കോഴിക്കോട് നഗരത്തിൽ കുടുങ്ങിയ ലക്ഷദ്വീപ് യാത്രക്കാർ ബേപ്പൂരിലെ ദ്വീപ് തുറമുഖ ഓഫിസിനു മുൻപിൽ നടത്തിയ ഉപരോധം. |
കഴിഞ്ഞ 30നു വൈകിട്ട് ബേപ്പൂരിൽനിന്നു പുറപ്പെടേണ്ടിയിരുന്ന എംവി മിനിക്കോയ് കപ്പലിൽ ടിക്കറ്റെടുത്ത യാത്രക്കാരാണ് അധികൃതരുടെ അനാസ്ഥയ്ക്കെതിരെ രംഗത്തെത്തിയത്. കപ്പൽ മുടങ്ങിയതിനാൽ നഗരത്തിലെ വിവിധ ലോഡ്ജുകളിലാണ് ദ്വീപ് നിവാസികൾ കഴിയുന്നത്.ദിവസം 600 രൂപ വരെ വാടക നൽകി കഴിയുന്നവർക്കു ലക്ഷദ്വീപ് ഗെസ്റ്റ് ഹൗസ് അനുവദിക്കാത്തതും യാത്രക്കാരെ രോഷാകുലരാക്കി.
നിയമപ്രകാരമുള്ള ആശ്വാസ സഹായമായി ദിവസം 150 രൂപ ദ്വീപ് അധികൃതർ അനുവദിക്കുന്നുണ്ട്. എന്നാൽ മിക്ക യാത്രക്കാരും തുക വാങ്ങാൻ തയാറായില്ല. കുടുംബസമേതം എത്തിയ ഓരോരുത്തർക്കും യാത്ര അനിശ്ചിതമായി നീളുന്നതിനാൽ ഭാരിച്ച സാമ്പത്തിക ചെലവു വരുന്നതായി പ്രതിഷേധത്തിനു നേതൃത്വം നൽകിയ സി.പി. സബൂർ ഹുസൈൻ പറഞ്ഞു.
ദ്വീപ് പോർട്ട് അസിസ്റ്റന്റ് യു. കുഞ്ഞിക്കോയയുമായി ബന്ധപ്പെട്ടെങ്കിലും കൃത്യമായ മറുപടി ലഭിച്ചില്ല. ഇതോടെ ലക്ഷദ്വീപ് കോ–ഓപറേറ്റീവ് മാർക്കറ്റിങ് ഫെഡറേഷൻ ഓഫിസിലെത്തി എംഡി സ്വാമിയകേതു മിശ്രയെ ഉപരോധിച്ചു. പ്രതിഷേധം തുടർന്നപ്പോൾ വി.കെ.സി. മമ്മദ്കോയ എംഎൽഎ സ്ഥലത്തെത്തി. കലക്ടർ യു.വി. ജോസുമായി ബന്ധപ്പെട്ടു ലക്ഷദ്വീപ് ഗെസ്റ്റ് ഹൗസ് തുറന്നു നൽകാമെന്ന് ഉറപ്പു നൽകി. തുടർന്നാണ് ഉപരോധം അവസാനിപ്പിച്ചു യാത്രക്കാർ മടങ്ങിയത്.