ഇനി ഗുജറാത്തി സ്ട്രീറ്റ്; നമുക്ക് കാത്തിരിക്കാം


കോഴിക്കോട്:പൈതൃക സൗന്ദര്യവുമായി ഗുജറാത്തി തെരുവ് മന്ത്രി തോമസ് ഐസക്കിന്റെ മനംകവർന്നു. ഇന്നലെ മന്ത്രി ടി.പി. രാമകൃഷ്ണനൊപ്പം തെരുവിലെത്തിയ മന്ത്രി തെരുവിലെ കാഴ്ചകളെ അതിമനോഹരമെന്നാണു വിശേഷിപ്പിച്ചത്.

പൗരാണികത അതേപോലെ നിലനിർത്തി തെരുവു കാത്തുപരിപാലിക്കുന്നത് മാതൃകാപരമാണെന്നും പറഞ്ഞു. ജില്ലാഭരണകൂടത്തിന്റെ നേതൃത്വത്തിൽ ഗുജറാത്തി തെരുവ് നവീകരണത്തിനു പദ്ധതി തയാറായി വരികയാണ്. റോഡുകളിൽ കോബിൾ സ്റ്റോൺ പാകുക, പ്രാചീനഭംഗിയുള്ള തെരുവുവിളക്കുകൾ സ്ഥാപിക്കുക, ഓപ്പൺ പ്ലാസ നിർമിക്കുക, ലഭ്യമായ സ്ഥലങ്ങളിൽ ലാൻഡ്സ്കേപിങ് നടത്തുക എന്നിവയാണ് ആദ്യഘട്ടത്തിൽ പദ്ധതിയിടുന്നത്.

ടൂറിസം പ്രിൻസിപ്പൽ സെക്രട്ടറി ഡോ. വി. വേണു, കലക്ടർ യു.വി. ജോസ്, ടൂറിസം ജോയിന്റ് ഡയറക്ടർ സി.എൻ. അനിതകുമാരി, ആർക്കിടെക്റ്റുമാരായ വിനോദ് സിറിയക്, ശ്യാം ശേഖർ മേനോൻ, ആർ. ജയന്ത്കുമാർ എന്നിവരും മന്ത്രിയോടൊപ്പമുണ്ടായിരുന്നു.