കിനാലൂരില്‍ ആശു​പത്രിമാലിന്യ പ്ലാന്റ് നിര്‍മാണപ്രവൃത്തി നാട്ടുകാര്‍ തടഞ്ഞു

ആശു​പത്രിമാലിന്യ പ്ലാന്റിനെതിരേ കിനാലൂരില്‍ നടന്ന പ്രകടനം  


കോഴിക്കോട്: കിനാലൂര്‍ വ്യവസായ കേന്ദ്രത്തിനടുത്ത് ആസ്​പത്രിമാലിന്യ പ്ലാന്റ് നിര്‍മാണത്തിനെത്തിയ സംഘത്തെ നാട്ടുകാര്‍ തടഞ്ഞു. വന്‍പോലീസ് സന്നാഹത്തോടെയായിരുന്നു പ്ലാന്റ് നിര്‍മാണക്കമ്പനി കിനാലൂരിലെത്തിയത് . വിവരമറിഞ്ഞെത്തിയ നാട്ടുകാര്‍ നിര്‍മാണം നടത്താന്‍ അനുവദിക്കില്ലെന്ന നിലപാടെടുത്തു. കമ്പനി അധികൃതര്‍ സമരനേതാക്കളുമായി ചര്‍ച്ച നടത്തിയെങ്കിലും തീരുമാനമായില്ല. ആസ്​പത്രിമാലിന്യ സംസ്‌കരണ പ്ലാന്റ് സ്ഥാപിക്കാന്‍ അനുവദിക്കില്ലെന്ന ഉറച്ച നിലപാടിലാണ് കര്‍മസമിതി പ്രവര്‍ത്തകര്‍. അഞ്ച് ജില്ലകളില്‍ നിന്നുള്ള ആസ്​പത്രിമാലിന്യം സംസ്‌കരിക്കാനുള്ള പ്ലാന്റാണ് കിനാലൂര്‍ വ്യവസായകേന്ദ്രത്തില്‍ നിര്‍മിക്കുന്നത്. പ്ലാന്റ് നിര്‍മിക്കാന്‍ ആവശ്യമായ സ്ഥലം വ്യവസായവകുപ്പ് നേരത്തേ അനുവദിച്ചിരുന്നു. പ്രദേശവാസികളുടെ എതിര്‍പ്പിനെത്തുടര്‍ന്ന് നിര്‍മാണപ്രവൃത്തി നിര്‍ത്തിവെക്കുകയാണുണ്ടായത്. കര്‍മസമിതിയുടെ നേതൃത്വത്തില്‍ കിനാലൂരില്‍പ്ലാന്റിനെതിരേ പ്രതിഷേധപ്രകടനം നടത്തി. വിവിധ കക്ഷിനേതാക്കളായ ഇസ്മയില്‍ കുറുമ്പൊയില്‍. ബഷീര്‍ കിനാലൂര്‍, ടി.വി. പ്രജീഷ്, തങ്കപ്പന്‍, മുഹമ്മദ് എന്നിവര്‍ നേതൃത്വം നല്‍കി.