മിഠായിതെരുവ് സൗന്ദര്യവൽക്കരണത്തിൻ പുതിയ നാഴികല്ലാവാനൊരുങ്ങി പാർക്കും, പാർക്കിങ് പ്ലാസയും



കോഴിക്കോട്: തെരുവുനാടകങ്ങള്‍, ചെറുസംഗമങ്ങള്‍ തുടങ്ങിയവയ്ക്ക് സൗകര്യമുള്ള രീതിയില്‍ മിഠായിത്തെരുവിനോട് ചേര്‍ന്ന് കിഡ്‌സണ്‍ കോര്‍ണറില്‍ ഒരിടംകൂടി ഒരുങ്ങുന്നു. ഒരു ചെറിയ പാര്‍ക്കിനുവേണ്ടിയാണ് കോര്‍പ്പറേഷന്‍ രൂപരേഖ തയ്യറാക്കിയിരിക്കുന്നത്. കിഡ്‌സണ്‍ കോര്‍ണറിലെ കെ.ടി.ഡി.സി.യുടെ പഴയകെട്ടിടം പൊളിച്ച് പണിയുന്ന പാര്‍ക്കിങ് പ്ലാസയോട് ചേര്‍ന്നാണ് പാര്‍ക്ക് വരുന്നത്. ആര്‍ക്കിടെക്ട് പ്രശാന്ത് തയ്യാറാക്കിയ രൂപരേഖയ്ക്ക് കോര്‍പ്പറേഷന്‍ അന്തിമ അംഗീകാരം നല്‍കി. രൂപരേഖ കിഡ്‌സണ്‍ കോര്‍ണറിലെ വ്യാപാരികള്‍ക്ക് മുമ്പാകെ അവതരിപ്പിച്ചു.

250 കാറുകള്‍ യന്ത്രങ്ങളുടെ സഹായത്തോടെ പാര്‍ക്ക് ചെയ്യാവുന്ന തരത്തില്‍ പരമാവധി ഒതുക്കിയാണ് കെട്ടിടം പണിയാനുദ്ദേശിക്കുന്നത്. കടമുറികള്‍ ഭൂഗര്‍ഭ നിലയിലേക്ക് മാറ്റുകയും ചെയ്യും. 23 സെന്റ് (10020 ചതുരശ്രയടി) സ്ഥലത്താണ് കിഡ്‌സണ്‍ കോര്‍ണര്‍ കെട്ടിടമുള്ളത്. 6.89 സെന്റ് സ്ഥലത്ത് പാര്‍ക്കിങ് കേന്ദ്രം നിര്‍മിക്കുകയും ബാക്കി 15 സെന്റ് പാര്‍ക്കായി നിലനിര്‍ത്തുകയും ചെയ്യും.

രൂപരേഖ പ്രകാരം, കിഡ്‌സണ്‍ കോര്‍ണര്‍ ജങ്ഷനില്‍ നിന്നുതന്നെ പാര്‍ക്കിങ് പ്ലാസ വളപ്പിലേക്ക് പ്രവേശിക്കാം. ആംഫി തിയേറ്റര്‍ മാതൃകയില്‍, അര്‍ധവൃത്താകൃതിയില്‍ പല തട്ടുകളിലായുള്ള പടവുകള്‍ ആളുകള്‍ക്ക് ഇരിപ്പിടങ്ങളായി ഉപയോഗപ്പെടുത്താം. റോഡിലേക്ക് ഇറങ്ങുന്നഭാഗത്തും ഇരിക്കാന്‍പാകത്തിലുള്ള പടിക്കെട്ടുകളും തിട്ടകളും ഉണ്ടാകും. സെന്‍ട്രല്‍ ലൈബ്രറിക്കും കോര്‍പ്പറേഷന്‍ കെട്ടിടത്തിനും ഇടയിലുള്ള വഴി ഇപ്പോള്‍ ആരും ഉപയോഗിക്കാതെ കിടക്കുകയാണ്. പദ്ധതി പൂര്‍ത്തിയാകുന്നതോടെ ഈയൊരു ഭാഗംകൂടി സജീവമാക്കിയെടുക്കാം. പാര്‍ക്കിങ് കെട്ടിടത്തിന്മേല്‍ പരസ്യഹോര്‍ഡിങ്ങുകളും ടെലിവിഷന്‍ പരിപാടികളും സിനിമയും ഫുട്‌ബോളുമൊക്കെ തത്സമയം പ്രദര്‍ശിപ്പിക്കുന്നതിനുള്ള കൂറ്റന്‍ ബോര്‍ഡുകളും സ്ഥാപിക്കാം. താഴേക്ക് ഇറങ്ങിയാല്‍ കടകള്‍ക്ക് നടുവിലായി നടുമുറ്റം പോലൊരു ഇടം കാണാനാകും.

അല്പം മുകളിലേക്ക് ഉയര്‍ത്തിക്കെട്ടിയ മേല്‍ക്കൂരയോടുകൂടിയ നടുമുറ്റം പൊതുപരിപാടികള്‍ക്ക് അനുയോജ്യമാംവിധത്തിലായിരിക്കും നിര്‍മിക്കുക. ചിത്രപ്രദര്‍ശനം, ഫ്‌ളാഷ് മോബ്, തെരുവുനാടകം തുടങ്ങിയവയ്ക്ക് ഇവിടം ഉപയോഗപ്പെടുത്താനാകും. കുടുംബശ്രീ ഉത്പന്നങ്ങളും ജൈവ ഉത്പന്നങ്ങളും കരകൗശല വസ്തുക്കളുമൊക്കെ കിയോസ്‌കുകളില്‍ വില്പനയ്ക്ക് എത്തിക്കാം. ചുറ്റുമായി കടകള്‍ക്കുള്ള സൗകര്യവും ഉണ്ടായിരിക്കും.

ആളുകള്‍ക്ക് ഒത്തുകൂടാന്‍ കൂടുതല്‍ ഇടങ്ങള്‍ വേണ്ടതുണ്ട് എന്നതിനാലാണ് ചെറിയൊരു പാര്‍ക്ക് രൂപരേഖയില്‍ ഉള്‍പ്പെടുത്തിയതെന്ന് ആര്‍ക്കിടെക്ട് പ്രശാന്ത് പറയുന്നു. പണ്ടൊക്കെ ഞങ്ങള്‍ കൂട്ടുകാര്‍ ഒത്തുകൂടിയിരുന്ന സ്ഥലമായിരുന്നു ഇത്. മതില്‍ക്കെട്ടുകളായിരുന്നു ഇരിപ്പിടം. മനുഷ്യരും കെട്ടിടങ്ങളും നിറയുന്ന നഗരത്തില്‍ ഇത്തരം ഇടങ്ങള്‍ വീണ്ടെടുക്കേണ്ടതുണ്ട്. തിരക്കേറിയ ഒരു നഗരത്തില്‍ 33 ശതമാനം ഭാഗം തുറസ്സായ ഇടങ്ങള്‍ ആയിരിക്കണമെന്നാണ് നിബന്ധന. എന്നാല്‍, കോഴിക്കോട് നഗരത്തില്‍ ഇത് മൂന്ന് ശതമാനമാണ്. പുതിയ മാസ്റ്റര്‍പ്ലാന്‍ പ്രകാരം വീണ്ടും പകുതിയായി കുറയും -അദ്ദേഹം പറയുന്നു.


കിഡ്സൺ കോർണറിൽ നിർമിക്കുന്ന പാർക്കിങ് പ്ലാസയുടെ രൂപരേഖ