‍ദേശങ്ങളാണ് ഉള്ളത്. പുതിയ ഡി.പി.ആറില്‍ തിരുവനന്തപുരം,കോഴിക്കോട് ലൈറ്റ് മെട്രോകള്‍ക്കായി 700 കോടിരൂപ ചെലവു വര്‍ധിക്കും. 2014-ല്‍ തുടങ്ങേണ്ട പദ്ധതി നടപ്പാക്കാന്‍ മൂന്നുവര്‍ഷം വൈകിയതാണ് ചെലവു കൂടാന്‍ കാരണം.
അതേസമയം മെട്രോ അനുബന്ധപ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള മാനാഞ്ചിറ-മീഞ്ചന്ത റോഡ് വികസനം ഡി.എം.ആര്‍.സിക്ക് കൈമാറിയെങ്കിലും ഇതുവരെ കരാറൊപ്പിടാന്‍ സര്‍ക്കാറിന് കഴിഞ്ഞിട്ടില്ല. ഡി.എം.ആര്‍.സി. കരാര്‍ കൈമാറിയതാണെങ്കിലും റോഡ്ഫണ്ട് ബോര്‍ഡ് തുടര്‍നടപടി നീട്ടിക്കൊണ്ടുപോവുകയാണ്. ജനപ്രതിനിധികളുടെ ഭാഗത്തുനിന്ന് അതിനുള്ള ഇടപെടലും ഉണ്ടാവുന്നില്ല