കിനാലൂരിൽ സ്ത്രീകൾക്കു വേണ്ടി വസ്ത്രവ്യവസായ യൂണിറ്റ് തുടങ്ങുമെന്ന് മന്ത്രി



കോഴിക്കോട്:കിനാലൂർ വ്യവസായ വികസന കേന്ദ്രത്തിൽ സ്ത്രീകൾക്കുവേണ്ടി ഗാർമെന്റ് വ്യവസായ യൂണിറ്റ് ആരംഭിക്കുമെന്ന് മന്ത്രി എ.സി. മൊയ്തീൻ. കിനാലൂരിൽ മാതൃകാ വ്യവസായ കെട്ടിട സമുച്ചയത്തിന്റേയും വ്യവസായ പാർക്കിന്റെ രണ്ടാം ഘട്ട വികസന പ്രവർത്തനങ്ങളുടേയും ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

സ്ത്രീകൾക്കു വേണ്ടി വ്യവസായ വകുപ്പ് ഒരു നയം പ്രഖ്യാപിച്ചിട്ടുണ്ട്. നമ്മുടെ നാട്ടിൽ ലഭിക്കുന്ന ഉൽപന്നങ്ങളുൾപ്പെടെ ഉപയോഗിച്ച് സംരംഭങ്ങൾ ആരംഭിച്ചാൽ കൃഷിക്കാരനേയും ചെറുകിടക്കാരനേയും സഹായിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു. 14 കോടി രൂപ ചെലവിലാണ് 60,000 സ്ക്വയർഫീറ്റ് വരുന്ന മാതൃകാ വ്യവസായ സമുച്ചയം നിർമിച്ചത്.

70 ഏക്കറിൽ എല്ലാ അടിസ്ഥാന സൗകര്യങ്ങളോടും കൂടിയാണ് രണ്ടാം ഘട്ട വികസനം നടപ്പാക്കുന്നത്. ഇതിനു 30 കോടി രൂപയാണ് മുടക്കുന്നതെന്നും മന്ത്രി പറഞ്ഞു. പുരുഷൻ കടലുണ്ടി എംഎൽഎ അധ്യക്ഷത വഹിച്ചു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. പ്രതിഭ, പഞ്ചായത്ത് പ്രസിഡന്റ് വി.എം. കമലാക്ഷി, നജീബ് കാന്തപുരം, കെ. അഹമ്മദ്കോയ, പി.കെ.നാസർ, പി.കെ. ഷൈനി, ഇ.വി. അബ്ദുൽ ലത്തീഫ്, കെ.കെ. കൃഷ്ണകുമാർ, സൈമൺ സക്കറിയ, പി.പി. മുസമ്മിൽ, ഇസ്മായിൽ കുറുമ്പൊയിൽ, ടി.എം. ശശി, കോട്ടയിൽ മുഹമ്മദ്, കോളോറ ശ്രീധരൻ, അബ്ദുൽ സലാം, ഷാനവാസ്, രാജേഷ് കായണ്ണ, കെഎസ്ഐഡിസി എംഡി ഡോ. എം. ബീന, ജനറൽ മാനേജർ കെ.ജി. അജിത് കുമാർ എന്നിവർ പ്രസംഗിച്ചു.