വടകര നഗരസഭാ മാസ്റ്റർ പ്ലാൻ: വിവിധ പദ്ധതികൾക്ക് എതിരെ പ്രതിഷേധം

മാസ്റ്റർ പ്ലാനിലെ നിർദിഷ്ട ഔട്ടർ റിങ് റോഡ് പദ്ധതി ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് വിവിധ റസിഡന്റ്സ് അസോസിയേഷനുകൾ നടത്തിയ നഗരസഭാ ഓഫിസ് മാർച്ച്


കോഴിക്കോട്:വടകര നഗരസഭ മാസ്റ്റർ പ്ലാനിലെ പദ്ധതികൾക്കെതിരെ പ്രതിഷേധം വ്യാപകമായി. ഔട്ടർ റിങ് റോഡിനെതിരെ നാടെങ്ങും കർമ സമിതികളുടെ നേതൃത്വത്തിൽ സമരങ്ങൾ നടന്നു വരുമ്പോൾ മറ്റു പദ്ധതിക‍ൾക്കെതിരായും പ്രതിഷേധമുയരുകയാണ്. നാരായണ നഗർ മൈതാനത്തോടു ചേർന്നുള്ള 24–ാം വാ‍ർഡിൽ സ്റ്റേഡിയം, ബസ്‌സ്റ്റാൻഡ് എന്നീ പദ്ധതികൾ നിർദേശിക്കപ്പെട്ടതാണ് പ്രശ്നത്തിനു കാരണം. ഇവിടെ താമസിക്കുന്നവർ നേരത്തേ സ്റ്റേഡിയത്തിനും പച്ചക്കറി മാർക്കറ്റ്, ഹൗസിങ് കോളനി തുടങ്ങിയ പദ്ധതികൾക്കും ഭൂമി വിട്ടു കൊടുത്തവരാണ്.

ഇതിനു പുറമെ വീണ്ടും ഇവിടെ പദ്ധതികൾ നടപ്പാക്കുന്നതിനെതിരെ നാട്ടുകാർ കർമ സമിതിയുണ്ടാക്കി. രമേശൻ അധ്യക്ഷത വഹിച്ചു. കെ. സുരേന്ദ്രൻ, മാണിക്കോത്ത് വിജയൻ, കൊയിലോത്ത് വിനോജ്, ചന്ദ്രൻ എന്നിവർ പ്രസംഗിച്ചു. കൗൺസിലർ ഗോപാലകൃഷ്ണൻ മാസ്റ്റർ പ്ലാൻ വിശദീകരിച്ചു. മാസ്റ്റർ പ്ലാൻ പ്രകാരം നഗരത്തിലെ ചീരാംവീട്ടിൽ പീടിക റോഡിലെ മൂന്നു റോഡുകൾ വീതി കൂട്ടുന്നതിനെതിരെ പ്രദേശവാസികൾ സമരത്തിനൊരുങ്ങുകയാണ്.

ഇവിടെയുള്ള ഒരു റോഡ് പന്ത്രണ്ട് മീറ്ററായും മറ്റൊന്ന് പത്തു മീറ്ററായും വികസിപ്പിക്കാനാണ് തീരുമാനം. ഇതു നടപ്പാക്കിയാൽ നാൽപ്പത്തി രണ്ടു കുടുംബത്തിന് വീടും മൂന്നു കടയും മൂന്നു കിണറും നഷ്ടപ്പെടും. ഇതു നടപ്പാക്കരുതെന്ന് കർമ സമിതി ആവശ്യപ്പെട്ടു. അശാസ്ത്രീയമായ റിങ് റോഡ് പദ്ധതി ഉപേക്ഷിക്കണമെന്ന് അറക്കിലാട് താഴ്‍വാരം റസിഡന്റ്സ് അസോസിയേഷനും മാക്കൂൽ പീടികയിലെ മാക്കൂൽ വെസ്റ്റ് റസിഡന്റ്സ് അസോസിയേഷനും ആവശ്യപ്പെട്ടു.