കോഴിക്കോട്:മൂന്നു വർഷത്തോളമായി പ്രവർത്തിക്കാതെ കിടക്കുന്ന വെസ്റ്റ്ഹിൽ പ്ലാസ്റ്റിക് പുനഃചംക്രമണ പ്ലാന്റിന്റെ നടത്തിപ്പ് ഇനി വേങ്ങേരി നിറവിന്. ഇന്നലെ ചേർന്ന കോർപറേഷൻ കൗൺസിൽ യോഗം ഇതു സംബന്ധിച്ച അംഗീകാരം നൽകി. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് കോർപറേഷന്റെ നേതൃത്വത്തിൽ പ്ലാന്റിലെത്തിക്കുന്ന പ്ലാസ്റ്റിക് തരംതിരിച്ച് പുനഃചംക്രമണം നടത്തും.
തുടർന്ന് അസംസ്കൃത വസ്തുക്കളായി ക്ലീൻ കേരള കമ്പനിയടക്കമുള്ള ആവശ്യക്കാർക്കു നൽകും. മൂന്നു വർഷത്തേക്കാണ് നിറവിന്റെ കരാർ. ഇക്കാലയളിൽ മാസം 30,000 രൂപ വീതം നിറവ് കോർപറേഷനു നൽകും. വൈദ്യുതി ഇനത്തിലുള്ള ചെലവും നിറവുതന്നെ വഹിക്കും. നിലവിൽ സെൻട്രൽ മാർക്കറ്റിലെ ബയോഗ്യാസ് പ്ലാന്റിന്റെ നടത്തിപ്പും നിറവാണ് ഏറ്റെടുത്തിരിക്കുന്നത്.