കോഴിക്കോട്:മിഠായിത്തെരുവിൽ വാഹനങ്ങൾ നിരോധിക്കില്ലെന്നും ചില നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്നും കലക്ടർ യു.വി. ജോസ്. വ്യാപാരികൾക്കു ദോഷമുണ്ടാക്കുന്നതൊന്നും ചെയ്യില്ല. ഗതാഗത നിയന്ത്രണം ഏതു തരത്തിൽവേണമെന്ന് നിശ്ചയിക്കാൻ ഒരുതലത്തിൽകൂടി ചർച്ച നടത്തേണ്ടതുണ്ട്. മിഠായിത്തെരുവിലെ വ്യാപാരികളുമായുള്ള മുഖാമുഖത്തിൽ പ്രസംഗിക്കുകയായിരുന്നു കലക്ടർ. മിഠായിത്തെരുവിന്റെ രാവുകൾക്കു ഭംഗിപകരാൻ മനോഹരമായ വൈദ്യുതി വിളക്കുകൾ ഒരുങ്ങുകയാണ്.
ഇതിന്റെ പരിപാലനം സ്വകാര്യ ഏജൻസിയെ ഏൽപിക്കും. അതിനുള്ള ചെലവ് വിളക്കുകളിൽ വയ്ക്കുന്ന പരസ്യങ്ങളിലൂടെയാണ് കണ്ടെത്തുക. തറയിൽ പാകിയ കോബിൾ സ്റ്റോണിന്റെ പരിപാലനവും തെരുവു വൃത്തിയാക്കുന്നതും തൽക്കാലം ഊരാളുങ്കൽ സൊസൈറ്റി തന്നെ ഏറ്റെടുക്കും. പിന്നീട് സ്വകാര്യ ഏജൻസിക്ക് കൈമാറും. പാകിയ കല്ലുകൾക്കിടയിലെ അഴുക്കുകൾ യന്ത്രമുപയോഗിച്ച് വലിച്ചെടുക്കുകയാണു ചെയ്യുക. തെരുവ് സിസിടിവി ക്യാമറകളുടെ നിരീക്ഷണത്തിലാക്കും.
ഏതാനും ദിവസങ്ങൾക്കകം മുഖ്യമന്ത്രി നിർവഹിക്കാൻ പോകുന്ന നവീകരിച്ച തെരുവിന്റെ ഉദ്ഘാടനം ഗംഭീരമാക്കാൻ വ്യാപാരികളുടെ സഹകരണവും കലക്ടർ അഭ്യർഥിച്ചു. കോഴിക്കോടിന്റെ പൈതൃകമൊന്നും നാലാളുകാണാൻ വിധം പ്രദർശിപ്പിക്കാൻ നമുക്കു കഴിഞ്ഞിട്ടില്ല. ഗുജറാത്തി തെരുവും കുറ്റിച്ചിറയും വലിയങ്ങാടിയുമെല്ലാം സഞ്ചാരികൾക്കു വിരുന്നാകും വിധം ഒരുക്കാനുള്ള പദ്ധതി വരുന്നുണ്ടെന്നും യു.വി. ജോസ് പറഞ്ഞു.
കേരള വ്യാപാരി വ്യവസായി ഏകോപനസമിതി സംഘടിപ്പിച്ച പരിപാടിയിൽ വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി. നസിറുദ്ദീൻ അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി കെ. സേതുമാധവൻ, എ.വി.എം. കബീർ, എം. ഷാഹുൽ ഹമീദ്, കെ.പി. അബ്ദുൽ റസാഖ്, കെ.എം. ഹനീഫ, എം.കെ. ഗംഗാധരൻ, പി.വി. ഉസ്മാൻ കോയ തുടങ്ങിയവർ പ്രസംഗിച്ചു.