ആദ്യ ഹോം മാച്ചിൻ ഗോകുലം കേരള എഫ്സി ഇന്നിറങ്ങുന്നു


കോഴിക്കോട്:ആരാധകർ ഹൃദയം തന്നാൽ വിജയം തിരിച്ചുതരാമെന്ന് ഉറപ്പുപറഞ്ഞ് ഗോകുലം കേരള എഫ്സി ഇന്നിറങ്ങുന്നു. ഐ ലീഗിലെ ആദ്യ ഹോം മാച്ചിൽ ചെന്നൈ സിറ്റി എഫ്സിയെയാണു നേരിടുന്നത്. കോർപറേഷൻ സ്റ്റേഡിയത്തിൽ മൽസരം രാത്രി എട്ടിനുതുടങ്ങും. 50 രൂപയുടെ ടിക്കറ്റുകൾ കെഡിഎഫ്എ ഓഫിസിലും സ്റ്റേഡിയത്തിലെ കൗണ്ടറുകളിലും രാവിലെ 10 മുതൽ വിതരണം ചെയ്യും. ഇരുടീമിലും വിദേശതാരങ്ങളും പോരാട്ടത്തിനിറങ്ങുന്നുവെന്നത് ആവേശം വർധിപ്പിക്കുന്നുണ്ട്. .

ഗോകുലം കേരളയിൽ അഫ്ഗാനിസ്ഥാൻ, ഘാന, നൈജീരിയ, കാമറൂൺ, കോംഗോ, ഉസ്ബക്കിസ്ഥാൻ, സിറിയ എന്നീരാജ്യങ്ങളിൽനിന്നുള്ള താരങ്ങളാണെത്തിയിരിക്കുന്നത്. ഒരുകളിയിൽ ടീമിൽ അഞ്ചുവിദേശികൾ വരെയാകാം. ചെന്നൈ ടീമിൽ ഫ്രഞ്ച്, ബ്രസീൽ താരങ്ങളുമുണ്ട്. ആദ്യമൽസരങ്ങളിൽ പരാജയപ്പെട്ട ഗോകുലവും ചെന്നൈയും ഇനിയും പോയിന്റുകൾ നഷ്ടപ്പെടാതിരിക്കാനുള്ള കഠിന പ്രയത്നമായിരിക്കും നടത്തുക.

പുതിയ ടീമായ ഗോകുലത്തിന്റെ താരങ്ങളുടെ പരിചയക്കുറവ് പരിഹരിക്കാനും ആദ്യകളികൾ പ്രയോജനപ്പെടുത്തണം. ആദ്യകളിയിൽ അവസരങ്ങൾ സൃഷ്ടിക്കുന്നതിൽ മികച്ചുനിന്ന ഗോകുലം ടീം പക്ഷേ, അവസരങ്ങൾ മുതലാക്കുന്നതിൽ പരാജയപ്പെട്ടു.  ഈ കുറവു നികത്താനായിരിക്കും ടീമിന്റെ പരിശ്രമം.

ഷില്ലോങ്ങിൽ ലജോങ്ങുമായുള്ള കളിയിൽ കടുത്തതണുപ്പായിരുന്നു ഗോകുലത്തിന്റെ വെല്ലുവിളിയെങ്കിൽ കോഴിക്കോട്ടെത്തിയ ചെന്നൈ ടീമിന് കാലാവസ്ഥ ഒരു ഭീഷണിയല്ല. ചെറുപ്പക്കാരായ താരങ്ങളുടെ പ്രകടനത്തിലാണ് ടീമിന്റെ പ്രതീക്ഷ. ഇതോടൊപ്പം കഴിഞ്ഞ ഐ ലീഗ് കളിച്ച മൂന്നുപേരും ചെന്നൈ ടീമിലുണ്ട്.

വിദ്യാർഥികൾക്കും അക്കാദമികൾക്കും പ്രവേശനം സൗജന്യം

കോഴിക്കോട് ∙ സ്കൂൾ, കോളജ് വിദ്യാർഥികൾക്കും ഫുട്ബോൾ അക്കാദമി താരങ്ങൾക്കും ഇന്നത്തെ മൽസരം സൗജന്യമായി കാണാൻ അവസരം. സ്കൂൾ, കോളജ് തിരിച്ചറിയൽ കാർഡുകൾ ഗാലറി ഗേറ്റിൽ കാണിച്ചാൽ പ്രവേശനം ലഭിക്കും. കെഡിഎഫ്എയുമായി അഫിലിയേറ്റ് ചെയ്തിരിക്കുന്ന ഫുട്ബോൾ അക്കാദമികളിലെ താരങ്ങൾക്ക് പ്രവേശനം ലഭിക്കാൻ അക്കാദമി ലെറ്റർ ഹെഡിൽ പേരുകളെഴുതി കെഡിഎഫ്എ ഓഫിസിൽ നൽകിയാൽ മതി.

ഗോകുലം ടീം, വിവ കേരളയാകില്ല:കോച്ച് ബിനോ ജോർജ്

കേരളത്തിൽനിന്ന് നേരത്തേ ഐ ലീഗ് കളിച്ച വിവ കേരളയുടെ വിധിയായിരിക്കില്ല ഗോകുലം കേരള എഫ്സിക്കെന്നു കോച്ച് ബിനോ ജോർജ്. വിവ കേരളയ്ക്ക് ഒട്ടേറെ പരിമിതികളുണ്ടായിരുന്നു. അതിനുനടുവിൽനിന്നാണ് ടീം പരമാവധി പരിശ്രമിച്ചത്. എന്നാൽ ഗോകുലം കേരള വളരെ പ്രഫഷനലായ ടീമാണ്.

മറ്റേതൊരു ടീമിലെയും താരങ്ങളോടു കിടപിടിക്കുന്ന താരങ്ങളെ തന്നെയാണ് ക്ലബ് കളത്തിലിറക്കിയിരിക്കുന്നത്. സമയക്കുറവുമാത്രമാണ് ടീമിന് പ്രതിസന്ധിയുണ്ടാക്കിയത്. അതുമറികടക്കാനാകുമെന്നും  പറഞ്ഞു. വിവ കേരളയുടെ അസിസ്റ്റന്റ് കോച്ചായിരുന്നു ബിനോ.