ഗതാഗതക്കുരുക്കിൽ വലഞ്ഞ് ബാലുശേരി ടൗൺ



കോഴിക്കോട്:ബാലുശേരി ടൗണിൽ ഗതാഗതക്കുരുക്ക് രൂക്ഷമായി. ബാലുശേരി മുക്കിലെ റോഡിന്റെ ശോച്യാവസ്ഥയാണ് നിലവിൽ കുരുക്ക് സങ്കീർണമാക്കിയത്. മെയിൻ റോഡിൽ രാത്രി വൈകും വരെ വാഹനങ്ങളുടെ നീണ്ടനിരയാണ്. അറപ്പീടിക മുതൽ ബ്ലോക്ക് റോഡ് ജംക്‌ഷൻ വരെയാണ് വാഹനങ്ങളുടെ നിര നീളുന്നത്.

കോഴിക്കോട് ഭാഗത്തേക്കുള്ള ബസുകൾ പലപ്പോഴും കൈരളി റോഡിലൂടെയാണ് പോകുന്നത്. രോഗികളുമായി ആശുപത്രിയിലേക്ക് പോകുന്ന വാഹനങ്ങൾ വരെ കുരുക്കിൽ പെടുന്നു. ബൈപാസ് നിർമാണത്തിന്റെ പ്രാഥമിക നടപടികൾ പോലും തുടങ്ങാനായിട്ടില്ല. ടൗണിലെ യാത്രാക്ലേശം പരിഹരിക്കുന്നതിന് നടപടി വേണമെന്ന് ജെഡിയു നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.

ബൈപാസ് നിർമാണത്തിന് സത്വര നടപടികൾ വേണം. എൻ.നാരായണൻ കിടാവ് അധ്യക്ഷത വഹിച്ചു. ദിനേശൻ പനങ്ങാട്, സുജ ബാലുശേരി, സന്തോഷ് കുറുമ്പൊയിൽ, പി.കെ.ബാലൻ, കെ.പി.കുഞ്ഞായി, കൃഷ്ണൻകുട്ടിക്കുറുപ്പ് എന്നിവർ പ്രസംഗിച്ചു.