നവജാതശിശുക്കളുടെ സങ്കീര്‍ണ ഹൃദയ ശസ്ത്രക്രിയകള്‍ക്ക് ഇനി തെക്കൻ കേരളത്തേ ആശ്രയിക്കേണ്ട



കോഴിക്കോട്: നവജാതശിശുക്കളുടെ സങ്കീര്‍ണ ഹൃദയ ശസ്ത്രക്രിയകള്‍ സംസ്ഥാന സര്‍ക്കാരിന്റെ 'ഹൃദ്യം' പദ്ധതിയില്‍പ്പെടുത്തി സൗജന്യമായി നടത്താന്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് സൂപ്പര്‍ സ്പെഷ്യാലിറ്റിയില്‍ സംവിധാനം വരുന്നു. ജനുവരി പകുതിയോടെ ഇതിനുള്ള സജ്ജീകരണങ്ങള്‍ പൂര്‍ത്തിയാവുമെന്ന് ഹൃദ്യം ജില്ലാ പ്രോജക്ട് മാനേജര്‍ ഡോ. ഇ. ബിജോയ് പറഞ്ഞു. കോഴിക്കോട് മെഡിക്കല്‍ കോളേജിനെ ബുധനാഴ്ച ഹൃദ്യം പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

വെന്റിലേറ്ററുകള്‍, കുട്ടികളുടെ ചൂട് ക്രമീകരിക്കാനുള്ള ഉപകരണം, മോണിറ്റര്‍ എന്നിവയുള്‍പ്പെടെ വാങ്ങാനും
ഐ.സി.യു. നവീകരണത്തിനുമായി ദേശീയ ആരോഗ്യമിഷന്‍ പദ്ധതിയില്‍നിന്ന് 45 ലക്ഷം രൂപ അനുവദിച്ചു. ഉപകരണങ്ങള്‍ വാങ്ങാന്‍ സംസ്ഥാന മെഡിക്കല്‍ കോര്‍പ്പറേഷന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഹൃദയശസ്ത്രക്രിയയ്ക്ക് വിധേയരാവുന്ന കുട്ടികള്‍ക്കുവേണ്ടി മാത്രമായി ആറു സ്റ്റാഫ് നഴ്സുമാരെ നിയമിക്കും. കൂടാതെ മറ്റിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന പീഡിയാട്രിക് കാര്‍ഡിയാക് അനസ്തറ്റിസ്റ്റ്, പീഡിയാട്രിക് കാര്‍ഡിയോളജിസ്റ്റ് എന്നിവരുടെ സേവനം താത്കാലികമായി ഉപയോഗപ്പെടുത്തും. ദേശീയ ആരോഗ്യ മിഷനില്‍ ഉള്‍പ്പെടുത്തി ഇവരെ നിയമിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് ശുപാര്‍ശ നല്‍കിയിട്ടുണ്ട്.
ശസ്ത്രക്രിയാ സംവിധാനങ്ങള്‍ നിലവിലുണ്ടെങ്കിലും അതു കഴിഞ്ഞുള്ള പരിചരണമാണ് മെഡിക്കല്‍ കോളേജില്‍ പ്രതിസന്ധിയായുള്ളത്. ഇതു മറികടക്കാനാണ് നവീകരണം. എങ്കിലും അതിസങ്കീര്‍ണമായ ശസ്ത്രക്രിയകള്‍ക്കായി കുട്ടികളുടെ ഹൃദ്രോഗചികിത്സ യൂണിറ്റ് തുടങ്ങണമെന്ന് മെഡിക്കല്‍ കോളേജ് അധികൃതര്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.


  • ആറു ജില്ലകള്‍ക്ക് പ്രയോജനം


ഹൃദ്യം പദ്ധതിയില്‍പ്പെടുത്തുന്ന മലബാര്‍ മേഖലയില്‍നിന്നുള്ള ആദ്യ ആശുപത്രിയാണിത്. അതുകൊണ്ടുതന്നെ പാലക്കാടുമുതല്‍ കാസര്‍കോടുവരെയുള്ളവര്‍ക്ക് പ്രയോജനം ലഭിക്കും. നിലവില്‍ വടക്കന്‍ കേരളത്തിലുള്ളവര്‍ പദ്ധതിയുടെ പ്രയോജനം ലഭിക്കണമെങ്കില്‍ എറണാകുളംവരെ പോകേണ്ടിയിരുന്നു.
നാലുമാസത്തിനിടെ മലബാറില്‍നിന്ന് 181 പേര്‍ പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതില്‍ ഇതുവരെ നടന്ന 91 ശസ്ത്രക്രിയകള്‍ മധ്യ, തെക്കന്‍ കേരളത്തിലെ ആസ്?പത്രികളിലായിരുന്നു.

  • ഹൃദ്യം പദ്ധതി

18 വയസ്സിനു താഴെയുള്ളവര്‍ക്ക് സൗജന്യമായി ഹൃദയശസ്ത്രക്രിയ നടത്തുന്നതിനുള്ള സര്‍ക്കാര്‍ പദ്ധതി. ദേശീയ ആരോഗ്യമിഷനാണ് ഇതിന് നേതൃത്വം നല്‍കുന്നത്. ശസ്ത്രക്രിയയ്ക്കുള്ള ചെലവുമുഴുവന്‍ സര്‍ക്കാര്‍ വഹിക്കും. http://www.hridyam.in എന്ന വെബ്സൈറ്റില്‍ ശസ്ത്രക്രിയ ആവശ്യമുള്ളവര്‍ക്ക് രജിസ്റ്റര്‍ചെയ്യാം. കൂടുതല്‍ സംശയങ്ങള്‍ക്ക് ജനറല്‍ ആസ്?പത്രികളിലെ ഡി.ഇ.ഐ.സി.യെ സമീപിക്കാം. (ചിലയിടങ്ങളില്‍ താലൂക്ക് ആശുപത്രികളിലാണ് ഇവ പ്രവര്‍ത്തിക്കുന്നത്).


  • നിലവില്‍ ഹൃദ്യത്തില്‍ ഉള്‍പ്പെട്ട ആശുപത്രികള്‍


ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം, ഗവ. മെഡിക്കല്‍ കോളേജ്, കോട്ടയം, അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്, കൊച്ചി, ആസ്റ്റര്‍ മെഡിസിറ്റി, കൊച്ചി, ലിസി ആശുപത്രി, കൊച്ചി ബിലീവേഴ്സ് ചര്‍ച്ച് മെഡിക്കല്‍ കോളേജ്, തിരുവല്ല.