മെഡിക്കൽ കോളജിൽ പഞ്ചിങ് തുടങ്ങി




കോഴിക്കോട് ∙ ഗവ. മെഡിക്കൽ കോളജിലും അനുബന്ധ സ്ഥാപനങ്ങളിലും ജീവനക്കാർ ബയോമെട്രിക് പഞ്ചിങ് തുടങ്ങി. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിനു കീഴിൽ ജോലി ചെയ്യുന്ന ജീവനക്കാർക്കാണ് പഞ്ചിങ് ബാധകമായത്. എച്ച്ഡിഎസിലെയും മറ്റു വിഭാഗങ്ങളിലെയും ജീവനക്കാർ എന്നിവർ നേരത്തേത് പോലെ ഹാജർപട്ടികയിൽ ഒപ്പുവയ്ക്കുകയാണ് ചെയ്യുന്നത്.

രാവിലത്തെ ഷിഫ്റ്റിൽ ഒരേ സമയം കൂടുതൽ പേർ ജോലിക്കെത്തുന്നതിനാൽ നഴ്സിങ് സൂപ്രണ്ട് ഓഫിസിനു സമീപത്തെ പഞ്ചിങ് കേന്ദ്രത്തിൽ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. ആശുപത്രികളുടെ വിവിധ പ്രവേശന ഭാഗങ്ങളിലായി പഞ്ചിങ് കേന്ദ്രങ്ങളുണ്ട്. എല്ലായിടത്തേയും സൗകര്യം ഒരുപോലെ ഉപയോഗപ്പെടുത്തിയാൽ തിരക്കു കുറയ്ക്കാൻ പറ്റുമെന്നാണ് അധികൃതർ പറയുന്നത്.

നഴ്സുമാരും അനുബന്ധ ജീവനക്കാരും പഞ്ചിങ് ചെയ്ത ശേഷം നഴ്സിങ് സൂപ്രണ്ട് ഓഫിസിൽ റിപ്പോർട്ട് ചെയ്ത ശേഷമാണ് വാർഡുകളിലേക്കും മറ്റുമായി പോകുന്നത്. ആരൊക്കെ ജോലിക്കെത്തിയെന്നു മനസ്സിലാക്കി ക്രമീകരണമേർപ്പെടുത്തുന്നതിനാണ് ഇങ്ങനെ ചെയ്യുന്നത്. ഇന്നലെ ചില ജീവനക്കാരുടെ വിരലടയാളം പതിയാതെ വന്നിരുന്നു. നമ്പർ തെളിയാതെ വന്നവരുമുണ്ട്. ഇത്തരം പ്രശ്നങ്ങൾ അറിയിക്കാനുള്ള നമ്പർ നോട്ടിസ് ബോർഡിൽ‌ പതിക്കുകയും സർക്കുലറായി നൽകുകയും ചെയ്തിട്ടുണ്ടെന്ന് അധികൃതർ പറഞ്ഞു.
കോഴിക്കോട് ഗവ. മെഡിക്കൽ കോളജിലെ പഞ്ചിങ് പോയിന്റിൽ പ്രിൻസിപ്പൽ ഡോ. വി.ആർ. രാജേന്ദ്രൻ ഹാജർ രേഖപ്പെടുത്തുന്നു