പുതിയപാലത്ത് ഒൻപതു മുതൽ ഗതാഗത നിരോധനം



കോഴിക്കോട്:പുതിയപാലത്തെ അപകട ഭീഷണി നേരിടുന്ന പാലത്തിലൂടെയുളള വാഹന ഗതാഗതം ഒൻപതു മുതൽ നിരോധിക്കാൻ കലക്‌ടർ യു.വി. ജോസിന്റെ അധ്യക്ഷതയിൽ ചേർന്ന ജനപ്രതിനിധികളുടെയും രാഷ്‌ട്രീയകക്ഷി പ്രതിനിധികളുടെയും യോഗം തീരുമാനിച്ചു. കാൽ നടയാത്രയും പരിമിതപ്പെടുത്തും. കൂട്ടത്തോടെ നടക്കുന്നതും നിയന്ത്രിക്കും.

പാലം അത്യധികം അപകടനിലയിലാണെന്ന ജലസേചനവകുപ്പിന്റെയും ജില്ലാ ദുരന്ത നിവാരണ വിഭാഗത്തിന്റെയും റിപ്പോർട്ടിന്റെ അടിസ്‌ഥാനത്തിലാണ് തീരുമാനം. പാലത്തിന്റെ രണ്ടു ഭാഗത്തേയും റാംബുകൾ ഒഴിവാക്കി പടികൾ കെട്ടാനും തീരുമാനിച്ചു. ഇതിന്റെ പ്രവൃത്തി രണ്ടു ദിവസത്തിനകം നടക്കും.

പാലത്തിൽ സുരക്ഷാ മുന്നറിയിപ്പ് ബോർഡുകൾ സ്‌ഥാപിക്കാനും കലക്‌ടർ നിർദേശം നൽകി. ഇവിടെ താൽക്കാലിക പാലം ജനകീയമായി നിർമിക്കുന്നതിനെകുറിച്ച് ആലോചിക്കാൻ 12ന് ആറിന് വ്യാപാര ഭവനിൽ യോഗം ചേരും. താൽക്കാലിക പാലം ജനകീയ കൂട്ടായ്‌മയിലൂടെ നിർമിക്കാൻ നാട്ടുകാർ മുന്നോട്ടു വന്നിരുന്നു. ഇതുസംബന്ധിച്ചു വിശദമായി ചർച്ച ചെയ്യാനാണ് യോഗം വിളിച്ചു ചേർക്കുന്നത്. യോഗത്തിൽ ദുരന്തനിവാരണ വിഭാഗം ഡപ്യൂട്ടി കലക്‌ടർ പി.പി. കൃഷ്‌ണൻകുട്ടി, ജലസേചന വകുപ്പ് എക്‌സിക്യൂട്ടിവ് എൻജിനീയർ പി. അജിത്‌കുമാർ എന്നിവർ പങ്കെടുത്തു.